ഗൗതം ഗംഭീറുമായി വാക്പോര്: ശ്രീശാന്തിന് വക്കീല്‍ നോട്ടിസയച്ച് ക്രിക്കറ്റ് ലീഗ്

 ഗൗതം ഗംഭീറുമായി വാക്പോര്:  ശ്രീശാന്തിന് വക്കീല്‍ നോട്ടിസയച്ച്  ക്രിക്കറ്റ് ലീഗ്

ന്യൂഡല്‍ഹി: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഗൗതം ഗംഭീറുമായുള്ള വാക്‌പോരിന് പിന്നാലെ മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്തിനെതിരെ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് (എല്‍എല്‍സി) വക്കീല്‍ നോട്ടിസ് അയച്ചു. എല്‍എല്‍സി കമ്മിഷണറാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

ടി20 ലീഗില്‍ കളി തുടരുന്നതിനിടെ താരം കരാര്‍ ലംഘിച്ചതായി നോട്ടീസില്‍ പറയുന്നു. ഗംഭീര്‍ മോശമായി എന്തെങ്കിലും പറഞ്ഞതായി ഗ്രൗണ്ട് അംപയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിന്‍വലിക്കാതെ ശ്രീശാന്തുമായി ചര്‍ച്ചയില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എല്‍എല്‍സിയില്‍ സൂറത്തില്‍ നടന്ന ഇന്ത്യ കാപിറ്റല്‍സ്-ഗുജറാത്ത് ജയന്റ്സ് മത്സരത്തിനിടെയാണ് വിവാദ സംഭവം. തന്നെ വാതുവയ്പ്പുകാരനെന്ന് ഗംഭീര്‍ പലവട്ടം വിളിച്ചെന്നാണ് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയത്.

മത്സരത്തിനു പിന്നാലെ ശ്രീശാന്ത് പുറത്തുവിട്ട വിഡിയോയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചു വിശദീകരിച്ചിരുന്നെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിരുന്നില്ല. ഇത് പിന്നീട് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിടുകയായിരുന്നു. വാതുവയ്പ്പുകാരനെന്ന അധിക്ഷേപത്തിന് പുറമെ തെറിവിളിച്ചെന്നും ശ്രീ ആരോപിച്ചു.

ഇന്ത്യന്‍ കാപിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മിലെ മത്സരത്തിനിടെയാണ് രൂക്ഷമായ വാക്‌പോര് നടന്നത്. ഗുജറാത്ത് താരമായ ശ്രീശാന്തിന്റെ രണ്ടാം ഓവറില്‍ ഗംഭീര്‍ തുടര്‍ച്ചയായ സിക്‌സറും ബൗണ്ടറിയും നേടിയിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ആദ്യം ഗംഭീറാണ് തര്‍ക്കം തുടങ്ങിയതെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ പ്രതികരിക്കാതിരുന്ന ഗംഭീര്‍, വിഷയം സമൂഹ മാധ്യമങ്ങളില്‍ സജീവമായതോടെ എക്‌സില്‍ പോസ്റ്റിട്ടു. ലോകം മുഴുവനും ശ്രദ്ധ നേടാന്‍ നടക്കുമ്പോള്‍ പുഞ്ചിരിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. താങ്കള്‍ സുപ്രിം കോടതിക്കും മുകളിലാണോ എന്ന് ഇതിനു താഴെ ശ്രീശാന്ത് ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.