ടെല്‍ അവീവ്: ഗാസയില്‍ ഒരു ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടി. നിലവിലുള്ള വെടിനിര്‍ത്തല്‍ സമയം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കേയാണ് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം പുറത്തു വന്നത്. ഇതോടെ വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു.
നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രാവിലെ ഏഴിന് (ഇന്ത്യന്‍ സമയം 10.30) അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഏഴാം ദിവസവും വെടിനിര്‍ത്താന്‍ ഇസ്രയേലും ഹമാസും ധാരണയായത്.
ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരണമെന്നും കൂടുതല്‍ സഹായമെത്തിക്കണമെന്നും ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.
വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. പത്ത് ഇസ്രയേല്‍ പൗരന്മാരെയും നാല് തായ്‌ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഇന്നലെ കൈമാറിയത്. 30 പാലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു.
ആറ് ദിവസ താല്‍ക്കാലിക ഇടവേള ഇന്ന് രാവിലെ അവസാനിക്കാനിരിക്കെ വെടിനിര്‍ത്തല്‍ നാലുദിവസം കൂടി നീട്ടണമെന്നായിരുന്നു ഹമാസിന്റെ ആവശ്യം. എന്നാല്‍ ഇസ്രയേല്‍ നിരസിക്കുകയായിരുന്നു.
വെടിനില്‍ത്തല്‍ തുടങ്ങിയ ശേഷം ഇതുവരെ 60 ഇസ്രയേലി ബന്ദികള്‍ മോചിതരായി. 19 തായ്‌ലന്‍ഡുകാരെയും ഒരു ഫിലിപ്പീന്‍സ് പൗരനെയും രണ്ട് റഷ്യക്കാരെയും ഹമാസ് മോചിപ്പിച്ചു. 180 പാലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇസ്രയേല്‍ സൈനിക കോടതി വര്‍ഷങ്ങളോളം തടവ് ശിക്ഷക്ക് വിധിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.