റോം: ഏറെ കൊട്ടിഘോഷിച്ച ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്നും (ബി.ആര്‍.ഐ) പിന്‍മാറി ഇറ്റലി. പദ്ധതിയില്‍ നിന്നും ഇറ്റലി പിന്‍മാറുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ഔദ്യോഗികമായി ചൈനയെ അറിയിച്ചതായി ഇറ്റലി വ്യക്തമാക്കി. നാല് വര്‍ഷത്തിലേറെയായി പദ്ധതിയുടെ ഭാഗമായിരുന്ന ഏക ജി 7 രാജ്യമാണ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പാശ്ചാത്യ രാജ്യം കൂടിയായിരുന്നു ഇറ്റലി.
ആഗോളതലത്തില്‍ വ്യാപിച്ചു കിടക്കുന്ന ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ബി.ആര്‍.ഐ. 2019-ലാണ് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി ഇറ്റലി മാറുന്നത്. യുഎസ് ഉന്നയിച്ച എല്ലാ ആശങ്കകളും തള്ളിക്കൊണ്ടായിരുന്നു ഇറ്റലി പദ്ധതിക്കായി ചൈനയ്‌ക്കൊപ്പം നിന്നത്. പദ്ധതിയില്‍ നിന്നും പിന്‍മാറുകയാണെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ജോര്‍ജിയ മെലോണി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. പദ്ധതി കൊണ്ട് ഇറ്റലിക്ക് യാതൊരു ഗുണവും ഉണ്ടാകില്ല എന്നാണ് മെലോണി ഇതിന് കാരണമായി പറഞ്ഞത്.
പദ്ധതിയുമായി ബന്ധപ്പെട്ട് 2019ല്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒപ്പിട്ട കരാര്‍ 2024 മാര്‍ച്ചില്‍ അവസാനിക്കുകയാണ്. കരാറില്‍ നിന്നും പിന്‍മാറുന്നത് സംബന്ധിച്ച് മൂന്ന് മാസം മുന്‍പെങ്കിലും രേഖാമൂലം അറിയിച്ചില്ലെങ്കില്‍ മാര്‍ച്ചിന് ശേഷവും കരാര്‍ തുടരണമെന്നായിരുന്നു വ്യവസ്ഥ. ഈ സാഹചര്യത്തിലാണ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നത് ഔദ്യോഗികമായി ഇറ്റലി അറിയിച്ചത്. അതേസമയം, ചൈനയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇതുവരെ വന്നിട്ടില്ല.
പദ്ധതിയുടെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍ ചൈന നിര്‍മ്മിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന വ്യാപക വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.