കോട്ടയം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് യാത്രാമൊഴിയേകും. കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ രാവിലെ 11നാണ് സംസ്കാര ചടങ്ങുകൾ. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. മതപരമായ കർമ്മങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, ബിനോയ് വിശ്വം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ തമിഴ്നാട്, കർണാടക സംസ്ഥാന സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ - സാമൂഹിക-സാംസ്കാരിക നേതാക്കൾ എന്നിവർ കാനത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഞായറാഴ്ച വാഴൂരിലെ വസതിയിലെത്തും. പൊലീസിൻറെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര രാത്രി വൈകിയാണ് കോട്ടയത്തെത്തിയത്. ജില്ല അതിർത്തിയായ ചങ്ങനാശേരിയിൽ സി.പി.ഐ ജില്ല സെക്രട്ടറി വി.ബി. ബിനുവിൻറെ നേതൃത്വത്തിൽ പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി. വൻ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി കാണാൻ ചങ്ങനാശേരിയിലെത്തിയത്. ജില്ലയിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും വിലാപ യാത്രയെ അനുഗമിച്ചു. തുടർന്ന് കുറിച്ചി, ചിങ്ങവനം, നാട്ടകം, തിരുനക്കര എന്നിവിടങ്ങളിലും നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.