രാജസ്ഥാന്‍ വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി

രാജസ്ഥാന്‍ വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി

ജയ്പൂര്‍: രാജസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. നിയമസഭയിലേയ്ക്കുള്ള വേട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ ആരംഭിച്ചു. ആകെയെുള്ള 200 നിയമസഭാ മണ്ഡലങ്ങളില്‍ 199 എണ്ണത്തിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.

കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ ഗുര്‍മീത് സിങ് കൂനാറിന്റെ മരണത്തെത്തുടര്‍ന്ന് ആ മണ്ഡലത്തിലെ വോട്ടെടുപ്പ് പിന്നീടാണ്.ഭരണ കക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ്.

1,862 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആകെ 5.25 കോടി വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1.71 കോടി വോട്ടര്‍മാര്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരും 22.61 ലക്ഷം പേര്‍ 18-19 പ്രായത്തിലുള്ള പുതിയ വോട്ടര്‍മാരുമാണ്.

രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിലും പ്രതിപക്ഷമായ ബിജെപിയിലും രൂക്ഷമായ ഗ്രൂപ്പ് പോരാണ് നടക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലി കോണ്‍ഗ്രസിന്റെ വിജയത്തെ എത്രമാത്രം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

ഇരുവരും തമ്മിലുള്ള അധികാര വടംവലി മൂലം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രാജസ്ഥാനില്‍ പ്രചാരണത്തിന് ഏറെ വൈകിയാണ് എത്തിയതെന്ന ആക്ഷേപവുമുണ്ട്. ബിജെപിയില്‍ വസുന്ധര രാജ സിന്ധ്യയെ മറികടക്കാനായി കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് ഏറെ പടലപ്പിണക്കത്തിന് കാരണമായി. ഇതോടെ വസുന്ധര രാജ സ്വന്തം നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് കൂടുതല്‍ സമയവും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

രാജ്യവര്‍ധന്‍ റാത്തോഡ്, ദിയാ കുമാരി, കിരോഡി ലാല്‍ മീണ എന്നിവരുള്‍പ്പെടെ ഏഴ് എംപിമാരെയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ഇതില്‍ പലരേയും ഉള്‍പ്പെടുത്താന്‍ കാരണം വസുന്ധര രാജയുടെ വിശ്വസ്ഥരെ ഒഴിവാക്കാനായിരുന്നു എന്ന ആക്ഷേവും ശക്തമാണ്. സിപിഎമ്മും മത്സരരംഗത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.