ന്യൂഡല്‍ഹി: ആഗോള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ ടെസ്‌ല സിഇഒ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദ് മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ടെസ്‌ല മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചതായും കമ്പനി സംസ്ഥാനത്ത് പ്ലാന്റ് ആരംഭിക്കാനുളള സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളായിരുന്നു കമ്പനിയുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ നിബന്ധനകള്‍ ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചതോടെ പ്ലാന്റ് തുടങ്ങാന്‍ ഗുജറാത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഇക്കാര്യം സ്ഥിരീകരിക്കുന്നതായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ വക്താവ് റിഷികേശ് പട്ടേല്‍ കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിലെ പ്രതികരണം. ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് വച്ച അഭിപ്രായങ്ങള്‍ ടെസ്‌ല സിഇഒ അംഗീകരിച്ചതായാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും റിഷികേശ് പറഞ്ഞിരുന്നു.
ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി നടത്തി വില്‍പന നടത്താന്‍ ടെസ്‌ല പദ്ധതിയിട്ടിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന ഇറക്കുമതി നയങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ പ്ലാന്റ് ആരംഭിക്കാന്‍ കമ്പനി തീരുമാനമെടുത്തത്. രാജ്യത്ത് 200 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാവ്ചയില്‍ അദേഹം രാജ്യത്ത് നിക്ഷേപം നടത്താനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ബിസിനസ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ മസ്‌ക് നേരിട്ടെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.