ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസിലെ ഇരയുടെ കുടുംബത്തെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍. പോക്സോ കേസില്‍ പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധു കൂടിയായ പാല്‍രാജിനെ പീരുമേട് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പാല്‍രാജിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. പ്രതി മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട അര്‍ജുന്റെ പിതൃസഹോദരന്‍ ഇരയുടെ അച്ഛനെയും മുത്തച്ഛനെയും ഇന്നലെ രാവിലെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇരയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. ഈ സമയം പാല്‍രാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കമാകുകയും പിന്നീട് കൈയാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു. തുടര്‍ന്ന് പാല്‍രാജ് കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഇരുവരേയും കുത്തുകയുമായിരുന്നു.
പിതാവിന്റെ ഇരുകാലുകളുടെയും തുടയ്ക്കും നെഞ്ചത്തും തോളിനുമാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛന് തോളിനും ഇരുമുട്ടുകള്‍ക്കും പരിക്കുണ്ട്. ഇരുവരെയും വണ്ടിപ്പെരിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ആക്രമണ ശേഷം രക്ഷപ്പെട്ട പ്രതിയെ പീരുമേട് പൊലീസ് പിടികൂടി വണ്ടിപ്പെരിയാര്‍ പൊലീസിന് കൈമാറുകയായിരുന്നു.
തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് അര്‍ജുന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു. സ്വന്തം വീട്ടിലേക്ക് എത്താന്‍ ഇവരെ പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പാല്‍രാജിനൊപ്പമാണ് അര്‍ജുന്‍ താമസിക്കുന്നത്. അര്‍ജുനെ വെറുതെവിട്ട വിധി വന്ന ശേഷം ഇരുകൂട്ടരും തമ്മില്‍ നിരവധി തവണ തര്‍ക്കമുണ്ടായിട്ടുണ്ട്.
ആറ് വയസുകാരിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ കണ്ട് കേസ് സംബന്ധിച്ചുള്ള പരാതികള്‍ അറിയിച്ചിരുന്നു. ഇരയുടെ കുടുംബത്തിന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും സിപിഐ, ബിജെപി നേതാക്കളും രംഗത്തെത്തിയതിനെത്തുടര്‍ന്ന് ഇരയുടെ വീട്ടുകാര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.