ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ എന്നിവരുടെ നിയമന രീതി മാറ്റുന്ന ബില്‍ ലോക്സഭ പാസാക്കി. ഹ്രസ്വ ചര്‍ച്ചയ്ക്ക് ശേഷം ശബ്ദ വോട്ടോടെയാണ് സഭ ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ നേരത്തെ തന്നെ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് ബില്‍. ചീഫ് ജസ്റ്റീസിന് പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയാകും സമിതിയില്‍ ഉണ്ടാകുക. പ്രധാനന്ത്രിക്കും കേന്ദ്ര മന്ത്രിക്കുമൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവും സമിതിയിലുണ്ടാകും.
1991 ലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമത്തിന് പകരമുള്ളതാണ് പുതിയ ബില്‍. പഴയ നിയമം പാതിവെന്ത പരുവത്തിലുള്ളതായിരുന്നുവെന്നാണ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞത്. പഴയ നിയമത്തില്‍ ഒഴിവാക്കിയ ചില ഭാഗങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
ബില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ലോക്സഭയിലെ മൂന്നില്‍ രണ്ട് പ്രതിപക്ഷ അംഗങ്ങളും പുറത്തുനില്‍ക്കവെയാണ് കേന്ദ്രം ബില്‍ പാസാക്കിയെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.