കാന്‍ബറ: ഓസ്‌ട്രേലിയന്‍ നാവികരെ 'ആക്രമിച്ച' ചൈനീസ് യുദ്ധക്കപ്പലിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി. ചൈനീസ് നാവികരുടേത് അപകടകരവും മര്യാദയില്ലാത്തതും പ്രൊഫഷണലല്ലാത്തതുമായ പെരുമാറ്റമാണെന്ന് ആന്റണി അല്‍ബനീസി ആരോപിച്ചു. സംഭവത്തില്‍ താന്‍ വളരെ ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചൈനീസ് നാവികരുടെ ഭാഗത്തുനിന്ന് അപകടകരമായ പ്രവൃത്തിയുണ്ടായത്. ജപ്പാന്റെ അധീനതയിലുള്ള കടല്‍ അതിര്‍ത്തിയിലായിരുന്നു സംഭവം. എച്ച്എംഎഎസ് ടൂവൂംബ എന്ന ഓസ്ട്രേലിയന്‍ യുദ്ധക്കപ്പലിന്റെ പ്രൊപ്പല്ലറുകളില്‍ കുടുങ്ങിയ മത്സ്യബന്ധന വലകള്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ നീക്കം ചെയ്യുന്ന വേളയില്‍ അവിടെയെത്തിയ ചൈനീസ് യുദ്ധക്കപ്പല്‍ അപകടകരമായ സോണാര്‍ അനുരണനങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നുവെന്നാണ് ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി വെളിപ്പെടുത്തിയത്. സംഭവത്തില്‍ കപ്പലിലെ മുങ്ങല്‍ വിദഗ്ധന് പരിക്കേറ്റതായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആരോപിച്ചു.
സംഭവത്തെതുടര്‍ന്ന് ഓസ്ട്രേലിയന്‍ ഡൈവര്‍മാര്‍ കടലില്‍ നിന്ന് പുറത്തുവരേണ്ട സാഹചര്യമുണ്ടായി. ചൈനയുടെ പ്രവൃത്തി മൂലം ഡൈവര്‍മാര്‍ക്ക് പരിക്കേറ്റുവെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് പറഞ്ഞു.
സാധാരണ മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തിനടിയില്‍ കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോള്‍ ചുറ്റുമുള്ള കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഈ സന്ദേശം ലഭിച്ചിട്ടും ചൈനീസ് കപ്പല്‍ അടുത്തേക്കു വരികയും സോണാര്‍ അനുരണനങ്ങള്‍ പുറപ്പെടുവിക്കുകയുമായിരുന്നു.
സാധ്യമായ എല്ലാ അന്താരാഷ്ട്ര വേദികളിലും ഈ വിഷയം തങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ദൗത്യ നിര്‍വഹണത്തിനിടെയാണ് നാവികരുടെ ജീവനു തന്നെ ഭീഷണിയുയര്‍ത്തിയ സംഭവം ഉണ്ടായത്. അതിനാല്‍ വളരെ ഗൗരവത്തോടെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്. ചൈനക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ നീങ്ങാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം.
ഈ സംഭവത്തിനു പിന്നാലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന അപെക് ഉച്ചകോടിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കണ്ടുമുട്ടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ ഈ വിഷയം ആന്റണി അല്‍ബനീസി ഉന്നയിച്ചോ എന്നതു വ്യക്തമല്ല. ഇക്കാര്യം
സ്ഥിരീകരിക്കാന്‍ പ്രധാനമന്ത്രി പല അവസരങ്ങളിലും വിസമ്മതിച്ചത് രാഷ്ട്രീയ വിവാദത്തിനു കാരണമായിട്ടുണ്ട്. അല്‍ബാനീസ് ഇക്കാര്യം ഷിയുമായി നേരിട്ട് ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.