താരങ്ങളുടെ പ്രതിഷേധം: ഗുസ്തി ഫെഡറേഷന് താല്‍കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

 താരങ്ങളുടെ പ്രതിഷേധം: ഗുസ്തി ഫെഡറേഷന് താല്‍കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനത്തിനായി താല്‍കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ). തിരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടതിന് പിന്നാലെയാണ് താല്‍കാലിക സമിതിയെ നിയമിച്ചത്.

ഭുപീന്ദര്‍ സിങ് ബജ്വയാണ് സമിതിയുടെ തലവന്‍. എം.എം സോമയ, മഞ്ജുഷ കന്‍വര്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്. പുതിയ സമിതിയുടെ നിയമനം ഫെഡറേഷനില്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനാണെന്ന് ഐഒഎ അറിയിച്ചു.

ഫെഡറേഷന്റെ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. അവാര്‍ഡുകള്‍ തിരികെ നല്‍കാനുള്ള തീരുമാനം പ്രധാനമന്ത്രിക്ക് കത്തിലൂടെ വിഗ്‌നേഷ് ഫോഗട്ട് അറിയിച്ചു. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുന്നുവെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്‌രംഗ് പൂനിയ പത്മശ്രീ മടക്കി നല്‍കുകയും ചെയ്തു. ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ഇതോടെയാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ദേശീയ മത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.