കോവിഡ് വാക്സിന്‍: ഇന്ത്യയിലെ യുവാക്കളില്‍ പെട്ടന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഐസിഎംആര്‍

കോവിഡ് വാക്സിന്‍: ഇന്ത്യയിലെ യുവാക്കളില്‍ പെട്ടന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്‍ ഇന്ത്യയിലെ ചെറുപ്പക്കാരില്‍ പെട്ടന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. എന്നാല്‍ കോവിഡ് സമയത്തെ ആശുപത്രിവാസം, പെട്ടെന്നുള്ള മരണത്തിന്റെ കുടുംബ ചരിത്രം, ജീവിത ശൈലി രീതികള്‍ എന്നിവ മരണ സാധ്യത വര്‍ധിപ്പിക്കാമെന്നും ഐസിഎംആര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ആരോഗ്യമുള്ള യുവാക്കളില്‍ പെട്ടെന്ന് സംഭവിക്കുന്ന മരണത്തിന് കൊറോണ വൈറസ് ബാധയുമായോ വാക്സിനേഷനുമായോ ബന്ധമുണ്ടോ എന്നറിയാന്‍ ഐസിഎംആര്‍ പഠനം നടത്തിയിരുന്നു. ഇന്ത്യയിലെ 18 മുതല്‍ 45 വയസിനിടയില്‍ അകാല മരണം സംഭവിച്ച യുവാക്കളുടെ മരണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുള്ളതായിരുന്നു പഠനം.

കോവിഡ് 19 വാക്സിന്‍ രണ്ട് ഡോസ് സ്വീകരിക്കുന്നതിലൂടെ പെട്ടന്നുള്ള മരണ സാധ്യത കുറയുമെന്നാണ് പഠനം തെളിയിച്ചത്. വാക്സിനേഷന്‍ ചെറുപ്പക്കാരുടെ ആകസ്മിക മരണ സാധ്യത കൂട്ടുമെന്ന വാദത്തെ തള്ളിക്കളയുന്നതായിരുന്നു പഠന റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് ഘടകങ്ങള്‍ മരണത്തിലേക്ക് നയിക്കാമെന്നും പഠനം കണ്ടെത്തി.

കോവിഡ് സമയത്തെ ആശുപത്രിവാസം, പെട്ടെന്നുള്ള മരണത്തിന്റെ കുടുംബ ചരിത്രം, മരണത്തിന് 48 മണിക്കൂര്‍ മുമ്പ് വരെയുള്ള അമിത മദ്യപാനം, മയക്കുമരുന്ന് പദാര്‍ത്ഥങ്ങളുടെ ഉപയോഗം, മരണത്തിന് 48 മണിക്കൂര്‍ മുമ്പുള്ള ശക്തമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നീ ഘടകങ്ങളാണ് യുവാക്കളിലുള്ള അകാല മരണത്തിന്റെ സാധ്യതയായി പഠനം പറയുന്നത്.

യുവാക്കള്‍ക്കിടയില്‍ പെട്ടന്നുള്ള മരണത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ഐസിഎംആര്‍ നടത്തിയത്. ഇത്തരം അപ്രതീക്ഷിത മരണങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന മറ്റ് ആരോഗ്യ, ജീവിതശൈലി ഘടകങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

കഠിനമായ കോവിഡ് 19 അണുബാധയുടെ മുന്‍കാല ചരിത്രമുള്ളവര്‍ അമിതഭാരം കുറയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കി. നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.