പ്രതിഷേധത്തിനിടെ നരഭോജിക്കടുവയെ കുപ്പാടി മൃഗപരിശീലന കേന്ദ്രത്തിലേക്ക് മാറ്റി

പ്രതിഷേധത്തിനിടെ നരഭോജിക്കടുവയെ കുപ്പാടി മൃഗപരിശീലന കേന്ദ്രത്തിലേക്ക് മാറ്റി

കല്‍പ്പറ്റ: നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെ നരഭോജിക്കടുവയെ വനംവകുപ്പ് കുപ്പാടി മൃഗപരിശീലന കേന്ദ്രത്തിലേക്ക് മാറ്റി. പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ രണ്ടാഴ്ചയോളം നീണ്ട പ്രയ്തനത്തിന് ഒടുവില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൂട്ടിലായത്.

വാകേരിയില്‍ പ്രജീഷ് എന്ന കര്‍ഷകനെ ആക്രമിച്ചു കൊന്ന കടുവ നരഭോജിയാണെന്ന് തിരിച്ചറിഞ്ഞതോടെ വെടിവെച്ച് കൊല്ലാന്‍ തീരുമാനമായിരുന്നു. പ്രജീഷിന്റെ മൃതദേഹം കിടന്നിരുന്ന കൂടല്ലൂര്‍ കോളനിക്കവലയിലെ തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

ഉടന്‍തന്നെ കടുവയെ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ക്കില്‍ കടുവയെ തനിയെ പാര്‍പ്പിക്കുന്നതിന് സൗകര്യം ഒരുക്കും.

നരഭോജി കടുവ കൂട്ടിലകപ്പെട്ടതോടെ ഇതിനെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. ജീവനോടെ കടുവയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ നാട്ടുകാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തുകയായിരുന്നു. എന്നാല്‍ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചു.

രണ്ടാഴ്ചയോളമായി കടുവയെ കുടുക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടര്‍ന്നു വരികയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ കൂടുകള്‍ വെച്ചുവെങ്കിലും കടുവ കൂട്ടില്‍ വീണില്ല.

കെണിയായി സ്ഥാപിച്ച കൂടിന് സമീപം എത്തിയ കടുവ ഇന്നലെയും ആളുകളെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കടുവ ഇരുട്ടില്‍ മറയുകയായിരുന്നു. കടുവയെ കുടുക്കാന്‍ അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്.

ഉത്തര മേഖല സിസിഎഫ് കെ.എസ് ദീപയുടെ മേല്‍നോട്ടത്തില്‍ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന കരീം, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അരുണ്‍ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്.

വനം വകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ് പ്രായമുള്ള WWL45 എന്ന ആണ്‍ കടുവയാണ് പ്രജീഷിനെ ആക്രമിച്ചു കൊന്നതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കടുവയെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഈ മാസം 10 ന് ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.