കാതല്‍: കലയും കളവും

കാതല്‍: കലയും കളവും

ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ
സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷന്‍


കൊച്ചി: സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിര്‍ക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് 'കാതല്‍ - ദ കോര്‍'. തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ഥ പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകന്‍ ജിയോ ബേബിയും രചയിതാക്കളായ ആദര്‍ശ് സുകുമാരനും, പോള്‍സണ്‍ സ്‌കറിയയും അഭിനന്ദനം അര്‍ഹിക്കുന്നു.

സാങ്കേതികമായി സിനിമയുടെ ഗുണദോഷങ്ങള്‍ക്കപ്പുറം സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെയും അവതരിപ്പിക്കുന്ന ആശയങ്ങളെയും അതിന്റെ രീതിയെയും വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. അതില്‍ ഒന്നാമത്തേത് സ്വവര്‍ഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്നുമുള്ള ആശയമാണ്.

രണ്ടാമത് ക്രൈസ്തവ സമൂഹത്തിനും ക്രൈസ്തവ വിശ്വാസത്തിനും വിരുദ്ധമായ ചില പരോക്ഷ ആശയ പ്രചാരണങ്ങളാണ്. ലൈംഗികതയ്ക്ക് നല്‍കപ്പെടുന്ന അമിത പ്രാധാന്യം കഥാതന്തുവിന്റെ മറ്റൊരു സവിശേഷതയാണ്.

കേരളത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ വിശിഷ്യ ഒരു ക്രൈസ്തവ കുടുംബ പശ്ചാത്തലത്തില്‍ ഇത്തരമൊരു കഥ അവതരിപ്പിക്കപ്പെടുന്നു എന്നുള്ളതാണ് പ്രധാനം. ക്രൈസ്തവ കുടുംബ പശ്ചാത്തലം മാത്യു ദേവസി, ഓമന ഫിലിപ്പ് എന്നീ രണ്ട് പേരുകളില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രത്യേകമായി ശ്രദ്ധിച്ചിട്ടുണ്ട്.

ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കോട്ടയം ജില്ലയിലെ തീക്കോയി എന്ന ഗ്രാമം സിനിമയുടെ ആരംഭം മുതല്‍ പലപ്പോഴായി അവതരിപ്പിക്കുന്ന ദേവാലയ - പ്രാര്‍ത്ഥനാ രംഗങ്ങള്‍, നായിക ഓമനയുടെ ആഴമായ ദൈവഭക്തി, കുടുംബ പ്രാര്‍ത്ഥന, ഇടവക വൈദികനുമായുള്ള കുടുംബത്തിന്റെ അടുപ്പം എന്നിങ്ങനെ ക്രൈസ്തവ വിശ്വാസത്തിന്റെ വ്യക്തമായ പശ്ചാത്തലം ചലച്ചിത്രത്തില്‍ ഉടനീളം നിലനിര്‍ത്തുന്നുണ്ട്. ഇടതുപക്ഷ സഹയാത്രികനെങ്കിലും നായകനായ മാത്യുവും ഒരു ദൈവ വിശ്വാസിയാണ്.

ഭിന്ന ലൈംഗിക അഭിമുഖ്യങ്ങളും ആക്ടിവിസ്റ്റുകളും

പുരോഗമനപരമായ ആശയങ്ങള്‍ എന്ന ലേബലില്‍ ഇന്ന് വിവിധ രീതികളില്‍ പ്രചരിക്കപ്പെടുന്ന ചില ആശയങ്ങളുടെ സ്വാധീനം ചലച്ചിത്രത്തില്‍ പ്രകടമാണ്. LGBTQIA+ ആശയ പ്രചാരണങ്ങള്‍ക്കായി കഠിനാധ്വാനം നടത്തുകയും ഭിന്ന ലൈംഗിക അഭിമുഖ്യമുള്ളവരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനകളും ആക്ടിവിസ്റ്റുകളും ലോകമെമ്പാടുമുണ്ട്. കേരളത്തിലെ പൊതുസമൂഹത്തില്‍ അത്രമാത്രം സജീവമല്ലെങ്കിലും കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്യാമ്പെയ്‌നുകള്‍ പതിവായി ഉണ്ടാകുന്നുണ്ട്. പുരോഗമന ചിന്താഗതിക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ തങ്ങളെ സ്വയം അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന വാദഗതികളായി സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച ആശയങ്ങള്‍ പ്രകടമാകാറുമുണ്ട്.

ചില വിദേശരാജ്യങ്ങളുടെ മാതൃകയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിലെത്തിയതും ആ ആവശ്യം കോടതി നിരാകരിച്ചതും ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനും വിവാഹമെന്ന സങ്കല്‍പ്പത്തിനും യോജിക്കുന്നതല്ലെന്ന നിലപാടാണ് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതിന് ശേഷമാണ് സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച അവകാശവാദങ്ങള്‍ മുഖ്യധാരാ സമൂഹത്തില്‍ ഉയര്‍ന്ന് തുടങ്ങിയത്. സുപ്രീം കോടതി റദ്ദാക്കിയ ഐപിസി 377 സംബന്ധിച്ച പരാമര്‍ശങ്ങള്‍ 'കാതല്‍ - ദ കോര്‍' എന്ന ചലച്ചിത്രത്തിലുണ്ട്. അഭിമാനകാരവും പുരോഗമനപരവുമായ നീക്കമായാണ് അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇടതുപക്ഷ പുരോഗമന രാഷ്ട്രീയം

ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവര്‍ഗ്ഗ ലൈംഗികത എന്ന 'പുരോഗമനപരമായ' ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ട് പോകുന്നത്. മറ്റെല്ലാവരും സ്വവര്‍ഗ്ഗ ലൈംഗികതയെ വെറുപ്പോടെ കാണുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേര്‍ത്ത് പിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും 'മഹത്വ'വുമാണ് അടിസ്ഥാന ആശയം. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കലാലയങ്ങളില്‍ വഴിവിട്ടതും പ്രകൃതി വിരുദ്ധവുമായ ലൈംഗിക ആശയ പ്രചാരണങ്ങള്‍ നടന്ന് വരുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ട് വച്ചിരിക്കുന്നത് യാദൃശ്ചികമായിരിക്കാനിടയില്ല.

ക്രൈസ്തവ വിരുദ്ധത

കത്തോലിക്കാ സഭ എക്കാലവും ശക്തമായി മുന്നോട്ട് വെയ്ക്കുന്ന ധാര്‍മ്മിക മൂല്യങ്ങളെ വെല്ലുവിളിക്കുക എന്ന ലക്ഷ്യം ചലച്ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കുണ്ട് എന്ന് വ്യക്തമായും സംശയിക്കാവുന്നതാണ്. ഒന്നാമത്തെ കാരണം കത്തോലിക്കാ കുടുംബ ദേവാലയ പരിസരങ്ങളാണ് സിനിമയുടെ പശ്ചാത്തലമായി തിരഞ്ഞെടുത്തത് എന്നുള്ളത് തന്നെയാണ്. സിനിമ അവതരിപ്പിക്കുന്ന ആശയത്തിന് മത പശ്ചാത്തലങ്ങള്‍ ഒരു അനിവാര്യതയേ ആയിരുന്നില്ല എങ്കിലും അത്തരമൊരു കുടുംബത്തെ തന്നെ തിരഞ്ഞെടുത്തത് നിഷ്‌കളങ്കമായാണെന്ന് കരുതാനാവില്ല. 'പ്രോഗ്രസീവായി' ചിന്തിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതനും സിനിമയില്‍ ഒരു കഥാപാത്രം തന്നെയാണ്. സ്വവര്‍ഗ ലൈംഗികതയെ തള്ളിപ്പറയുന്ന കത്തോലിക്കാ സമൂഹത്തിലെ ഒരു കുടുംബത്തെ തന്നെ കഥാപാത്രങ്ങളായി നിശ്ചയിച്ചു എന്നുള്ളത് ഇക്കാര്യത്തില്‍ സഭയുടെ നിലപാട് ശരിയല്ല എന്ന് പരോക്ഷമായി സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് എന്ന് കരുതാവുന്നതാണ്.

ദൈവ വിശ്വാസികളല്ലാത്ത ന്യൂ ജനറേഷന്‍ ഈ ചലച്ചിത്രത്തിന്റെ മറ്റൊരു ഭാഗമാണ്. ദൈവ വിശ്വാസികളായ മാത്യുവിന്റെയും ഓമനയുടെയും മകള്‍ പള്ളിയില്‍ കയറാന്‍ താല്‍പ്പര്യം കാണിക്കാത്തവളും 'പ്രോഗ്രസീവ്' ആയി ചിന്തിച്ച് അപ്പന്റെ സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്നവളുമായ കോളജ് വിദ്യാര്‍ഥിനിയാണ്.

'പള്ളിയില്‍ വന്നാല്‍, തിരിച്ചെത്തുമ്പോള്‍ കപ്പയും പോര്‍ക്കും തരാം' എന്ന് വാഗ്ദാനം ചെയ്ത് മകനുമായി പള്ളിയിലെത്തുന്ന ഒരു അമ്മയും, മകനായ ചെറിയ കുട്ടിയും കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. പരിമിതമായ എണ്ണം ആളുകള്‍ മാത്രം ഉള്‍പ്പെടുന്ന ദേവാലയാന്തരീക്ഷങ്ങളും, അമ്പതുപേരില്‍ കൂടുതലില്ലാത്ത തിരുന്നാള്‍ പ്രദക്ഷിണവും മറ്റും ചെലവ് ചുരുക്കലിന്റെ ഭാഗമാണോ, അതോ വിശ്വാസി സമൂഹത്തിന്റെ ദുര്‍ബ്ബലത അവതരിപ്പിക്കാനുള്ള 'ഡയറക്ടേഴ്‌സ് ബ്രില്യന്‍സ്' ആണോ എന്ന് സംശയിക്കണം. ഭര്‍ത്താവിന്റെ സ്വവര്‍ഗാനുരാഗം മനസിലാക്കി 'സ്‌നേഹത്തോടെ' അതിന് വിട്ടുകൊടുക്കുന്ന തികഞ്ഞ ദൈവ വിശ്വാസിയായ ഓമനയുടെ വിശാല മനസ്‌കതയും ചലച്ചിത്രത്തിന്റെ ഭാഗമാണ്.

കേരളത്തിന്റെ മുഖ്യധാരയില്‍ ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഇത്തരമൊരു വിഷയം ചര്‍ച്ചയ്ക്ക് വയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും പൊതുസമൂഹ പിന്തുണ 'പുരോഗമനവാദികള്‍ക്ക്' ലഭിക്കാനുള്ള ശ്രമവും സിനിമയ്ക്ക് പിന്നില്‍ ഉണ്ട് എന്നുള്ളത് വ്യക്തം. സംവിധായകന്റെ മുന്‍ ചലച്ചിത്രമായ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനി'ല്‍ നായികാ നായകന്മാരായിരുന്ന സുരാജ്, നിമിഷ സജയന്‍ താരജോഡികള്‍ക്ക് അപ്പുറം ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടുപേരെ നായികാ നായകന്മാരായി നിശ്ചയിക്കാന്‍ മാത്രം വലിപ്പമുള്ള ഒരു ക്യാന്‍വാസ് ഈ ചലച്ചിത്രത്തിന് ഇല്ലാതിരുന്നിട്ടുകൂടി അപ്രകാരം ചെയ്തതിന് പിന്നില്‍ മറ്റൊരു ബ്രില്യന്‍സ് ഉണ്ടെന്ന് വ്യക്തം. മമ്മൂട്ടി - ജ്യോതിക താര ജോഡികളുടെ സാന്നിധ്യം സ്‌ക്രീനുകള്‍ പതിന്മടങ്ങാക്കുകയും തിയേറ്റര്‍ നിറയ്ക്കുകയും ചെയ്തു.

ഭിന്ന ലൈംഗിക അഭിമുഖ്യമുള്ളവര്‍ക്ക് തങ്ങളുടെ ശാരീരിക - മാനസിക അവസ്ഥകളില്‍ മാറ്റം വരുത്താന്‍ കഴിയാത്ത പക്ഷം അവര്‍ ആയിരിക്കുന്ന അവസ്ഥയെ കരുണയോടെ കാണുന്നു എന്നുള്ളതാണ് ഈ വിഷയത്തിലുള്ള സഭയുടെ നിലപാട്. അത്തരക്കാരുടെ അതിരുകടന്ന അവകാശവാദങ്ങളോടും ലൈംഗിക അരാജകവാദികളുടെ കൈകടത്തലുകളോടും ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല ധാര്‍മ്മിക ബോധമുള്ള ആര്‍ക്കും അനുഭാവം പുലര്‍ത്താനാവില്ല.

ലൈംഗിക ആഭിമുഖ്യങ്ങളെയും ലൈംഗിക ചോദനകളെയും രണ്ടായി കണ്ടുകൊണ്ടുള്ള പക്വമായ സമീപനത്തിന് പകരം ലൈംഗിക അതിപ്രസത്തിന് പലപ്പോഴും ഇടം കൊടുക്കുന്ന ഈ ചലച്ചിത്രം സംവേദനം ചെയ്യുന്ന അടിസ്ഥാന ആശയങ്ങളോട് യോജിക്കാനാവില്ല. അത്തരമൊരു ആശയ പ്രചാരണത്തിന് ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലം ദുരുപയോഗിച്ച പ്രവൃത്തി പ്രതിഷേധാര്‍ഹമാണെന്നാണ് കെസിബിസി ജാഗ്രതാ കമ്മീഷന്‍ വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.