'എന്തിനാണ് ഇങ്ങനെ തുള്ളുന്നത്? വല്യമ്മയുടെ പ്രായമുള്ളതുകൊണ്ട് ഒന്നും പറയുന്നില്ല'; മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍

'എന്തിനാണ് ഇങ്ങനെ തുള്ളുന്നത്? വല്യമ്മയുടെ പ്രായമുള്ളതുകൊണ്ട് ഒന്നും പറയുന്നില്ല'; മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കിയ മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍. മറിയക്കുട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചയെന്നും അവര്‍ എന്തിനാണ് ഇത്ര തുള്ളുന്നതെന്നും മന്ത്രി ചോദിച്ചു. മറിയക്കുട്ടിയെകൊണ്ട് പ്രതിപക്ഷം ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുപ്പിക്കുന്നതുകൊണ്ടാണ് അവര്‍ അതിനൊത്ത് തുള്ളുന്നതെന്നുമായിരുന്നു മന്ത്രിയുടെ വാദം.

'' രാഷ്ട്രീയം പറയേണ്ട എന്നു വിചാരിച്ചതാണ്. എന്നാല്‍ പ്രതിപക്ഷം എടുക്കുന്ന നിലപാടുകളില്‍ രാഷ്ട്രീയം പറയാതെ പറ്റില്ല. മറിയക്കുട്ടിയെ പോലുള്ളവര്‍ ഒന്നോര്‍ക്കണം ഇവര്‍ക്ക് പെന്‍ഷന്‍ കൂട്ടി കൊടുത്തത് പിണറായി സര്‍ക്കാരാണ്. വി.എസ് അച്യുതാനന്ദന്റെ കാലത്തുണ്ടായിരുന്ന പെന്‍ഷന്‍ തുക 500 ല്‍ നിന്നും ഇന്ന് 1,600 ആയി ഉയര്‍ന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വെറും 100 രൂപയാണ് വര്‍ധിപ്പിച്ചത്. മറിയക്കുട്ടി ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാത്തതില്‍ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായം അവര്‍ക്കുണ്ട്. എന്തിനാണ് അവര്‍ ഇങ്ങനെ തുള്ളുന്നത്? ഞാന്‍ അവരെ വേറെയൊന്നും പറയാന്‍ ഉദേശിക്കുന്നില്ല.''- സജി ചെറിയാന്‍ പറഞ്ഞു.

കൂടാതെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷനെയും സര്‍ക്കാര്‍ ജീവനെക്കാരെയും ലൈഫ് മിഷന്‍ പദ്ധതികളയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയുമൊക്കെ ബാധിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് മാസമായി വിധവ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരിനെതിരായ മറിയക്കുട്ടിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. ഇതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സര്‍ക്കാര്‍ പെന്‍ഷന്‍ തുക നല്‍കിയില്ലെങ്കില്‍ മറിയക്കുട്ടിയെ പോലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു. പെന്‍ഷ തുക നല്‍കണമെന്നും അല്ലാത്ത പക്ഷം മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.