അടിമാലി: പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദര്‍ശിച്ചു. ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ കാല താമസം വന്നതിനെത്തുടര്‍ന്ന് മറിയക്കുട്ടി (87), അന്ന ഔസേപ്പ് (80) എന്നിവര്‍ കഴിഞ്ഞയാഴ്ചയാണ് അടിമാലിയില്‍ ഭിക്ഷയാചിച്ച് സമരം ചെയ്തത്. തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിനാലാണ് ക്ഷേമ പെന്‍ഷന്‍ വിഹിതം കേന്ദ്രം നല്‍കാത്തത് എന്നും തൊഴില്‍ ഉറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
ചീഫ് സെക്രട്ടറി കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കട്ടെ എന്ന് ആവശ്യപ്പെട്ട സുരേഷ് ഗോപി ക്ഷേമ പെന്‍ഷന് വേണ്ടി പിരിക്കുന്ന രണ്ട് രൂപ സെസ് നല്‍കില്ലെന്ന് ജനം തീരുമാനിക്കണമെന്നും പറഞ്ഞു. എംപി ഫണ്ടില്‍ നിന്ന് 1000 രൂപ വീതം മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും എല്ലാ മാസവും നല്‍കുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.
പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറില്‍ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളിചാലില്‍ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. അടിമാലി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി സ്വിറ്റ്‌സര്‍ലന്‍ഡിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങള്‍ വസ്തുതാ പരിശോധന നടത്താതെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ പ്രചാരണം തെറ്റെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസര്‍ പിന്നീട് സാക്ഷ്യപത്രം നല്‍കി. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജില്‍ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. മറിയക്കുട്ടി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയില്‍ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസര്‍ ബിജുവും വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് മറിയക്കുട്ടിക്കെതിരെ നടന്ന വ്യാജ പ്രചാരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ മറിയക്കുട്ടിക്കെതിരെ നല്‍കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി രംഗത്തെത്തിയിരുന്നു. എന്നാല്‍ ദേശാഭിമാനിയുടെ ഖേദ പ്രകടനത്തില്‍ ആത്മാര്‍ത്ഥതയില്ല എന്നായിരുന്നു മറിയക്കുട്ടിയുടെ നിലപാട്. ദേശാഭിമാനി തന്നോട് നേരിട്ട് വന്ന് മാപ്പ് പറയട്ടെ എന്നായിരുന്നു ദേശാഭിമാനിയുടെ ഖേദ പ്രകടനത്തോടുള്ള മറിയക്കുട്ടിയുടെ മറുപടി. ദേശാഭിമാനിയുടെ ഖേദ പ്രകടനത്തിന് ശേഷവും വിഷയത്തില്‍ കോടതിയിലേക്കെന്ന ഉറച്ച നിലപാടാണ് മറിയക്കുട്ടി സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.