'ഹാദിയയെ കാണാനില്ല': പിതാവിന്റെ ഹര്‍ജിയില്‍ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്; ഒരാഴ്ചയ്ക്കുള്ളില്‍ ഐജി വിശദീകരണം നല്‍കണം

'ഹാദിയയെ കാണാനില്ല': പിതാവിന്റെ ഹര്‍ജിയില്‍ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്; ഒരാഴ്ചയ്ക്കുള്ളില്‍ ഐജി വിശദീകരണം നല്‍കണം

കൊച്ചി: ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് കെ.എം അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ കേരള പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്.

അശോകന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഐജി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ അനു ശിവരാമന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

ഡിസംബര്‍ 18 ന് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വീണ്ടും പരിഗണിക്കും. മലപ്പുറത്ത് ഹെല്‍ത്ത് ക്ലിനിക് നടത്തുകയായിരുന്ന ഹാദിയയെ ഒരു മാസമായി കാണാനില്ലെന്നാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കെ.എം അശോകന്റെ പരാതി

മലപ്പുറം സ്വദേശി എ.എസ് സൈനബ ഉള്‍പ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണ് മകളെന്നാണ് ഹര്‍ജിയിലെ ആരോപണം. മലപ്പുറത്ത് മകള്‍ ഹോമിയോ ക്ലിനിക് തുടങ്ങിയെന്നും ഒരുമാസമായി കാണാനില്ലെന്നും അശോകന്റെ ഹര്‍ജിയില്‍ പറയുന്നു. താനും ഭാര്യയും മകളെ ഫോണില്‍ വിളിക്കുകയും ഇടയ്ക്ക് ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. പലപ്പോഴും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മൂന്നിന് ക്ലിനിക്കില്‍ എത്തിയപ്പോള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഹാദിയ എവിടെയാണെന്ന് അറിയില്ലെന്നാണ് പരിസരത്തുള്ളവര്‍ പറഞ്ഞതെന്നും അറിയിച്ചു.

വിവാഹം ചെയ്ത ഷഫിന്‍ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫീന്റെ വിവരങ്ങള്‍ അറിയില്ലെന്നും മകള്‍ പറഞ്ഞിരുന്നെന്നും ഹര്‍ജിയില്‍ അറിയിച്ചു. ഇതിനിടെ ഷഫിനുമായി വിവാഹമോചിതയായെന്നും തന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം ചെയ്‌തെന്നും ഹാദിയ ഒരു വിഡിയോയില്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന അഖില ഇസ്ലാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏറെ നിയമ നടപടികളുണ്ടായി. അവസാനം വിവാഹം സുപ്രീം കോടതി ശരി വച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.