നവകേരള യാത്രയിലെ പ്രതിഷേധം: പൊലീസ് നടപടിക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിമോചന സദസ്

നവകേരള യാത്രയിലെ പ്രതിഷേധം: പൊലീസ് നടപടിക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിമോചന സദസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവ കേരള യാത്രയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും സിപിഎം പ്രവര്‍ത്തകരും മര്‍ദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് നടത്തും. 282 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍ അടക്കമുള്ള നേതാക്കളും കൂടാതെ എഐസിസി - കെപിസിസി ഭാരവാഹികളും ഫാസിസ്റ്റ് വിമോചന സദസിന് നേതൃത്വം നല്‍കും.

എന്നാല്‍ മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയുന്നതും പാര്‍ട്ടിയില്‍ തങ്ങള്‍ കുറച്ച് പേര്‍ മാത്രമെന്ന രീതിയും ശരിയല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുന്‍മന്ത്രി കൂടിയായ ജി. സുധാകരന്‍ പ്രതികരിച്ചിരുന്നു. നവകേരള സദസിനിടെ നടന്ന പ്രതിഷേധങ്ങളെ സര്‍ക്കാരും പൊലീസും അടിച്ചമര്‍ത്തുന്ന രീതിക്കെതിരെ രൂക്ഷ വിമര്‍ശനം കോണ്‍ഗ്രസ് ഉയര്‍ത്തുന്നതിനിടെയാണ് ജി.സുധാകരന്റെ ശ്രദ്ധേയമായ പ്രതികരണം. എന്തായാലും കോണ്‍ഗ്രസ് അദേഹത്തിന്റെ വിമര്‍ശനം ആയുധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവ കേരള ബസ് സഞ്ചരിച്ച ഇടങ്ങളില്‍ ഒക്കെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഇതിനോടകം തന്നെ ഉണ്ടായി.

ദൃശ്യമാധ്യമങ്ങളില്‍ അടക്കം പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പ്രവര്‍ത്തകരെ മര്‍ദിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നിരുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് ഇത്തരത്തിലുള്ള അക്രമം പൊലീസ് നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് കയറി പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അതിക്രമം വരെ നടന്നു.

എന്നാല്‍ നവ കേരള സദസുമായി ബന്ധപ്പെട്ട മികച്ച പ്രകടനം കാഴ്ചവച്ച പൊലീസുകാര്‍ക്ക് ഭരണകൂടം അഭിനന്ദനങ്ങള്‍ നല്‍കുമ്പോള്‍ അവരുടെ അതിക്രമങ്ങള്‍ക്കും അക്രമങ്ങള്‍ കാണിച്ചുകൂട്ടിയവരെ സംരക്ഷിക്കുകയും അവര്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്ത് പൊലീസ് നടപടിക്കെതിരെ കൂടിയാണ് ഇന്ന് നടത്തുന്ന ഫാസിസ്റ്റ് വിമോചന സദസ് ലക്ഷ്യം വെയ്ക്കുന്നത്. ഭരണകൂടത്തിനെതിരെ നടത്തുന്ന ഈ പ്രതിഷേധം പൊതുസമൂഹം കാണാതെ പോകില്ലെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.