ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞ് വാര്‍ണര്‍

ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞ് വാര്‍ണര്‍

സിഡ്‌നി: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഇനി മിന്നലാട്ടം നടത്താന്‍ ഡേവിഡ് വാര്‍ണര്‍ ഉണ്ടാകില്ല. ഏകദിന ക്രിക്കറ്റിനോട് വിടപറയുകയാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം 37 കാരനായ ഡേവിഡ് വാര്‍ണര്‍ അറിയിച്ചു.

പാക്കിസ്ഥാനെതിരായ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇനി ടി20യില്‍ മാത്രമായിരിക്കും വാര്‍ണര്‍ കളിക്കുക.

അതേ സമയം, രാജ്യത്തിന് തന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ 2025ല്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധനാണെന്നും വാര്‍ണര്‍ വെളിപ്പെടുത്തി.

2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനലാണ് വാര്‍ണറുടെ കരിയറിലെ അവസാന ഏകദിന മല്‍സരം. ഓസ്‌ട്രേലിയയുടെ ലോകകപ്പ് കിരീടനേട്ടത്തില്‍ പങ്കാളിയാകാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നു പറഞ്ഞ വാര്‍ണര്‍ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

2009ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച വാര്‍ണര്‍ 161 ഏകദിനങ്ങളില്‍ പാഡണിഞ്ഞു. 22 ശതകവും 33 അര്‍ധശതകവുമുള്‍പ്പെടെ 6,932 റണ്‍സാണ് വെടിക്കെട്ടിന് പേരുകേട്ട ഇടങ്കൈയ്യന്‍ ഓപ്പണറുടെ സമ്പാദ്യം.

2015ലും 2023ലും ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ നിര്‍ണായക അംഗമായിരുന്നു വാര്‍ണര്‍. കഴിഞ്ഞ ലോകകപ്പിലെ 11 കളികളില്‍ നിന്ന് 535 റണ്‍സ് അടിച്ചുകൂട്ടിയ വാര്‍ണര്‍ ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായി.

പാകിസ്ഥാന്‍ പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റില്‍ നിന്നും വിരമിക്കുന്ന വാര്‍ണര്‍ ഇതുവരെ 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്‌സുകളില്‍ നിന്നായി 8487 റണ്‍സാണുള്ളത്. 25 ശതകവും മൂന്ന് ഇരട്ടശതകവും 36 അര്‍ധശതകവും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. 44.43 ആണ് ശരാശരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.