അസഹിഷ്ണുത ജനാധിപത്യത്തിന്റെ അന്തകനാണ്

അസഹിഷ്ണുത ജനാധിപത്യത്തിന്റെ അന്തകനാണ്

ഇന്ത്യാ മഹാരാജ്യത്തില്‍ അടുത്തകാലത്തു നടക്കുന്ന സംഭവവികാസങ്ങളില്‍ ജനാധിപത്യവിശ്വാസികള്‍ ആശങ്കാകുലരാണ്. ഭരണകക്ഷി ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെപ്പോലും ഇളക്കി പ്രതിഷ്ഠിക്കുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ പ്രതിപക്ഷത്തിനു പോലും കഴിയുന്നുള്ളൂ. അല്ലെങ്കിലും പ്രതിപക്ഷ കക്ഷികളുടെ നേതാക്കന്മാരെ അവഹേളിക്കാനല്ലാതെ ഭരണകക്ഷി നേതാക്കള്‍ അവരെ പരാമര്‍ശിക്കാറേയില്ലല്ലോ. യു. പി. യിലെ ഹാത്രാസില്‍ നടന്ന മൃഗീയ പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പോലീസ് കായികമായി കൈകാര്യം ചെയ്തത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. 

ഡല്‍ഹിയില്‍ പൗരത്വ ബില്ലിനെതിരേ നടന്ന പ്രതിഷേധം കലാപമായി കത്തിപ്പടര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അഴിയെണ്ണിത്താനാണ് ഭരണകൂടം ശ്രമിച്ചത്. എതിര്‍ സ്വരങ്ങളെ മാനിക്കാത്തവര്‍ ജനാധിപത്യത്തിന്റെ ആത്മാവിനെയാണ് കൊലചെയ്യുന്നത്. 

നീതിന്യായ കോടതികളില്‍ നീതിയും ന്യായവും നടക്കാതായിട്ടും നാളുകളേറെയായി. ഭരണകക്ഷിക്ക് അനുകൂലമായ വിധികളുടെ കുത്തൊഴുക്കില്‍ നീതിന്യായ പീഠങ്ങളുടെ വിശ്വാസ്യതയാണ് കടപുഴകുന്നത്. റാഫേല്‍ കേസിലും, അയോധ്യാ തര്‍ക്ക ഭൂമിക്കേസിലും ബാബറി മസ്ജിദ് പൊളിച്ചകേസിലും പുറത്തുവന്ന വിധികളിലെ ന്യായവും നീതിയും ഇന്നാട്ടിലെ സാധാരണ പൗരന്മാര്‍ക്കു മനസ്സിലാകുന്നില്ല. വിധി പറഞ്ഞ ന്യായാധിപന്മാരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. സര്‍വ്വ തെളിവുകളും തേച്ചുമായിച്ചുകളഞ്ഞും ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്ന് ഉറപ്പുവരുത്തിയും കുറ്റാന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് സത്യവും നീതിയും അട്ടിമറിച്ചത്. 

അദ്വാനിയുടെ ആഴ്ചകള്‍ നീണ്ട രഥയാത്രയും കര്‍സേവകരുടെ മാസങ്ങള്‍ നീണ്ട ഒരുക്കവും ബാബ്‌റിമസ്ജിദിനു സംരക്ഷണമേകാന്‍ വേണ്ടിയായിരുന്നു എന്ന മട്ടിലാണ് രേഖകള്‍ ലഭ്യമായതെന്നാണ് ന്യായാധിപന്‍ വിധിവാചകത്തില്‍ പറയുന്നത്. ബാബ്‌റി മസ്ജിദ് പൊളിച്ചത് സാമൂഹ്യ ദ്രോഹികളാണെന്ന് റിപ്പോര്‍ട്ട് എഴുതിയ ഉദ്യോഗസ്ഥരെയോര്‍ത്ത് രാജ്യം ലജ്ജിക്കുന്നു. ആ സാമൂഹ്യ ദ്രോഹികളില്‍ ഒരാളെപ്പോലും നിയമത്തിനു മുന്നില്‍കൊണ്ടുവന്ന് ശിക്ഷ വിധിക്കാന്‍ കഴിയാത്ത വ്യവസ്ഥിതിയെയോര്‍ത്തും രാജ്യം ലജ്ജിക്കുന്നു.

പി. ടി. ജോസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26