ചൈന ആണവായുധ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; ശത്രു രാജ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കിം

ചൈന ആണവായുധ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; ശത്രു രാജ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കിം

ബീജിങ് : ആണവായുധ പരീക്ഷണത്തിന് ചൈനയുടെ രഹസ്യ നീക്കമെന്ന് റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ ഷിന്‍ജിയാന്‍ മേഖലയിലുള്ള ലോപ് നൂര്‍ ആണവ പരീക്ഷണ കേന്ദ്രം ഇതിനായി സജീവമാകുന്നെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഒരു അമേരിക്കന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയുടെ ആദ്യ ആണവ പരീക്ഷണം 1964 ഒക്ടോബര്‍ 16 ന് ലോപ് നൂറിലാണ് നടന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ ചൈന നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ചൈന ഇവിടെ പുതിയ ഒരു എയര്‍ബേസ് നിര്‍മ്മിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഭീമന്‍ ഡ്രില്ലിങ് റിഗ്ഗുകളുടെ സാന്നിധ്യവും മേഖലയിലുണ്ട്.

അതിനിടെ ആണവാക്രമണ മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ശത്രുരാജ്യങ്ങള്‍ ആണവായുധത്തിലൂടെ പ്രകോപനം സൃഷ്ടിച്ചാല്‍ ആണവാക്രമണത്തിലൂടെ തിരിച്ചടി നല്‍കാന്‍ തന്റെ രാജ്യത്തിന് മടിയില്ലെന്നാണ് കിമ്മിന്റെ മുന്നറിയിപ്പ്.

അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് കിമ്മിന്റെ മുന്നറിയിപ്പ്. ഈ ആഴ്ച ആദ്യം തങ്ങളുടെ ശേഖരത്തിലെ ഏറ്റവും നൂതന ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. അമേരിക്ക അടക്കം വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗങ്ങള്‍ പ്രഹര പരിധിയില്‍ വരുന്നതാണ് മിസൈല്‍.

മിസൈലിന്റെ വിജയകരമായ വിക്ഷേപണം ശക്തമായ തിരിച്ചടി നല്‍കാന്‍ കഴിയുമെന്നതിന്റെ വ്യക്തമായ സന്ദേശമാണെന്ന് കിം പറഞ്ഞു. രാജ്യത്തിന്റെ ആണവായുധ പ്രതിരോധ പരിണാമത്തിന്റെ മികച്ച ഉദാഹരണമാണ് വിക്ഷേപണമെന്നും കിം വ്യക്തമാക്കി. ഈ വര്‍ഷം അഞ്ച് ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.