ഹഡ്രിയാന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ
തിരുസഭാ ചരിത്രത്തിലെ തന്നെ ദൈര്‍ഘ്യമേറിയ ഭരണകാലഘട്ടങ്ങളില്‍ ഒന്നായിരുന്നു ഹഡ്രിയാന്‍ ഒന്നാമന്‍ (അഡ്രിയാന്‍ ഒന്നാമന്‍) പാപ്പായുടെ ഇരുപത്തിനാല് വര്‍ഷത്തോളം നീണ്ട ഭരണകാലം. റോമിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച ഹഡ്രിയാന്‍, സ്റ്റീഫന്‍ മൂന്നാമന്‍ പാപ്പായാല്‍ ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ടു. സ്റ്റീഫന്‍ മൂന്നാമന്‍ പാപ്പായുടെ കാലശേഷം തിരുസഭയുടെ പുതിയ അമരക്കാരനായി ഏ.ഡി. 772 ഫെബ്രുവരി 1-ാം തീയതി ഹഡ്രിയാന്‍ ഐക്യകണ്‌ഠേനേ തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 9-ാം തീയിതി അദ്ദേഹം റോമിന്റെ മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.
തങ്ങളുടെ പ്രദേശങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ലൊംബാര്‍ഡുകള്‍ സഭയുടെ അധീനതയിലായിരുന്ന ഭൂസ്വത്തുകള്‍ പിടിച്ചെടുക്കുന്നതിന് എപ്പോഴും പരിശ്രമിച്ചിരുന്നു. എന്നാല്‍ ഫ്രാങ്കിഷ് രാജാവായിരുന്ന ഷാര്‍ളെമൈന്‍ ലൊംബാര്‍ഡുകളെ ഏ. ഡി. 774-ല്‍ കീഴടക്കുകയും ലൊംബാര്‍ഡ് രാജാവായ ഡെസിദാരിയൂസിനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. മാത്രമല്ല ലൊംബാര്‍ഡുകള്‍ പിടിച്ചെടുത്ത ഭാഗങ്ങളെ പരിശുദ്ധ സിംഹാസനത്തിന്റെ അതിര്‍ത്തികളോട് ചേര്‍ത്ത് പേപ്പല്‍ സ്റ്റേറ്റ് രൂപവത്കരിക്കുകയും ചെയ്തു. ഈ കാരണത്താല്‍ ഹഡ്രിയാന്‍ ഒന്നാമന്‍ പാപ്പാ പേപ്പല്‍ സ്റ്റേറ്റുകളുടെ രണ്ടാമത്തെ സ്ഥാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു.
ഇക്കാലയളവില്‍ തന്നെയാണ് പെപ്പിന്‍ രാജാവിന്റെ മക്കളായ ഷാര്‍ളെമൈനും കാര്‍ലൊമെന്‍ ഒന്നാമനും തമ്മില്‍ അധികാരതര്‍ക്കം ഉടലെടുത്തത്. കാല്‍ലൊമെന്‍ ഒന്നാമന്റെ സന്തതിപരമ്പരയെ ഫ്രാങ്കിഷ് രാജവംശത്തിന്റെ പിന്തുടര്‍ച്ചാവകാശികളായി പ്രഖ്യാപിക്കുവാനുള്ള ആവശ്യം അഡ്രിയാന്‍ പാപ്പാ നിരസിച്ചപ്പോള്‍ അവര്‍ പേപ്പല്‍ സ്റ്റേറ്റ് പിടിച്ചെടുക്കുവാന്‍ പരിശ്രമിച്ചു. എന്നാല്‍ ഷാര്‍ളെമൈന്‍ രാജാവ് പിടിച്ചെടുത്ത ഈ പ്രദേശങ്ങള്‍ മോചിപ്പിച്ച് സഭയ്ക്ക് തിരികെ നല്‍കി. ഇതിന് ഉപകാരസ്മരണക്കായി ഷാര്‍ളെമൈന്‍ന്റെ നാമത്തില്‍ ഒരു നാണയം പുറത്തിറക്കുകയും ഫ്രാങ്കിഷ് രാജവംശവുമായുള്ള ബന്ധം വിപുലപ്പെടുത്തുകയും ചെയ്തു. ഇത് ക്രമേണ ബൈസന്റൈന്‍ സാമ്രാജ്യവുമായുള്ള ബന്ധം ശിഥിലമാക്കുന്നതിലേക്ക് നയിച്ചു.
പേപ്പല്‍ സ്റ്റേറ്റിന്റെ അതിര്‍ത്തികള്‍ അന്തിമമായി നിശ്ചയിക്കുന്നതിന് മുമ്പ് ഷാര്‍ളെമൈന്‍ രാജാവ് റോമിലേക്ക് മൂന്ന് വിത്യസ്ത സന്ദര്‍ശനങ്ങള്‍ (ഏ.ഡി. 774, 781, 787) നടത്തേണ്ടതായിവന്നു. 1870-ല്‍ പേപ്പല്‍ സ്റ്റേറ്റുകള്‍ ഇല്ലാതാവുന്നതുവരെ ഷാര്‍ളെമൈന്‍ നിശ്ചയിച്ച സംവിധാനമാണ് തുടര്‍ന്നിരുന്നത്. അതുപ്പോലെതന്നെ ഹഡ്രിയാന്‍ പാപ്പായുടെ ഭരണകാലത്ത് നടന്ന പ്രധാന സംഭവമായിരുന്നു ഏ. ഡി. 787-ല്‍ സമ്മേളിച്ച രണ്ടാം നിഖ്യാ സൂനഹദോസ്. പ്രസ്തുത സുനഹദോസില്‍വെച്ച് തിരുസ്വരൂപങ്ങള്‍ ഉപയോഗിക്കുന്നതിനെയും വണങ്ങുന്നതിനെയും എതിര്‍ത്ത പൗരസ്ത്യസഭയുടെ പഠനമായ ഐക്കണോക്ലാസം എന്ന പഠനത്തെ തെറ്റായ പഠനമെന്ന് പ്രഖ്യാപിക്കുകയും ദേവാലയങ്ങളില്‍ തിരുസ്വരൂപങ്ങള്‍ വണക്കത്തിനായി ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു. സൂനഹദോസിന്റെ ഈ നടപടികള്‍ക്ക് പാപ്പ പൂര്‍ണ്ണ പിന്തുണ നല്‍കി.
എന്നാല്‍ സൂനഹദോസ് നടപടികളെ സംബന്ധിച്ച് ഷാര്‍ളെമൈന്‍ രാജാവ് അസന്തുഷ്ടനായിരുന്നു. രണ്ടാം നിഖ്യാ സൂനഹദോസിലേക്ക് അദ്ദേഹത്തെ വിളിച്ചില്ല എന്നതായിരുന്നു ഒരു കാരണം. മാത്രമല്ല സൂനഹദോസ് നടപടികളുടെ തെറ്റായ വിവര്‍ത്തനം മൂലം ദൈവശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ തീരുമാനങ്ങള്‍ ഷാര്‍ളെമൈന്‍ ഖണ്ഡിച്ചു. രണ്ടാം നിഖ്യാ സൂനഹദോസ് തിരുസ്വരൂപങ്ങളുടെ ആരാധന അംഗീകരിച്ചു എന്ന തെറ്റായ വിവര്‍ത്തനമായിരുന്നു പ്രസ്തുത ഖണ്ഡനത്തിന് കാരണം. ഇതിനെ തുടര്‍ന്ന് ഷാര്‍ളെമൈന്‍ ഏ. ഡി. 794-ല്‍ ഫ്രാങ്ക് ഫുർട്ടിൽ ഒരു സിനഡ് വിളിച്ചുചേര്‍ത്തു. പ്രസ്തുത സിനഡ് തിരുസ്വരൂപങ്ങളുടെ ആരാധനയെയും സ്‌പെയിനില്‍ പ്രബലമായിരുന്ന അഡോപ്ഷനിസം എന്ന പാഷണ്ഡതയെയും തെറ്റെന്ന് വിധിക്കുകയും ദണ്ഡിക്കുകയും ചെയ്തു. ക്രിസ്തുവിന് ഇരട്ട പുത്രത്വം അതായത് സ്വാഭവികവും മറ്റൊന്ന് സ്വീകരിച്ചതുമായ പുത്രത്വം എന്ന പഠനമായിരുന്നു അഡോപ്ഷനിസം.
ഷാര്‍ളെമൈന്‍ രാജാവിന്റെ ഭരണംമൂലം സംജാതമായ സമാധാനാന്തരീക്ഷം സഭയുടെ വളര്‍ച്ചയ്ക്ക് വിനയോഗിക്കുന്നതിന് പാപ്പാ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. പല ദേവാലയങ്ങളും ഇക്കാലയളവില്‍ പുനരുദ്ധരിക്കുകയും ഏ. ഡി. 791-ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ടൈബര്‍ നദിയുടെ ഇരുകരകളിലും വെള്ളപ്പൊക്കം തടയുന്നതിനുള്ള മതിലുകള്‍ പുനഃനിര്‍മ്മിക്കുകയും ശക്തിപ്പെടുത്തുകയും ചെയതു. റോമിലെ പ്രസിദ്ധമായ ജലവിതരണ സംവിധാനം മാര്‍പ്പാപ്പ നവീകരിച്ചു. കൂടാതെ പാവങ്ങളെ സംരക്ഷിക്കുന്നതിനും സന്യാസ ആശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയിടങ്ങളിലെ വരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും മാര്‍പ്പാപ്പ ശ്രദ്ധിച്ചു.
ഏ.ഡി. 795-ലെ ക്രിസ്മസ് ദിനത്തില്‍ കാലം ചെയ്ത ഹഡ്രിയാന്‍ ഒന്നാമന്‍ പാപ്പായുടെ വിയോഗവാര്‍ത്ത അറിഞ്ഞ ഷാര്‍ളെമൈന്‍ രാജാവ് തനിക്ക് തന്റെ സഹോദരനെതന്നെയാണ് നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് പ്രതികരിച്ചത്. വി. പത്രോസിന്റെ ബസിലിക്കയില്‍ ഹഡ്രിയാന്‍ ഒന്നാമന്‍ പാപ്പയുടെ ഭൗതീകശരീരം അടക്കം ചെയ്തു.
മറ്റ് മാർപാപ്പമാരെ പറ്റി വായിക്കുവാൻ ഇവിടെ നോക്കുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.