ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണം ശക്തമാക്കി രണ്ടാംഘട്ട 2+2 മന്ത്രിതല ചര്‍ച്ച ഡല്‍ഹിയില്‍ നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ഇന്ത്യയ്ക്ക് വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാര്‍ലെസും വിദേശകാര്യമന്ത്രി പെന്നി വോങ്ങുമാണ് പങ്കെടുത്തത്.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം, ഇന്തോ-പസഫിക് സാഹചര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ മന്ത്രിതല സമ്മേളനത്തില്‍ ചര്‍ച്ചയായി. സമീപകാല ഇന്തോ-പസഫിക് രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പശ്ചിമേഷ്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പരസ്പരം പങ്കുവെച്ചതായി ജയശങ്കര്‍ എക്സില്‍ പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ ബന്ധത്തിന് കരുത്തു പകരാന്‍ പ്രതിരോധ വ്യവസായത്തിലും ഗവേഷണത്തിലും കൂടുതല്‍ സഹകരണം ഉറപ്പുവരുത്തിയതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണികള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, യുദ്ധ വിമാനങ്ങളില്‍ ആകാശത്ത് ഇന്ധനം നിറയ്ക്കല്‍ എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ പങ്കുവെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സംയുക്ത സൈനിക അഭ്യാസങ്ങള്‍, പ്രതിരോധ കൈമാറ്റങ്ങള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്ന സൈനിക സഹകരണത്തില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ തമ്മിലും കടലിനടിയിലെ സാങ്കേതികവിദ്യ സംബന്ധിച്ച സംയുക്ത ഗവേഷണത്തിലും സഹകരണം ഉറപ്പാക്കും.
ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം ചൂടിയ ഓസ്ട്രേലിയയെ ഇന്ത്യന്‍ പ്രതിനിധി സംഘം അഭിനന്ദിച്ചു. റിച്ചാര്‍ഡ് മാര്‍ലെസുമായി നടത്തിയ ചര്‍ച്ച ശക്തമായ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനോടൊപ്പം ഇരു രാജ്യങ്ങളുടെ സുരക്ഷാ പരിരക്ഷയ്ക്കും മുതല്‍ക്കൂട്ടാവുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.
അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ മത്സരം കാണാനാണ് ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് ഇന്ത്യയിലെത്തിയത്.
ഡല്‍ഹിയിലെ വഴിയോരത്തുനിന്ന് നാരങ്ങാവെള്ളവും പ്രശസ്തമായ രാം ലഡ്ഡുവും രുചിക്കുന്ന ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തെ അദ്ദേഹം അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഗലി ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.