ഈഫല്‍ ടവറിന് സമീപം കത്തി കൊണ്ടുള്ള ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടു; പ്രതി ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്നയാള്‍

ഈഫല്‍ ടവറിന് സമീപം കത്തി കൊണ്ടുള്ള ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടു; പ്രതി ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്നയാള്‍

പാരീസ്: പാരീസില്‍ ഈഫല്‍ ടവറിന് സമീപം നടന്ന കത്തി കൊണ്ടുള്ള ആക്രമണത്തില്‍ വിനോദസഞ്ചാരി മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതി ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്നയാളെന്ന് പോലീസ്. 25 വയസുകാരനായ ഫ്രഞ്ച് പൗരനാണ് അറസ്റ്റിലായത്. കൃത്യം ചെയ്യുന്നതിന് മുമ്പ് പ്രതി ഓണ്‍ലൈനിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീഡിയോയില്‍ പ്രതി അറബിയില്‍ സംസാരിക്കുകയും ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പുലര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ബിര്‍ ഹക്കീം പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 9.30-നായിരുന്നു ആക്രമണം. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് അതീവ ജാഗ്രതയിലായിരുന്നു. അതിനിടെയാണ് കത്തി കൊണ്ടുള്ള ആക്രമണമുണ്ടായത്.

സംഭവത്തില്‍ കഴുത്തിന് മുറിവേറ്റ ജര്‍മ്മന്‍-ഫിലിപ്പിനോ പൗരനായ 23 കാരന്‍ കൊല്ലപ്പെടുകയും ഒരു ബ്രിട്ടീഷുകാരനും ഫ്രഞ്ചുകാരനും പരിക്കേല്‍ക്കുകയും ചെയ്തു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അതുവഴി കടന്നുപോയ ഒരു ടാക്‌സി ഡ്രൈവര്‍ അക്രമിയെ തടയാന്‍ ഇടപെട്ടെങ്കിലും പ്രതി മതമുദ്രാവാക്യം മുഴക്കി പാലത്തിലൂടെ ഓടുകയായിരുന്നു.

പോലീസ് പിന്തുടര്‍ന്നപ്പോള്‍ താന്‍ സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് ഒരു സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതി ഇതിന് മുന്‍പ്
ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസില്‍ നാല് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2020-ലാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു പ്രതി. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളും ബോംബ് ഭീഷണികളും ഫ്രഞ്ച് ജനതയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

2015 ല്‍ 18-ാം വയസില്‍ മുസ്ലിം മതത്തിലേക്ക് മാറിയ പ്രതി വളരെ പെട്ടെന്ന് തന്നെ ഇസ്ലാമിക പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായി. തുടര്‍ന്ന് ഇറാഖിലും സിറിയയിലുമുള്ള തീവ്രവാദികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തതായി ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ ജീന്‍-ഫ്രാങ്കോയിസ് റിക്കാര്‍ഡ് പറഞ്ഞു.

സംഭവത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ 'ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിച്ചത്. പാരീസിലെ ഭീകരാക്രമണത്തില്‍ താന്‍ ഞെട്ടിപ്പോയതായും വിദ്വേഷത്തെയും ഭീകരതയെയും നിശ്ചയദാര്‍ഢ്യത്തോടെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം അടിവരയിടുന്നതായും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.

'ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണത്തിന് ശേഷം ഗാസയിലുണ്ടായ യുദ്ധമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ഇസ്ലാമിസ്റ്റ് ഭീകരതയുടെ ഭീഷണി ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്' - ഒലാഫ് ഷോള്‍സ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.