ആദിത്യയില്‍ കേരളത്തിന്റെ കൈയ്യൊപ്പ്

ആദിത്യയില്‍ കേരളത്തിന്റെ കൈയ്യൊപ്പ്

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എല്‍1 ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്. കെല്‍ട്രോണ്‍, എസ്.ഐ.എഫ്.എല്‍, ടി.സി.സി, കെ.എ.എല്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങള്‍ ആദിത്യ എല്‍1 ദൗത്യത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

PSLV സി 57 ആദിത്യ എല്‍1 മിഷന്റെ ഭാഗമായി PSLV റോക്കറ്റിന് വേണ്ടി കെല്‍ട്രോണില്‍ നിര്‍മിച്ചിട്ടുള്ള 38 ഇലക്ട്രോണിക്‌സ് മൊഡ്യൂളുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്‌സ് മോഡലുകളുടെ ടെസ്റ്റിങ് സപ്പോര്‍ട്ടും കെല്‍ട്രോണ്‍ നല്‍കിയിട്ടുണ്ട്.

ആദിത്യ എല്‍1 വിക്ഷേപണ വാഹനമായ PSLVയുടെ വിവിധ ഘട്ടങ്ങള്‍ക്കുള്ള ഫോര്‍ജിങ്ങുകള്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്.ഐ.എഫ്.എല്‍ തദ്ദേശീയമായി വികസിപ്പിച്ച് നല്‍കിയിട്ടുള്ളതാണ്. പ്രൊപ്പല്ലര്‍ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോര്‍ജിങ്‌സ്, 15CDV6 ഡോം ഫോര്‍ജിങ്‌സ് എന്നിവയ്‌ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കണ്‍വെര്‍ജെന്റ് ഡൈവേര്‍ജെന്റ് ഫോര്‍ജിങുകളും മറ്റു ഘടകങ്ങളായ പ്രിന്‍സിപ്പിള്‍ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റര്‍ പിസ്റ്റണ്‍, ഇക്വിലിബ്രിയം റെഗുലേറ്റര്‍ ബോഡി എന്നിവയും എസ്.ഐ.എഫ്.എല്‍. തദ്ദേശീയമായി വികസിപ്പിച്ചതാണ്.

പദ്ധതിക്കാവശ്യമായ 150 മെട്രിക് ടണ്‍ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകള്‍ ടി.സി.സിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷന്‍ സിസ്റ്റത്തിന് ആവശ്യമായ വിവിധതരം ഘടകങ്ങള്‍ വിതരണം ചെയ്തിരിക്കുന്നതും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരളാ ആട്ടോമൊബൈല്‍സ് ലിമിറ്റഡാണെന്നും കുറിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.