മൂന്ന് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പം, ചെലവ് 1,66000 കോടി, 7 നീന്തല്‍ക്കുളങ്ങള്‍; അത്ഭുതങ്ങള്‍ ഒളിപ്പിച്ച ഏറ്റവും വലിയ ആഡംബരകപ്പല്‍ കന്നിയാത്രയ്ക്ക്

മൂന്ന് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പം, ചെലവ് 1,66000 കോടി, 7 നീന്തല്‍ക്കുളങ്ങള്‍; അത്ഭുതങ്ങള്‍ ഒളിപ്പിച്ച ഏറ്റവും വലിയ ആഡംബരകപ്പല്‍ കന്നിയാത്രയ്ക്ക്

ഫ്‌ളോറിഡ: യാത്രാ സ്‌നേഹികള്‍ക്ക് അത്ഭുതം സമ്മാനിക്കാനൊരുങ്ങുകയാണ് ഐക്കണ്‍ ഓഫ് ദ സീസ് എന്ന ലോകത്തിലെ ഏറ്റവും വലിയ ആഡംബരകപ്പല്‍. സമുദ്രത്തിലെ ഒഴുകുന്ന കൊട്ടാരം എന്ന് ഈ കപ്പലിനെ വിശേഷിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയില്ല. 1,198 അടി നീളം, 250,800 ടണ്‍ ഭാരം... ഏഴ് സ്വിമ്മിംഗ് പൂളുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍... കന്നിയാത്രക്ക് ഒരുങ്ങാന്‍ പോകുന്ന 'ഐക്കണ്‍ ഓഫ് ദ സീസ് ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. ടൈറ്റാനിക്കിനേക്കാള്‍ അഞ്ചിരട്ടി വലിപ്പമുണ്ടെന്ന് പറയപ്പെടുന്ന ഈ കപ്പല്‍ അവസാന മിനുക്കുപണികള്‍ക്കായി കരീബിയന്‍ ദ്വീപിലെത്തിയിരിക്കുകയാണ്.

റോയല്‍ കരീബിയനാണ് കപ്പലിന്റെ ഉടമസ്ഥര്‍. ഇന്നുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ കപ്പലാണ് ഇതെന്നതാണ് പ്രത്യേക. മൂന്ന് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമാണ് 'ഐക്കണ്‍ ഓഫ് ദി സീസ്' കപ്പലിനുള്ളത്.



ജനുവരി 27-ന് യു.എസിലെ മയാമിയില്‍ നിന്നും ക്രൂയിസ് കപ്പല്‍ കന്നിയാത്ര ആരംഭിക്കും. ആദ്യ യാത്രയ്ക്ക് മുന്നോടിയായി, സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ട്രയല്‍ യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്യൂര്‍ട്ടോ റിക്കോയിലെ പൗണ്‍സ് തുറമുഖത്ത് ക്രൂയിസ് കപ്പലെത്തിയിട്ടുണ്ട്. യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ കരീബിയന്‍.

മിയാമിയില്‍ നിന്ന് യാത്ര ആരംഭിച്ച് ബഹാമാസ്, മെക്‌സിക്കോ, ഹോണ്ടുറാസ് സെന്റ് മാര്‍ട്ടന്‍, സെന്റ് തോമസ് ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ താണ്ടി ഏഴ് രാത്രികളാണ് കപ്പലില്‍ ചെലവഴിക്കാന്‍ സാധിക്കുക. ആഡംബരക്കപ്പലില്‍ യാത്ര ചെയ്യുന്നതിന് ഒരാള്‍ 1542 ഡോളറാണ് (1,28,000 രൂപ) നല്‍കേണ്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടകം തന്നെ ബുക്കിംഗ് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.



1,198 അടി നീളമുള്ള കപ്പല്‍ രണ്ട് ബില്യണ്‍ ഡോളര്‍ (1,66,000 കോടി) മുതല്‍മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. ടൈറ്റാനിക്കിന്റെ ഭാരം 46,329 ടണ്‍ ആയിരുന്നുവെങ്കില്‍, ഇതിന്റേത് 2,50,800 ടണ്ണാണ്.

20 നിലകളിലായി 7,600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഐക്കണ്‍ ഓഫ് ദ സീസിന് സാധിക്കും.  ഏഴ് സ്വിമ്മിംഗ് പൂളുകള്‍, കടലിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്ക് എന്നിവയും കപ്പലിലുണ്ട്. ആറ് വാട്ടര്‍ സ്ലൈഡുകളാണ് ഇതിന്റെ പ്രത്യേകത. അതിലൊന്ന് ഏറ്റവും ഉയരമുള്ള വാട്ടര്‍ സ്ലൈഡായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതുകൂടാതെ 40ലധികം ബാറുകളും റസ്റ്റോറന്റുകളുമുണ്ട്.

കുടുംബങ്ങള്‍ക്കായി ലോകോത്തര നിലവാരമുള്ള അക്വാ പാര്‍ക്ക്, നീന്തല്‍ ബാര്‍, എക്‌സ്‌ക്ലൂസീവ് ഡൈനിംഗ് അനുഭവങ്ങള്‍, ആര്‍ക്കേഡുകള്‍, ലൈവ് മ്യൂസിക്, ഷോകള്‍ എന്നിവയാണ് കപ്പലിന്റെ മറ്റ് ആകര്‍ഷണങ്ങള്‍. ഇന്‍ഫിനിറ്റി പൂളും കപ്പലിലുണ്ട്.



കപ്പലിലെ ഏറ്റവും വലിയ സ്യൂട്ടാണ് മൂന്ന് നിലകളുള്ള, 1,772 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 'അള്‍ട്ടിമേറ്റ് ഫാമിലി ടൗണ്‍ ഹൗസ്'. ഇതിന് ആഴ്ചയില്‍ 75,000 ഡോളര്‍ (62 ലക്ഷത്തിലധികം രൂപ) ചെലവ് വരും. തിയറ്റര്‍, പിംഗ്-പോങ് ടേബിള്‍, കരോക്കെ, നിലകള്‍ക്കിടയിലുള്ള സ്ലൈഡ് എന്നിവയുള്ള സ്യൂട്ടില്‍ എട്ട് പേര്‍ക്ക് കഴിയാം.

'കുടുംബത്തിനായി നല്ലൊരു അവധിക്കാലമാണ് ഞങ്ങള്‍ നല്‍കുന്നത്. കപ്പലിലെ യാത്ര നിങ്ങളുടെ മനസിനെ ത്രസിപ്പിക്കുക തന്നെ ചെയ്യും' റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ മൈക്കല്‍ ബെയ്ലിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2000 ജീവനക്കാരാണ് കപ്പലിലുണ്ടാവുക. ഇവര്‍ക്കായി ഗെയിമിംഗ് റൂം, ഹെയര്‍ സലൂണ്‍ എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. തത്സമയ സംഗീതം, കോമഡി, ഡ്യുലിങ് പിയാനോ ബാര്‍, തിയേറ്ററുകള്‍ എന്നിവയിലൂടെ അതിഥികളെ രസിപ്പിക്കാനുള്ള ക്രമീകരണങ്ങളും റോയല്‍ കരീബിയന്‍ ഒരുക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.