ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്; കേരളത്തിലെ വരും കാല തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കും

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്; കേരളത്തിലെ വരും കാല തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കും

കൊച്ചി: കേരളത്തിനുള്ളില്‍ കൃഷി, വ്യവസായം, ബിസിനസ് എന്നിവ ഒന്നും ചെയ്യാന്‍ അനുവദിക്കാത്ത ഇവിടത്തെ എല്‍ഡിഎഫ്,യുഡിഎഫ് രാഷ്‌ട്രീയക്കാരും അഴിമതി കുത്തിനിറച്ചിരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും കണ്ടും അനുഭവിച്ചും മടുത്ത ക്രൈസ്തവരുടെ പുതിയ തലമുറ, യൂറോപ്പിലേക്കും അമേരിക്കയിലേക്കും രക്ഷപ്പെടുമ്പോള്‍, ക്രൈസ്തവർ ഞെട്ടലോടെ തിരിച്ചറിയുന്ന ഒരു സത്യമുണ്ട്. കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ താഴുകയാണ്. ക്രൈസ്തവർ അവര്‍ കടന്നുചെന്ന ഒരു നാടിനെയും സമ്പന്നമാക്കാതിരുന്നിട്ടില്ല. വിദ്യാഭ്യാസം കൊണ്ട്, കൃഷികൊണ്ട്, വ്യവസായം കൊണ്ട്, കച്ചവടം കൊണ്ട് എന്നിങ്ങനെ എല്ലാ മേഖലകളിലും തങ്ങളുടേതായ സംഭാവനകള്‍ സമര്‍പ്പിക്കുകയും അഭിമാനകരമായ ആധിപത്യം നേടുകയും ചെയ്യുക എന്നതാണ് ക്രൈസ്തവ സമൂഹത്തിന്റെ ശൈലി.

ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, ക്ഷേമ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ജെ.ബി.കോശി കമ്മീഷൻ ശിപാർശകൾ നടപ്പാക്കുന്നതിലെ കാലതാമസം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന്‌ തീർച്ചയാണ്. അതിനു പുറമേ ദളിത് ക്രൈസ്തവർ, മലയോരം, തീരദേശം, കുട്ടനാട് പ്രദേശത്തെ നെല്ലുവില എന്നീ മേഖലകളെ സംബന്ധിച്ചും ക്രൈസ്തവ പൈതൃകം സംരക്ഷിക്കുന്നതു സംബന്ധിച്ചുമുള്ള കമ്മീഷൻ ശിപാർശകൾ അതീവ പ്രാധാന്യമുള്ളതാണ്. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് പെട്ടിയിൽ അടച്ച് വയ്ക്കാനാണ് ഭാവമെങ്കിൽ ക്രൈസ്തവരുടെ കൂട്ടായ്മ്മയുടെ നേതൃത്വത്തിലുള്ള വൻ പ്രക്ഷോഭം കേരളത്തിലുണ്ടാകും.

അർഹിക്കുന്ന അവകാശങ്ങൾ ക്രൈസ്തവർക്ക് നിഷേധിക്കപ്പെടുന്നു

കുറച്ചു വർഷങ്ങളായി ന്യൂനപക്ഷ സമൂഹം എന്ന നിലയിൽ അർഹിക്കുന്ന അവകാശങ്ങൾ പോലും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കാണാൻ സാധിക്കുക. ഒരു കാലത്ത് സാമൂഹികമായ എല്ലാ തലങ്ങളിലും മുൻപന്തിയിൽ നിന്ന ഒരു സാഹചര്യം വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കുണ്ടായിരുന്നു. സാമുദായികമായി ക്രൈസ്തവ സമൂഹത്തിനുണ്ടായിരുന്ന മേൽക്കോയ്മ സാമൂഹികമായി എല്ലാവർക്കും സഹായകമായിരുന്നു. രാഷ്ട്രീയ, സാംസ്‌ക്കാരിക, കലാ സാഹിത്യ രംഗങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും ക്രൈസ്തവർക്ക് വ്യക്തമായ സ്ഥാനമുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നാൽ പല കാരണങ്ങൾകൊണ്ടും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെ സാമുദായികമായി ക്രൈസ്തവ സമൂഹം വളരെ പിന്നോക്കമായി മാറിക്കൊണ്ടിരിക്കുകയാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത് ആരെ സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണം? ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി നടപ്പാക്കണമെന്നുള്ളത് ക്രൈസ്തവരുടെ ഏറെ നാളായുള്ള ആവശ്യമാണ്.

നിർഭാഗ്യവശാൽ ക്രൈസ്തവ നാമധാരികളായ ഇടത് വലത് കക്ഷികളിലെ സാമാജികന്മാരിൽ
റോജി എം. ജോൺ ഒഴികെയുള്ള ഒരാൾ പോലും, ഒരിക്കൽ പോലും ക്രൈസ്തവർ അനുഭവിക്കുന്ന അനീതികളെ കുറിച്ചും, അരക്ഷിതാവസ്ഥയെക്കുറിച്ചും ബന്ധപ്പെട്ട സഭകളിൽ സംസാരിക്കാൻ തയ്യാറായില്ല. തങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ പേറുന്ന കണ്ണടയിലൂടെ ക്രൈസ്തവ സഭയെയും സമുദായങ്ങളെയും നോക്കി കണ്ട അവർക്ക്, അവനവന്റെ പ്രസ്ഥാനങ്ങൾ തരുന്ന ആശയങ്ങളാൽ സമ്പന്നമായ തലച്ചോറ് കൊണ്ട് ക്രൈസ്തവർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്നില്ല.

ക്രൈസ്തവ സ്വാധീനമുള്ള ലോകസഭാമണ്ഡലങ്ങൾ

ന്യൂനപക്ഷ സംരക്ഷകരായി അവകാശപ്പെടുന്ന ഇടത്, വലത് മുന്നണികള്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കാനോ പരിശോധിക്കാനോ പോലും തയാറാകുന്നില്ല.ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രത്യേകിച്ചുള്ള അടുപ്പമോ, അകൽച്ചയോ ഇല്ല എന്ന സഭയുടെ നിലപാടിനെ മറച്ചുവയ്ക്കുകയും ഇല്ലാത്ത രാഷ്ട്രീയ താൽപ്പര്യങ്ങൾ സഭയ്ക്കുണ്ട് എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തുവരുന്നുണ്ട്. ഇത്തരമൊരു സ്ഥിതിവിശേഷം കൂടുതൽ സങ്കീർണ്ണമാകാനുള്ള സാദ്ധ്യതകൾ ഗൗരവമായി കാണേണ്ടതുണ്ട്.

തൃശൂർ, ഇടുക്കി,കോട്ടയം, പത്തനംതിട്ട എറണാകുളം, ചാലക്കുടി എന്നീ ലോകസഭാ മണ്ഡലങ്ങളിൽ ക്രൈസ്തവരുടെ സഹായമില്ലാതെ ആർക്കെങ്കിലും വിജയിക്കാൻ സാധിക്കുമോ? സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും വിവിധ ന്യൂനപക്ഷ സമിതികളിൽ നിന്ന് ക്രൈസ്തവർ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിലെ കാലതാമസവും തെരഞ്ഞെടുപ്പുകളിൽ വലിയ ചർച്ചക്ക് വഴിതെളിക്കും.

ക്രൈസ്തവർ ആരുടെയും സ്ഥിരനിക്ഷേപ വോട്ടു ബാങ്കല്ല

മതേതരത്വം പ്രസംഗിക്കുകയും അതേസമയം മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരുവാന്‍ ഇടത്താവളമൊരുക്കുകയും ചെയ്യുന്നമുന്നണികളെ പിന്തുണയ്ക്കാന്‍ ഒരിക്കലും ക്രൈസ്തവ സമുദായത്തിനാകില്ല. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലേയ്ക്ക് മാത്രമല്ല, പൊതുഭരണ സംവിധാനങ്ങളിലുടനീളം ചില തീവ്രവാദ ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി സ്വാധീനവലയം സൃഷ്ടിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. സ്ഥിരനിക്ഷേപ വോട്ടുബാങ്ക് എന്നതിൽ നിന്ന് മാറി ചിന്തിച്ച് സമുദായപക്ഷ നിലപാടെടുക്കാന്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമൂഹം ചിന്തിക്കുന്നു.

രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി നിഷ്പക്ഷമായി കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷവകുപ്പ് മതപ്രീണനത്തിന്‍റെ ഭാഗമായി കൈമാറിയത് ക്രൈസ്തവരുടെ ആശങ്ക വര്‍ദ്ധിപ്പിച്ച സംഗതിയാണ്. തീവ്രവാദത്തോടുള്ള സര്‍ക്കാരിന്‍റെ മൃദുസമീപനം, രൂക്ഷമായ തൊഴിലില്ലായ്മ, അമിതമായ മയക്കുമരുന്ന് കടത്തും ഉപയോഗവും, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ജപ്തിനടപടികള്‍ നേരിടുന്ന കര്‍ഷകര്‍, കടംകയറി മുടിഞ്ഞിട്ടും ധൂർത്തടിക്കുന്ന സര്‍ക്കാര്‍, പ്രതീക്ഷ നഷ്ടപ്പെട്ട് രാജ്യംവിട്ടു പോകുന്ന യുവജനത, ദുര്‍ബലമായ പ്രതിപക്ഷം എന്നിവ സമൂഹത്തില്‍ ഉയര്‍ത്തിയ അസംതൃപ്തി പുരോഗമനപരമായി ചിന്തിക്കുന്ന ക്രൈസ്തവരെ ഇന്ന് ഏറെ നിരാശരാക്കിയിട്ടുണ്ട്.

1956 -ല്‍ രൂപംകൊണ്ടതു മുതല്‍ നിലനിന്നിരുന്ന കേരളത്തിന്‍റെ മനോഹരമായ മതേതര, സാംസ്കാരിക മുഖം ഇന്ന് എത്രയോ മാറിയിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ ചിലരുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഇവിടെ രൂപപ്പെട്ടത്. യുഡിഎഫിന്‍റെ കാലത്തെ അഞ്ചാം മന്ത്രി വാദത്തിനു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിധേയപ്പെട്ടതും അശാസ്ത്രീയമായ സംവരണാനുകൂല്യം നിര്‍ത്തലാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ ഒരു വിഭാഗത്തെ മാത്രം സന്തോഷിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയില്‍ പോയതുമെല്ലാം ഇടത്, വലത് രാഷ്ട്രീയം അകപ്പെട്ട ഗൂഢമായ സ്വാധീനത്തിന്‍റെ ഫലമാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഈ അവസ്ഥ തുടര്‍ന്നാല്‍ തങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയെ നേരിടുമെന്ന ചിന്ത ക്രൈസ്തവരെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഈ പശ്ചാത്തലം ക്രൈസ്തവരെ മാറി ചിന്തിപ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

കേരളത്തിൽ ഉണ്ടാകുന്ന ശക്തമായ ക്രൈസ്‌തവ ധ്രുവീകരണം

തങ്ങൾക്കെതിരെ ഈ നാട്ടിലെ സാമൂഹിക - രാഷ്ട്രീയ വ്യവസ്ഥിതി മെനഞ്ഞ ഗൂഡാലോചനകളും അവഗണനകളും തകർത്തു കൊണ്ട് സ്വന്തം വിശ്വാസത്തെയും സംസ്കാരത്തെയും ചേർത്ത് പിടിച്ച് മുന്നേറാൻ ഓരോ വിശ്വാസിയെയും പ്രേരിപ്പിക്കുന്ന ഒരു ധ്രുവീകരണം ക്രൈസ്തവരുടെ ഇടയിൽ ഉണ്ടായിട്ടുണ്ട്. കാസർകോട് മുതൽ കന്യാകുമാരിവരെ അത് വ്യക്തമാണ്. കോൺഗ്രസ്, കമ്യൂണിസ്റ്റ്, കേരളാ കോൺഗ്രസ് രാഷ്ട്രീയ നാൾവഴികളിൽ ക്രൈസ്തവ സാന്നിധ്യങ്ങൾ ഒരിക്കൽ സജീവമായിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി ഇപ്പോൾ ദുർബ്ബലമായിരിക്കുന്നതും, വ്യക്തികൾക്കപ്പുറം ക്രൈസ്തവ സമൂഹത്തിന് പ്രത്യേക സ്വാധീന ശക്തി തീരെയും നഷ്ടപ്പെട്ടിരിക്കുന്നതും ഇന്നത്തെ ക്രൈസ്തവ ധ്രുവീകരണത്തിന് കാരണമാകുന്നു.

മാധ്യമങ്ങളോ അവർ നടത്തുന്ന ചർച്ചകളിൽ വന്നിരുന്ന് തോന്ന്യാസം പറയുന്ന സ്വയം പ്രഖ്യാപിത പണ്ഡിതരോ അല്ല ക്രൈസ്തവർ ഏങ്ങനെ ജീവിക്കണമെന്നും എന്തു നിലപാടെടുക്കണമെന്നും തീരുമാനിക്കേണ്ടത്. ഇത്തരക്കാർക്കൊന്നും ക്രൈസ്തവരുടെ മേൽ യാതൊരു സ്വാധീനവുമില്ല എന്നു തെളിയിക്കുന്നതാണ് ക്രൈസ്തവർ ഈ അടുത്തകാലത്ത് നടത്തുന്ന ശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും അവരുടെ ഇടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങളും.

കേരളത്തിൽ ക്രൈസ്തവ വിശ്വാസികൾക്ക് ഉണ്ടായിരിക്കുന്ന ആശങ്കകൾ ദുരീകരിക്കാനുള്ള ഉത്തരവാദിത്വം ഭരണ -രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട്. പരിഷ്‌കൃത സമൂഹങ്ങളുടെ മുഖമുദ്രയായ സത്യത്തിനും നീതിക്കും സമാധാനത്തിനും സമത്വത്തനും സാഹോദര്യത്തിനും വേണ്ടി എക്കാലത്തും എവിടെയും പ്രതിജ്ഞാബദ്ധരായി നിൽക്കുന്ന ക്രൈസ്തവസമൂഹം, അതിന് വിഘാതമായി സംഭവിക്കുന്ന ഒന്നിനോടും കൈയുംകെട്ടി നോക്കിനിൽക്കില്ല എന്ന സന്ദേശമാണ് ഇന്ന് കേരള ക്രൈസ്തവ സമൂഹം ഉയർത്തുന്നത്. അതിന്റെ ഭാഗമായി ശക്തമായ തീരുമാനങ്ങളിലേക്ക് ക്രൈസ്തവ സമൂഹം സംയുക്തമായി നീങ്ങുന്നുവെങ്കിൽ അതിന് നിദാനമായി ക്രൈസ്തവർ ഉയർത്തുന്ന വിഷയങ്ങളെ സുബോധത്തോടെയും മതേതരമൂല്യങ്ങൾ ഉൾക്കൊണ്ടും നിഷ്പക്ഷമായും കൈകാര്യം ചെയ്യുവാൻ ഇടത്, വലത് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.

സ്വത്വബോധം വീണ്ടെടുത്ത് ക്രൈസ്തവർ

ക്രൈസ്തവരെ ബാധിക്കുന്ന വിഷയങ്ങളെ പലപ്പോഴും രാഷ്ട്രീയമായി നേരിടാന്‍ കഴിഞ്ഞില്ല എന്നതാണ് ക്രൈസ്തവ സമൂഹത്തിനു സംഭവിച്ച പിഴവ്. രാഷ്ട്രീയമായി നേരിടേണ്ട വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ പോകുന്നത് ഇനിയുള്ള കാലത്ത് ക്രൈസ്തവസമൂഹത്തിന് ഒട്ടും ഗുണമായിരിക്കില്ല. ചില പാര്‍ട്ടികളുടെ ഫിക്സഡ് വോട്ടുബാങ്കുകളായി എന്നെന്നും നിലകൊള്ളാതെ, വ്യക്തമായ രാഷ്ട്രീയസമീപനം ഉണ്ടായില്ലെങ്കില്‍ എന്നും ഇരവാദം മുഴക്കി കാലം കഴിക്കാനായിരിക്കും ക്രൈസ്തവരുടെ വിധി.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കേരള രാഷ്ട്രീയത്തില്‍ ക്രൈസ്തവ വിഭാഗം വല്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്ന ബോധം എല്ലാ ക്രൈസ്തവര്‍ക്കും ഇന്നുണ്ട്. പല ഘട്ടങ്ങളിലും ക്രൈസ്തവസഭയും വിവിധ സഭാസംഘടനകളും ഇത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്; എന്നാൽ ഇടത്, വലതു പാര്‍ട്ടികള്‍ ഇതിനെ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. ക്രൈസ്തവരെ പാരമ്പര്യ വോട്ടുബാങ്കുകളായി കണ്ടുകൊണ്ട് തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനു മാത്രമായി ഉപയോഗിക്കുകയും അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ അവരെ തഴയുകയും ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തത്.

ക്രൈസ്തവ പ്രാതിനിധ്യം പൊതുമണ്ഡലത്തിലും രാഷ്ട്രീയത്തിലും കുറയുന്നു എന്നത് ക്രൈസ്തവർ ആശങ്കയോടെ കാണേണ്ട കാര്യമാണ്. എന്നാല്‍ സമുദായ സംഘടനകളില്‍ അംഗമാകുന്നവര്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയുമാവാം. ചക്കരക്കുടത്തില്‍ വേണമെങ്കിൽ കുറച്ചു ക്രിസ്ത്യാനികളും കൈയിടട്ടെ എന്നതല്ല നമ്മുടെ ലക്ഷ്യം. മറിച്ച്, മൂല്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനം സാധിതമാക്കുകയും ക്രൈസ്തവ അവകാശങ്ങള്‍ ന്യായമായി ജനാധിപത്യ വേദികളില്‍ പ്രതിഫലി പ്പിക്കുകയുമാകണം നമ്മുടെ ലക്ഷ്യം.തിരഞ്ഞെടുപ്പിലും ദൈനംദിനരാഷ്ട്രീയ വ്യവഹാരത്തിലും മനുഷ്യരെ ബാധിക്കുന്ന അതീവ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഒളിച്ചുവച്ച്, ചില തല്പര പ്രമേയങ്ങള്‍ മാത്രം ചര്‍ച്ചക്കെടുക്കുന്ന കൗശലം മിക്ക പാര്‍ട്ടികളും കേരള രാഷ്ട്രീയത്തിൽ പയറ്റുകയാണ്. കൂടുതൽ ക്രൈസ്തവരെ സാമുദായിക വേർതിരിവ് പുലർത്താതെ പൊതുരംഗത്തും ഭരണരംഗത്തും കൊണ്ടു വരേണ്ടിയിരിക്കുന്നു.

കേരള സർക്കാർ ധൂർത്തിന്റെ ചക്രവർത്തിയാകുന്നുവോ?

കേരളത്തിലെ ജനങ്ങൾ കുത്തുപാളയെടുക്കുമ്പോൾ പലസ്തീൻ-ഹമാസ് അനുകൂല റാലി നടത്തുകയാണ് കേരള സർക്കാർ. പലസ്തീനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലുള്ള ഉത്കണ്ഠയാണ് സർക്കാരിനെ വ്യാകുലപ്പെടുത്തുന്നതെങ്കിൽ അത് കേരളത്തിന്റെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലുണ്ടോ? ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 27 കോടി മുടക്കി ഒരാഴ്ചത്തെ കലാസാംസ്‌കാരിക മാമാങ്കം സംഘടിപ്പിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. ക്ഷേമ പെൻഷനുകളടക്കമുള്ള അടിയന്തര ആവശ്യങ്ങളും നിറവേറ്റുന്നതിലെ വീഴ്‌ചയ്‌ക്കൊപ്പം സർക്കാരിന്റെ ധൂർത്തും പാഴ്‌ച്ചെലവുകളും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. പ്രതിപക്ഷമാകട്ടെ കടമ നിർവഹിക്കാതെ നോക്കുകുത്തിയുമായി.

കേരളത്തിൽ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക കിട്ടാതെ ഒരുലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. സാമൂഹിക സുരക്ഷാപെന്‍ഷന്‍ മുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് കൊടുക്കാന്‍ പണമില്ല.കേരളത്തിൽ ഇപ്പോൾ നിരന്തരം കർഷക ആത്മഹത്യകൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്‌തിരുന്നു. ഇപ്പോഴിതാ ആലപ്പുഴ തകഴിയിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്തിരിക്കുന്നു. ജനങ്ങൾ വലിയ ദുരന്തം അനുഭവിക്കുന്നു. ഇതൊന്നും തന്നെ മന്ത്രിസഭയിലെ ആരെയും ബാധിക്കുന്നില്ലേ? ''കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാരാണോ" ഉള്ളത്?

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലേക്ക് ഒരു ജനാധിപത്യ ഭരണക്രമത്തിൽ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് അണികളും തരംതാഴ്ന്നാലുള്ള ഭീകരസ്ഥിതിയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. കേരളത്തിൽ പൗരൻമാരിൽ ഇന്നത്തെ പോലെ അത്രമേൽ അരക്ഷിതബോധം വളരുന്ന ഒരു ഘട്ടം വേറെ ഉണ്ടാകാൻ തരമില്ല. ഗർവിന്റെയും മേൽക്കോയ്മാ മനോഭാവത്തിന്റെയും സകല വേഷ്ടികളുമണിഞ്ഞ് ജനാധിപത്യത്തെ വിലക്കെടുക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് മുമ്പിൽ ക്രൈസ്തവർ ഇനിയും തലതാഴ്ത്തരുത്.

രാഷ്ട്രീയത്തിൽ ഉറച്ച നിലപാടുകളുമായി ക്രൈസ്തവർ

മാധ്യമങ്ങളുടെയോ, രാഷ്ട്രീയക്കാരുടയോ, മറ്റ് തൽപ്പരകക്ഷികളുടെയോ വിമർശനങ്ങളുടെ മുന്നിൽ ക്രൈസ്തവർ ഭയന്നു പിന്മാറുമെന്ന് വിചാരിക്കേണ്ട. ഉറച്ച നിലപാടുകളുമായി മൂന്നോട്ട് നീങ്ങും. പ്രതികരിക്കേണ്ട വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കും. ക്രൈസ്തവർ എങ്ങനെ ജീവിക്കണമെന്നോ എന്ത് നിലപാട് സ്വീകരിക്കണമെന്നോ തീരുമാനിക്കേണ്ടത് ക്രൈസ്തവ വിരുദ്ധത വിറ്റു ജീവിക്കുന്നവരല്ല. ക്രൈസ്തവ വിരുദ്ധരെ തങ്ങളുടെ പാർട്ടിയിലെ മുഖങ്ങളായി എടുത്തു കൊണ്ട് ക്രൈസ്തവ പ്രാതിനിധ്യം അവകാശപ്പെടുന്ന പാർട്ടികൾ നിരാശപ്പെടേണ്ടി വരും. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ അപഗ്രഥിക്കുമ്പോൾ ക്രൈസ്തവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുവാൻ കോൺഗ്രസ്സടക്കമുള്ള പ്രതിപക്ഷം ചില സംഘടിത നീക്കങ്ങൾ നടക്കുന്നു എന്ന് ക്രൈസ്തവപക്ഷത്തിന് ആശങ്കയുണ്ട് എന്നത് ഇവിടെ വിസ്മരിക്കുന്നില്ല. നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി (എൻ.പി.പി) പോലെയുള്ളവയുടെ ഉദയം തന്നെ ക്രൈസ്തവരെ തഴയുന്ന മുഖ്യധാരാ പാർട്ടികൾക്കുള്ള മുന്നറിയിപ്പാണ്. ക്രൈസ്തവരോടുള്ള അവകാശ നിഷേധങ്ങളുടെ ഫലമായി നിരവധി യുവജനങ്ങൾ ഈ പാർട്ടിയുടെ നേതൃനിരയിൽ സജീവമായി കഴിഞ്ഞു.

വർത്തമാന ഇന്ത്യയുടെ മത–രാഷ്ട്രീയ വെല്ലുവിളികളുടെ സാഹചര്യത്തിൽ ക്രൈസ്തവ സഭകൾ തമ്മിൽ കൂടുതൽ യോജിപ്പ് ഉണ്ടാകണം. അവകാശ നിഷേധങ്ങളുടെയും വിവേചനങ്ങളുടെയും കാലത്ത് സഭകൾ ഒരുമിച്ച് നിൽക്കണം. എല്ലാ എതിർപ്പുകളെയും നിശേഷം തള്ളിക്കളഞ്ഞു കൊണ്ട് ക്രൈസ്തവർ കൂടുതൽ സംഘടിക്കണം. എത്രയൊക്കെ വിമർശിച്ചാലും, എത്രയൊക്കെ എതിർത്താലും ക്രൈസ്തവർക്കിടയിൽ ഇന്നുണ്ടായിരിക്കുന്ന മുന്നേറ്റത്തെ തടയാൻ ആർക്കും സാധിക്കില്ല. ക്രൈസ്തവരെ സംബന്ധിച്ച് ഈ ഉണർവ്വ് യഥാർഥത്തിൽ ഒരു രാഷ്ട്രീയ -സാമൂഹിക ധ്രുവീകരണമാണ്.

സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.