പാള്‍: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 78 റണ്‍സിന് തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. 2-1നാണ് ഇന്ത്യയുടെ പരമ്പര വിജയം. ആദ്യ ഏകദിനം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചു. നേരത്തെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ സെഞ്ചുറിയുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. മൂന്ന് സിക്‌സിന്റെയും ആറ് ബൗണ്ടറികളുടെയും സഹായത്തോടെ 114 പന്തില്‍ നിന്ന് 108 റണ്‍സ് കുറിച്ച സഞ്ജുവിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയാണിത്.
തിലക് വര്‍മ (52) അര്‍ധസെഞ്ചുറി നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റിങ്കു സിംഗ് 27 പന്തില്‍ നിന്ന് 38 റണ്‍സ് നേടി നിര്‍ണായക സംഭാവന നല്‍കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹെന്റിക്‌സ് മൂന്നും ബര്‍ഗര്‍ രണ്ടും വിക്കറ്റ് നേടി. വില്യംസ്, മള്‍ഡര്‍, മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
297 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എട്ടോവറില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇവര്‍ ആതിഥേയര്‍ക്ക് മികച്ച വിജയം നല്‍കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഹെന്റിക്‌സിനെ കെഎല്‍ രാഹുലിന്റെ കൈയിലെത്തിച്ച് അര്‍ഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.
വാന്‍ ഡര്‍സന്‍ പെട്ടെന്ന് മടങ്ങി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ടോണി ഡി സോര്‍സിയും മര്‍ക്രവും ദക്ഷിണാഫ്രിക്കയെ സുരക്ഷിതമായി മുന്നോട്ട് നയിക്കുന്നതിനിടെ മര്‍ക്രത്തെ മടക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടുവന്നു. 87 പന്തില്‍ 81 റണ്‍സെടുത്ത ടോണി ഡി സോര്‍സിയെ അര്‍ഷ്ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കളി ഇന്ത്യയുടെ കൈയിലായി.
തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് ഒമ്പതോവറില്‍ 30 റണ്‍സിന് നാല് വിക്കറ്റെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍, അവേഷ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. പരമ്പരയില്‍ പത്ത് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗ് പ്ലെയര്‍ ഓഫ് ദ സീരിസ് ആയും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പ് കളിച്ചവരില്‍ മൂന്നു പേര്‍ മാത്രം ഉള്‍ക്കൊള്ളുന്ന യുവനിരയാണ് ദക്ഷിണാഫ്രിക്കയില്‍ വെച്ച് അവരെ തോല്‍പ്പിച്ചതെന്നത് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ 3-0ന് തോറ്റതിന്റെ കണക്ക് വീട്ടലായി കെഎല്‍ രാഹുലിന് ഈ പരമ്പര വിജയം. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സായ് സുദര്‍ശന്‍ തുടര്‍ച്ചയായ അര്‍ധസെഞ്ചുറികളുമായി ശ്രദ്ധ നേടിയപ്പോള്‍, ടി20യില്‍ മാത്രമല്ല താന്‍ മികച്ചൊരു പവര്‍ ഹിറ്ററാണെന്ന് റിങ്കു സിംഗ് തെളിയിച്ചു.
ഇന്നത്തെ മല്‍സരത്തില്‍ അരങ്ങേറ്റം കുറിച്ച രജത് പാട്ടിദാറിന് വലിയ ഇന്നിംഗ്‌സ് കൡക്കാനായില്ലെങ്കിലും 16 പന്തില്‍ നിന്ന് 22 റണ്‍സ് നേടി നിര്‍ഭയം ബാറ്റ് ചെയ്തു ശ്രദ്ധ നേടാനായി. ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് അവസാന നിമിഷം തഴയപ്പെട്ട സഞ്ജുവിനും ഈ മല്‍സരം തിരിച്ചുവരവിന് വേദിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.