ടൊറന്റോ: കനേഡിയന്‍ സര്‍ക്കാര്‍ അടുത്തിടെ ഗ്യാരന്റീഡ് ഇന്‍വെസ്റ്റ്മെന്റ് സര്‍ട്ടിഫിക്കറ്റ് (ജിഐസി) പരിധിയില്‍ വര്‍ധനവ് പ്രഖ്യാപിച്ചത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി. 10,000 കനേഡിയന്‍ ഡോളറില്‍ നിന്ന് 20,635 കനേഡിയന്‍ ഡോളറായാണ് ജിഐസി ഉയര്‍ത്തിയത്.
വിദേശത്ത് പഠിക്കാന്‍ പദ്ധതിയിട്ടിരുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ മാറ്റം പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. കാനഡയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ ജീവിതച്ചെലവുകള്‍ക്കായി ഉള്‍ക്കൊള്ളുന്ന ഒരു മുന്‍വ്യവസ്ഥയാണ് ജിഐസി. ജിഐസിയായി ആറ് ലക്ഷം രൂപ നിക്ഷേപിക്കേണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഏകദേശം 13 ലക്ഷം രൂപ നല്‍കേണ്ടി വരും എന്നാണ് പുതിയ വ്യവസ്ഥ വ്യക്തമാക്കുന്നത്.
രാജ്യത്ത് വര്‍ധിച്ചു വരുന്ന ജീവിതച്ചെലവാണ് കനേഡിയന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് പിന്നിലുള്ളത്. പെട്രോള്‍ വില വര്‍ധിച്ചതിനാല്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയിലെ 3.3 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ നാല് ശതമാനമായി ഉയര്‍ന്നു. കാനഡയിലെ നിലവിലെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് ജോലി വെട്ടിക്കുറയ്ക്കലും പണപ്പെരുപ്പവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്.
ഓസ്ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും വ്യത്യസ്തമായി കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥിര താമസം (പി.ആര്‍) നേടാനാകും.
ജിഐസി പരിധി ഉയര്‍ത്താനുള്ള തീരുമാനം ഒരു വര്‍ഷത്തെ കോഴ്സുകള്‍ പഠിക്കുന്ന ഡിപ്ലോമ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും കൂടാതെ മുഴുവന്‍ സമയ തൊഴില്‍ നേടാനുള്ള അവരുടെ ശ്രമത്തിന് തിരിച്ചടിയാകുമെന്നുമാണ് ആശങ്ക. ഇമിഗ്രേഷന്‍ ഏജന്റുമാരുടെ അഭിപ്രായത്തില്‍ ഏകദേശം 70 ശതമാനം കനേഡിയന്‍ സ്റ്റുഡന്റ് വിസ അപേക്ഷകളും ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ്.
കഴിഞ്ഞ കുറച്ചുനാളുകളായി തുടരുന്ന ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിന് കാരണമായി. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 40 ശതമാനം കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
2022 ലെ 1,45,881 ല്‍ നിന്ന് ഈ വര്‍ഷം 86,562 ആയാണ് അപേക്ഷകരുടെ എണ്ണം കുറഞ്ഞത്. മറ്റ് രാജ്യങ്ങളില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതും ഫീസ് വര്‍ധിപ്പിക്കുന്നതും വരും കാലങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സാധ്യതകള്‍ക്ക് മങ്ങളേല്‍പ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.