പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലിന്റെ 150-ാം വാര്‍ഷികാഘോഷ സമാപനത്തിന് നാളെ തുടക്കം

പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലിന്റെ 150-ാം വാര്‍ഷികാഘോഷ സമാപനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലിന്റെ 150-ാം വാര്‍ഷിക സമാപനം നാളെ് മുതല്‍ മൂന്ന് വരെ നടക്കും. ഈ ദിവസങ്ങളില്‍ സെന്റ് ജോസഫ്‌സ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രല്‍ വിശുദ്ധ മദര്‍ തെരേസ ഹാളില്‍ സംഘടിപ്പിക്കുന്ന ചരിത്ര സാംസ്‌കാരിക പ്രദര്‍ശനം നാളെ രാവിലെ പത്തിന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ സിബി കാട്ടാമ്പള്ളി മുഖ്യ സന്ദേശം നല്‍കും.

ഡിസംബര്‍ ഒന്ന് കാരുണ്യ ദിനമായും ആചരിക്കും. വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന സമൂഹ ബലിക്ക് നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മികനായിരിക്കും. ഡിസംബര്‍ രണ്ട് കുടുംബ കൂട്ടായ്മാദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബക്കൂട്ടായ്മകളുടെ ശാക്തീകരണം ശുശ്രൂഷകളിലൂടെ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന നേതൃ സംഗമത്തില്‍ റവ.ഡോ.ആര്‍.ബി. ഗ്രിഗറി വിഷയം അവതരിപ്പിക്കും. 5.30 ന് ആരംഭിക്കുന്ന സമൂഹ ബലിക്ക് പുനലൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം 6.30 ന് വിവിധ വാര്‍ഡുകളുടെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ കലാസന്ധ്യയും തുടര്‍ന്ന് സ്‌നേഹവിരുന്നും സംഘടിപ്പിക്കും.

ഡിസംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുടെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വചന സന്ദേശം നല്‍കും. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന പൊതുസമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരീ ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ അധ്യക്ഷനായിരിക്കും.

ആര്‍ച്ച് ബിഷപ് എമിരറ്റസ് ഡോ.എം. സൂസപാക്യം, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കൊല്ലം തുളസി തുടങ്ങിയവര്‍ പങ്കെടുക്കും
150-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിവിധ ക്ഷേമ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായതായി ഇടവക വികാരി മോണ്‍.ഇ. വില്‍ഫ്രഡ് അറിയിച്ചു.

9,72,568 രൂപ ചിലവില്‍ മൂന്ന് കുടുംബങ്ങള്‍ക്കു ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുകയും 12 കുടുംബങ്ങള്‍ക്ക് ഭവന നവീകരണത്തിലേക്ക് സഹായം നല്‍കുകയും ചെയ്തു. നിര്‍ധനരായ 76 കുടുംബങ്ങളെ ദത്തെടുക്കുകയും ഇവര്‍ക്ക് 11,66,000 രൂപയുടെ ചികിത്സാ സഹായം നല്‍കുകയും ചെയ്തു. ഇടവകയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നാല്‍പതോളം വിദ്യാര്‍ഥികള്‍ക്കും മണ്‍വിള ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും പഠന സഹായമായി 7,36,500 രൂപ പ്രതിവര്‍ഷം നല്‍കിവരുന്നുണ്ട്.

ഇതില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി 25,000 രൂപയും നല്‍കിവരുന്നുണ്ട്. ഇടവകയില്‍ നിര്‍ധനരായ കുടുംബത്തിലെ എട്ട് പെണ്‍കുട്ടികളുടെ വിവാഹത്തിനായി 1,60,000 രൂപ നല്‍കിയിരുന്നു. മണിപ്പൂരിലെ ദുരിതാശ്വാസ നിധിയിലേക്ക് ഇടവകയില്‍ നിന്നും 1,33,500 രൂപ നല്‍കിയിരുന്നു. ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ വര്‍ഷം തോറും ഇടവക വിനിയോഗിക്കുന്നുണ്ട്.

അടുത്ത വര്‍ഷം ഇടവകയില്‍ മൂന്ന് പേര്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുകയും ഏഴോളം ഭവനങ്ങള്‍ നവീകരിക്കുകയും ചെയ്യുമെന്നും ഇടവക വികാരി മോണ്‍.ഇ. വില്‍ഫ്രഡ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.