ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ മവോരി ഗോത്ര കലാരൂപത്തില്‍ വനിതാ എംപിയുടെ പ്രസംഗം; വൈറലായി വീഡിയോ

ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ മവോരി ഗോത്ര കലാരൂപത്തില്‍ വനിതാ എംപിയുടെ പ്രസംഗം; വൈറലായി വീഡിയോ

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ മവോരി ഗോത്ര വിഭാഗത്തിന്റെ തനതു കലാരൂപത്തില്‍ പ്രസംഗിച്ച വനിതാ എംപിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. 170 വര്‍ഷങ്ങള്‍ക്കിടെ ന്യൂസീലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തിരഞ്ഞെടുക്കപ്പെട്ട 21-കാരി ഹന റോഹിതി മെയ്പി ക്ലാര്‍ക്കിന്റെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. മവോരി ഗോത്രവര്‍ഗപ്രതിനിധിയായ ഹന റോഹിത മെയ്പി ക്ലാര്‍ക്കിന്റെ 'നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ മരിക്കും, എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ജീവിക്കുകയും ചെയ്യും', എന്ന പ്രസംഗമാണ് ചര്‍ച്ചാ വിഷയം. മവോരികളുടെ പരമ്പരാഗത നൃത്തരൂപമായ ഹക്കയും പാര്‍ലമെന്റില്‍ മെയ്പി അവതരിപ്പിച്ചു.

അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കാനും മവോരി വിഭാഗത്തോട് ആഹ്വാനം ചെയ്യുന്നതാണ് എം.പിയുടെ പ്രസംഗം. ദേശീയ അംഗീകാരത്തിനായി മവോരി വിഭാഗം നടത്തിയ പോരാട്ടത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ പാര്‍ലമെന്റിന് പുറത്തുതന്നെ തന്റെ ആദ്യ പ്രസംഗം നടത്തിയതായി അവര്‍ പറഞ്ഞു. 'അന്ന് നടത്തിയ പ്രസംഗം എന്റെ മുത്തശ്ശനും മുത്തശ്ശിമാര്‍ക്കും സമര്‍പ്പിക്കുന്നു, ഇന്നത്തെ പ്രസംഗം നമ്മുടെ കുട്ടികള്‍ക്കും' മെയ്പി ക്ലാര്‍ക്ക് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് രാജ്യത്തെ തദ്ദേശീയരായ മവോരി സമുദായത്തില്‍നിന്ന് മെയ്പി ക്ലാര്‍ക്ക് പാര്‍ലമെന്റിലെത്തിയത്. ഓക്ലന്‍ഡിനും ഹാമില്‍ട്ടണും ഇടയിലുള്ള ചെറു പട്ടണമായ ഹന്‍ട്ലിയാണ് മെയ്പി ക്ലാര്‍ക്കിന്റെ സ്വദേശം. രാഷ്ട്രീയപ്രവര്‍ത്തക എന്നതിലുപരിയായി മവോരി ഭാഷയുടേയും സംസ്‌കാരത്തിന്റേയും സംരക്ഷകയായാണ് മെയ്പി ക്ലാര്‍ക്ക് സ്വയം കാണുന്നത്.

തങ്ങളുടെ പരിസ്ഥിതിക്കും ജലത്തിനും ഭൂമിക്കും പ്രകൃതിവിഭവങ്ങള്‍ക്കും നേരെ സര്‍ക്കാരിന്റെ കൈയേറ്റമുണ്ടായിയെന്ന് അവര്‍ കുറ്റപ്പെടുത്തി. മാതൃഭാഷ പഠിക്കാന്‍ കഴിയാതെ, തലതാഴ്ത്തി ക്ലാസ് റൂമിന്റെ ഏറ്റവും പിന്നിലിരിക്കുന്ന മവോരി കുട്ടികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പ്രസംഗത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.