അവസാന ഓവര്‍ ത്രില്ലറില്‍ ഇന്ത്യയ്ക്ക് ആറു റണ്‍സ് ജയം; പരമ്പര 4-1ന് ഇന്ത്യയ്ക്ക്

അവസാന ഓവര്‍ ത്രില്ലറില്‍ ഇന്ത്യയ്ക്ക് ആറു റണ്‍സ് ജയം; പരമ്പര 4-1ന് ഇന്ത്യയ്ക്ക്

ബെംഗളൂരു: ഓസീസിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ആറു റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ പരമ്പര വിജയം ആഘോഷമാക്കിയത്. ആദ്യ രണ്ട് മല്‍സരങ്ങളും അവസാന രണ്ട് മല്‍സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം ടി20യില്‍ മാത്രമാണ് ഓസീസിന് ജയിക്കാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിംഗ്‌സിന്റെ ആദ്യ പകുതി പിന്നിടും മുന്‍പ് 55ന് നാലെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അര്‍ധസെഞ്ചുറിയുമായി ശ്രേയസ് അയ്യരാണ് കരകയറ്റിയത്. 37 പന്തില്‍ നിന്ന് 2 സിക്‌സിന്റെയും അഞ്ച് ബൗണ്ടറിയുടെയും അകമ്പടിയോടെ 53 റണ്‍സ് കുറിച്ചാണ് ശ്രേയസ് മടങ്ങിയത്.



അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അക്‌സര്‍ പട്ടേല്‍ 31 റണ്‍സിന്റെ നിര്‍ണായക സംഭാവന നല്‍കി. 21 പന്തില്‍നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്‌സും അക്‌സറിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. ജിതേഷ് ശര്‍മ 16 പന്തില്‍ നിന്ന് 24 റണ്‍സ് നേടി.

161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് പടയെ അവസാന ഓവറിലാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായ 10 റണ്‍സ് വിട്ടുനല്‍കാതെ അര്‍ഷ്ദീപ് വിജയം തട്ടിയെടുക്കുകയായിരുന്നു.

ഓസീസിന് വേണ്ടി ബെന്‍ മക്ഡര്‍മോട്ട് അര്‍ധസെഞ്ചുറി നേടി. ട്രവിസ് ഹെഡ് 28 റണ്‍സും മാത്യു വെയ്ഡ് 22 റണ്‍സും നേടി പൊരുതിയെങ്കിലും വിജയത്തിന് എട്ട് റണ്‍സകലെ വെയ്ഡ് പുറത്തായതോടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാര്‍ മൂന്നു വിക്കറ്റ് നേടി. രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് എന്നിവര്‍ ഈരണ്ട് വിക്കറ്റ് വീതവും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. വളരെ മനോഹരമായി പന്തെറിഞ്ഞ അക്‌സര്‍, നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.