മൂന്നാം പട്ടാഭിഷേകത്തിന് ഇന്ത്യ; ആറാം തമ്പുരാനാകാന്‍ ഓസ്‌ട്രേലിയ: ഇന്ന് സൂപ്പര്‍ സണ്‍ഡേ

മൂന്നാം പട്ടാഭിഷേകത്തിന് ഇന്ത്യ; ആറാം തമ്പുരാനാകാന്‍ ഓസ്‌ട്രേലിയ: ഇന്ന് സൂപ്പര്‍ സണ്‍ഡേ

അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികളെ ആവേശ ഭരിതരാക്കി അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ പോരാട്ടം. ടൂര്‍ണമെന്റിലെ പത്ത് മത്സരങ്ങളിലും അപരാജിതരായി കലാശക്കളിക്കെത്തുന്ന ഇന്ത്യയും എട്ട് വിജയങ്ങളുമായി ഫൈനല്‍ പ്രവേശനം നേടിയ ഓസ്‌ട്രേലിയയും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ ഏറ്റുമുട്ടും.

2003 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ ഓസ്ട്രേലിയയോട് ഇന്ത്യ ഇന്ന് പകരം ചോദിക്കുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമും പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ സംഘവും തമ്മിലുള്ള പോരാട്ടം തീ പാറുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

ഈ ലോകകപ്പിന്റെ തുടക്കം മുതല്‍ ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു. വിരാട് കോലി ബാറ്റിലും മുഹമ്മദ് ഷമി പന്തിലും അത്ഭുതങ്ങള്‍ കാട്ടുന്നു. എന്നാല്‍ മുറിച്ചാലും മുറികൂടുന്നവരാണ് ഓസീസ്. സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയയുടെ ഫൈനിലേക്കുള്ള കടന്നു വരവ്. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.

അഞ്ച് ലോകകപ്പുകള്‍ നേടിയിട്ടുള്ളവരാണ് ഓസ്‌ട്രേലിയ. 1987 ല്‍ ഇന്ത്യയില്‍ വച്ചായിരുന്നു അവരുടെ ആദ്യ കിരീടധാരണം. 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ വീണ്ടും വിജയം. രണ്ട് തവണയാണ് ഇന്ത്യ കപ്പ് നേടിയത്. 1983 ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലും 2011 ല്‍ ധോണിയുടെ നേതൃത്വത്തിലും. മൂന്നാം ലോക കിരീടമാണ് ഇന്ന് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.