'തോമാശ്ലീഹ ഏറ്റു പറഞ്ഞ വിശ്വാസ സത്യം വിശ്വാസ സമൂഹം ഏറ്റു പറയണം'; മാര്‍ ജോസ് പുളിക്കല്‍

'തോമാശ്ലീഹ ഏറ്റു പറഞ്ഞ വിശ്വാസ സത്യം വിശ്വാസ സമൂഹം ഏറ്റു പറയണം'; മാര്‍ ജോസ് പുളിക്കല്‍

ദുബായ്: 'മാര്‍ വാലാഹ് ' ( എന്റെ കര്‍ത്താവെ, എന്റെ ദൈവമെ) എന്ന തോമാശ്ലീഹ ഏറ്റു പറഞ്ഞ വിശ്വാസ സത്യം വിശ്വാസ സമൂഹം ഏറ്റു പറയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സീറോമലബാര്‍ സഭയുടെ മക്കള്‍ സജീവമായി ദുബായില്‍ ഉണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. മാര്‍ തോമാശ്ലീഹായുടെ വിശ്വാസ പൈതൃകം ഏറ്റുവാങ്ങാന്‍ ഭാഗ്യം കിട്ടിയവരാണ് വിശ്വാസികളായ നമ്മള്‍ ഓരോരുത്തരുമെന്നും അദേഹം വ്യക്തമാക്കി.
നവംബര്‍ 26 ന് ദുബായില്‍ നടന്ന സീറോ മലബാര്‍ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.

ദുബായിലെ സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ 4000-ത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. 2023 ലെ സീറോ മലബാര്‍ ദിനം വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയോടെയാണ് ആരംഭിച്ചത്. മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, സെന്റ് മേരീസ്  ഇടവക വികാരി ഫാ. ലെന്നി ജെ.എ. കോണുലി, മലയാളി സമൂഹത്തിന്റെ സ്പിരിച്യുല്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോഴിപ്പാടന്‍ എന്നിവരും വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം വഹിച്ചു. തുടര്‍ന്ന് പൊതുയോഗവും അല്‍ഫോന്‍സ് ജോസഫ് അവതരിപ്പിച്ച സംഗീത നാടകം 'സ്‌പെ സാല്‍വി'യും അരങ്ങേറി.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ബോധിപ്പിച്ചതുപോലെ, സ്വയം ഭരണ സഭയും അതിന്റെ ഉറവിടത്തിലേക്ക് മടങ്ങാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് മാര്‍ ജോസ് പുളിക്കല്‍ വ്യക്തമാക്കി. അതിന്റെ പാരമ്പര്യം നിലനിര്‍ത്താനും അത് വരും തലമുറയ്ക്ക് കൈമാറാനുമാകണം. അപ്പോള്‍ മാത്രമേ ആ സഭയുടെ സമ്പന്നത വളരുകയുള്ളൂ. അതിന്റെ വൈവിധ്യമാര്‍ന്ന അപ്പസ്‌തോലിക പാരമ്പര്യം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധിപ്പിക്കുന്നുവെന്നും മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.


കേരളത്തിലെ മലയോര മേഖലകളിലും മലബാര്‍ മേഖലകളിലും വന്യമൃഗങ്ങള്‍ക്കെതിരെ ജീവന്‍ പണയപ്പെടുത്തി ധീരമായി പരിശ്രമിച്ച നമ്മുടെ പൂര്‍വികരുടെ വിശ്വാസത്തെ മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു. അത്തരമൊരു ധീരമായ ചുവടുവെപ്പിലേക്കുള്ള ആഹ്വാനത്തെ പിന്തുണച്ചത് വിശുദ്ധ തോമാശ്ലീഹായില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച അവരുടെ ഉറച്ച ക്രിസ്ത്യന്‍ വിശ്വാസമാണെന്നും അദേഹം വ്യക്തമാക്കി.

ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറച്ച വിശ്വാസം. ഒരു കുടിയേറ്റ സമൂഹമായ ദുബായിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റി അതേ വിശ്വാസം പുലര്‍ത്തുന്നു. ആ വിശ്വാസം അവര്‍ നേരിടുന്ന ഏത് ബുദ്ധിമുട്ടുകളേയും തരണം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് തങ്ങളുടെ പാരമ്പര്യത്തെ സമ്പന്നമാക്കാന്‍ അവസരമൊരുക്കിയതിന് സതേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ് പൗലോ മാര്‍ട്ടിനെല്ലിക്ക് മാര്‍ ജോസ് പുളിക്കല്‍ നന്ദി പറഞ്ഞു. സീറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് എല്ലാ പിന്തുണയും മാര്‍ഗ നിര്‍ദേശവും നല്‍കിയതിന് ഫാ. ലെന്നി ജെ.എ കന്നോലിയെയും ഫാ.വര്‍ഗീസ് കോഴിപ്പാടനെയും അദേഹം പ്രത്യേകം അഭിനന്ദിച്ചു.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീഡിയോ സന്ദേശത്തിലൂടെ കുടിയേറ്റ വിശ്വാസികളെ അഭിസംബോധന ചെയ്തു. ദുബായിലെ സീറോ മലബാര്‍ സമൂഹത്തിന് നല്‍കുന്ന അജപാലന ശുശ്രൂഷകള്‍ക്ക് മാര്‍ ആലഞ്ചേരി ബിഷപ്പ് പൗലോ മാര്‍ട്ടിനെല്ലിയോട് നന്ദി പറഞ്ഞു. ദൈവമക്കള്‍ എന്ന നിലയില്‍ വിശ്വസികളോട് സാര്‍വത്രിക സഭയുമായുള്ള കൂട്ടായ്മയില്‍ തുടരാനും അതിന്റെ ദൗത്യത്തില്‍ ഒപ്പം ചേരുവാനും അദേഹം ആഹ്വാനം ചെയ്തു.


ഇടവകയിലെ സജീവമായ പങ്കാളിത്തത്തിനും ക്രിസ്ത്യന്‍ പ്രതിബദ്ധതയ്ക്കുമായി അവരുടെ സമ്പന്നവും അതുല്യവുമായ പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സീറോ മലബാര്‍ കമ്മ്യൂണിറ്റിയെ എച്ച് ഇ ബിഷപ്പ് പൗലോ മാര്‍ട്ടിനെല്ലി തന്റെ വീഡിയോ പ്രസംഗത്തില്‍ അഭിനന്ദിച്ചു.

സീറോ മലബാര്‍ കമ്മ്യൂണിറ്റി ദുബായ് പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷ പ്രസംഗം നടത്തി. ദുബായിലെ സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് സെക്രട്ടറി ദിപു സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു.

സീറോ മലബാര്‍ മതബോധനം, ഫാമിലി സെല്ലുകള്‍, വിവാഹ ഒരുക്ക സെമിനാര്‍, ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്, ഗാവല്‍സ് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചു. കമ്മ്യൂണിറ്റിയുടെ കാതലായ പ്രവര്‍ത്തനമായ സീറോ മലബാര്‍ മതബോധന വിഭാഗം ഹെഡ്മാസ്റ്റര്‍ വിപിന്‍ വര്‍ഗീസ് ദുബായില്‍ നടക്കുന്ന മതബോധന വിഭാഗത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

ദുബായിലെ സെന്റ് മേരീസ് ദേവാലയത്തില്‍ രണ്ട് ബാച്ചുകളിലായി 1730 വിദ്യാര്‍ത്ഥികള്‍ മതബോധന ക്ലാസില്‍ പഠിക്കുന്നു. ആറംഗ അഡ്മിന്‍ ടീമും 100 അധ്യാപകരും 50 ലധികം വോളന്റിയര്‍മാരുമാണ് ക്ലാസിന് പിന്തുണ നല്‍കി രംഗത്തുള്ളത്. ഏകദേശം 150 കുട്ടികളും അധ്യാപകരും 'സ്‌പെ സാല്‍വി' എന്ന സംഗീത നാടകത്തില്‍ പങ്കെടുത്തിരുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള വിശുദ്ധ ജോസഫിന്‍ ബഖിതയുടെ ജീവിതത്തെ ആസ്പദമാക്കി ഷോബി ആന്റണിയും സ്റ്റീഫന്‍ ജോയിയും ചേര്‍ന്ന് സംവിധാനം ചെയ്ത ദൃശ്യ നാടകമായിരുന്നു 'സ്‌പെ സാല്‍വി'. മിഷേല്‍ ഫ്‌ളോയിഡാണ് സംഗീത നാടകത്തിന്റെ കൊറിയോഗ്രാഫി ചെയ്തത്. പ്രോഗ്രാം കോര്‍ഡിനേറ്ററായ റെജി തോമസിന്റെയും ഇവന്റ് കോര്‍ഡിനേറ്ററായ ഷാജി ജോര്‍ജിന്റെയും കീഴില്‍ രണ്ട് മാസത്തെ നിരന്തര പരിശീലനമാണ് അരങ്ങില്‍ യാഥാര്‍ത്ഥ്യമായത്. മാര്‍ ജോസഫ് പുളിക്കലിന്റെ ആശീര്‍വാദത്തോടെയാണ് സീറോ മലബാര്‍ ദിന ചടങ്ങിന് സമാപനം കുറിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.