ഹലാല്‍ ഉല്‍പന്നം: നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ യുപിയിലെ കടകളിലും മാളുകളിലും പരിശോധന

ഹലാല്‍ ഉല്‍പന്നം: നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ യുപിയിലെ കടകളിലും മാളുകളിലും പരിശോധന

ലക്നൗ: ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അത്തരം ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ടോ എന്നറിയാന്‍ കടകളില്‍ പരിശോധന നടത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുകയോ ശേഖരിച്ചു വെയ്ക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്നുണ്ടോ എന്നറിയാനായി ഭക്ഷ്യ സുരക്ഷാ വിഭാഗവും ഡ്രഗ്സ് അതോറിറ്റിയും ചേര്‍ന്ന് തിങ്കളാഴ്ച വിവിധയിടങ്ങളില്‍ പരിശോധനകള്‍ നടത്തി.

മാളുകള്‍, പച്ചക്കറി കടകള്‍, മൊത്ത വില്‍പനക്കാര്‍, മാര്‍ക്കറ്റുകള്‍ എന്നിവിങ്ങളിലായി വിവിധ ടീമുകളാണ് റെയ്ഡുകള്‍ നടത്തിയത്. പരിശോധനയില്‍ ഇതുവരെ നിയമലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം വരുന്നയാഴ്ചകളില്‍ വീണ്ടും റെയ്ഡ് നടക്കുമെന്നും നിരോധിക്കപ്പെട്ട ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇല്ലാതാക്കിക്കൊള്ളണമെന്നും യുപി എഫ്എസ്ഡിഎ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ എഫ്എസ്ഡിഎ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്. നിരോധിത ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കടകളിലോ സ്റ്റോറുകളിലോ ഹലാല്‍ ഉല്‍പന്നങ്ങള്‍ വെക്കരുതെന്നും അത്തരം കാര്യങ്ങള്‍ കണ്ടെത്താന്‍ ഇടയായാല്‍ അവര്‍ക്കെതിരേ കേസെടുക്കുമെന്നും അത് മൂന്ന് ലക്ഷം രൂപ പിഴയടക്കേണ്ടി വരുമെന്നും അധികൃതര്‍ കടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉല്‍പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഏതെങ്കിലും ഭക്ഷ്യവസ്തുക്കള്‍ നിരോധിക്കുന്നത് ന്യായമാണോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.