സെഞ്ചുറിയുമായി ശ്രേയസും രാഹുലും; നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

സെഞ്ചുറിയുമായി ശ്രേയസും രാഹുലും; നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ബെംഗളൂരു: നെതര്‍ലന്‍ഡ്‌സിനെതിരെ ടീം ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് അടിച്ചുകൂട്ടി.

നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും നല്‍കിയ മികച്ച തുടക്കം മുതലാക്കിയ ബാറ്റര്‍മാര്‍ എല്ലാവരും ആക്രമിച്ചു കളിച്ചതോടെ നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാര്‍ തളര്‍ന്നു. മൂന്നു മുന്‍നിര ബാറ്റര്‍മാരും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യരും കെഎല്‍ രാഹുലും സെഞ്ചുറി നേടി.



രോഹിത് ശര്‍മ (61), ഗില്‍ (51), കോലി (51), ശ്രേയസ് അയ്യര്‍ (128), കെഎല്‍ രാഹുല്‍ (102) എന്നിങ്ങനെയാണ് ആദ്യ അഞ്ചു ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ആദ്യം ബാറ്റിങ്ങില്‍ ആക്രമണം തുടങ്ങിയത് രോഹിത് ശര്‍മയായിരുന്നുവെങ്കില്‍ പിന്നീട് സ്‌കോറിംഗിന് വേഗം കണ്ടെത്തിയ ഗില്‍ 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

11.5 ഓവറില്‍ നൂറു റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ഗില്‍ മടങ്ങുന്നത്. അധികം താമസിയാതെ രോഹിത് ശര്‍മയും മടങ്ങി. തുടര്‍ന്ന് വിരാട് കോലിയും ശ്രേയസ് അയ്യരും ടീമിനെ 200 റണ്‍സിലെത്തിച്ചു.

അര്‍ധസെഞ്ചുറി പിന്നിട്ടതിനു പിന്നാലെ ബൗള്‍ഡായി കോലി മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ സഖ്യം നാലാം വിക്കറ്റില്‍ 208 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് കെഎല്‍ രാഹുല്‍ മടങ്ങുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏകടീമാണ് ഇന്ത്യ. ഇന്നത്തെ മല്‍സരത്തിലും ജയിക്കാനായാല്‍ തുടര്‍ച്ചയായ 9 മല്‍സരങ്ങള്‍ ജയിക്കുകയെന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തമാകും.

നിലവില്‍ 16 പോയിന്റോടെ ലീഗ് ചാമ്പ്യന്‍മാരായ ടീം ഇന്ത്യക്ക് ഇന്നത്തെ മല്‍സരം നിര്‍ണായകമല്ല. ഇന്നു തോറ്റാലും ലീഗ് ചാമ്പ്യന്‍മാരായി നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ ഇന്ത്യ ആദ്യ സെമിയില്‍ നേരിടും. നവംബര്‍ 15ന് ആണ് ആദ്യസെമി.

നവംബര്‍ 16ന് നടക്കുന്ന രണ്ടാം സെമിയില്‍ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.