ടെല്‍ അവീവ്: തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പല്‍ ചെങ്കടലില്‍ വച്ച് യെമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്തു. ഇസ്രയേല്‍ കപ്പലാണെന്ന് സംശയിച്ചാണ് തട്ടിയെടുത്തത്.
'ഗാലക്സി ലീഡര്‍' എന്ന കപ്പലില്‍ 22 ജീവനക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ചെങ്കടലില്‍ നിന്നും കപ്പല്‍ യെമന്‍ തുറമുഖത്തേക്ക് കൊണ്ടുപോയതായി ഹൂതികള്‍ അറിയിച്ചു.
എന്നാല്‍ ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ജപ്പാന്‍ കമ്പനിയാണ് നിയന്ത്രിക്കുന്നതെന്നും ഇത് ഇസ്രയേലിന്റേതല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. കപ്പലില്‍ ഇസ്രയേലികള്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം കപ്പല്‍ ഇസ്രായേലി വ്യവസായി റാമി ഉംഗറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
സംഭവത്തെ ഇറാന്റെ ഭീകര പ്രവര്‍ത്തനമെന്നാണ് ഇസ്രയേല്‍ വിശേഷിപ്പിച്ചത്. ഇറാന്‍ പിന്തുണയോടെയുള്ള തീവ്രവാദ പ്രവര്‍ത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരം പ്രവൃത്തികള്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞു.
ഗാസയിലെ പ്രത്യാക്രമണത്തിന് പ്രതികാരമായി യെമന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ഇസ്രയേലി ഉടമസ്ഥതയിലുള്ള കപ്പലുകള്‍ റാഞ്ചുമെന്ന് ഹൂതി വിമതരുടെ വക്താവ് യഹ്യ സരിയ നേരത്തെ വെല്ലുവിളിച്ചിരുന്നു. ഇത്തരം കപ്പലുകളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ പിന്‍വലിക്കാന്‍ മറ്റു രാജ്യങ്ങളോട് ഹൂതികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഹമാസിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഇസ്രയേലിനെതിരെ രംഗത്തെത്തിയ ഹൂതി വിമതര്‍ നിരവധി തവണ ഇസ്രയേലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു.
ഇതിനിടെ ആദ്യമായാണ് ആഗോള ഭീഷണിയാകുന്ന തരത്തിലൊരു കപ്പല്‍ റാഞ്ചല്‍ നടത്തിയത്. ഇവര്‍ക്ക് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലടക്കം ഇറാന്റെ പരിശീലനം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കപ്പല്‍ പിടിച്ചെടുത്ത സാഹചര്യം അറിയാമെന്നും സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.