തിരുവനന്തപുരം:ചുറ്റുമതില്‍ ഇല്ലാത്തത് കാരണം പുലിപ്പേടിയില്‍ കഴിയുന്ന പൊന്‍മുടി ഗവ. യു.പി.എസിലെ 42 കുട്ടികളുടെയും എട്ട് അധ്യാപകരുടെയും ആശങ്കയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ പരാതി പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സ്‌കൂളിന് 2.25 ഏക്കര്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ വനം വകുപ്പിന്റെ കണക്കില്‍ 48 സെന്റ് മാത്രമാണുള്ളത്. സ്‌കൂള്‍ നിര്‍മ്മിച്ചപ്പോള്‍ രണ്ടുവശത്ത് മാത്രം മതില്‍ നിര്‍മ്മിച്ചു. ബാക്കി രണ്ടു വശത്തും കാട് വളര്‍ന്ന് സ്‌കൂളിലേക്ക് കയറി. ഇവിടം തങ്ങളുടെ സ്ഥലമാണെന്നും മതില്‍ കെട്ടാനാകില്ലെന്നും വനം വകുപ്പ് പറയുന്നു.
എന്നാല്‍ വില്ലേജ് റെക്കോര്‍ഡില്‍ രണ്ടേകാല്‍ ഏക്കര്‍ സ്ഥലം സ്‌കൂളിനുണ്ട്. സ്‌കൂളിന് സമീപമുള്ള അടിക്കാടെങ്കിലും വെട്ടിയില്ലെങ്കില്‍ പതുങ്ങിയിരിക്കുന്ന പുലി ചാടി വീഴുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സ്‌കൂളിലെ പാചകകാരി പുലിയെ കണ്ടിട്ടുണ്ട്. ചെന്നായയും കാട്ടാനയും സ്‌കൂളിലെ സ്ഥിരം സന്ദര്‍ശകരാണ്. കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും പേടി കൂടാതെ പുറത്തിറങ്ങാനാവില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.