നവ കേരള സദസ്: റവന്യുവിലും തദ്ദേശ സ്വയം ഭരണ വകുപ്പിലും തീര്‍പ്പ് കാത്ത് ഒരു ലക്ഷത്തില്‍പ്പരം പരാതികള്‍

നവ കേരള സദസ്: റവന്യുവിലും തദ്ദേശ സ്വയം ഭരണ വകുപ്പിലും തീര്‍പ്പ് കാത്ത് ഒരു ലക്ഷത്തില്‍പ്പരം പരാതികള്‍

തിരുവനന്തപുരം: നവ കേരള സദസ് പൂര്‍ത്തിയായപ്പോള്‍ റവന്യു വകുപ്പില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ളത് 1,06,177 അപേക്ഷകള്‍. വിവിധ തരം സഹായങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന പലവിധ പരാതികളെന്ന ശീര്‍ഷകത്തില്‍ 36,358 പരാതികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ആവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ നിന്നായി 48,553 പേരുമാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ദുരിതാശ്വാസ സഹായ വിതരണത്തിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായതിനാല്‍ പരാതി പരിഹാരം അത്ര എളുപ്പമാകില്ല. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം ആവശ്യപ്പെട്ട് ലഭിച്ച 48,553 അപേക്ഷകളില്‍ കൂടുതല്‍ ആലപ്പുഴ ജില്ലയില്‍ നിന്നുമാണ്. 6732 അപേക്ഷകളാണ് ലഭിച്ചത്. ചതുപ്പുനിലം തരംമാറ്റുന്നതുമായി ബന്ധപ്പെട്ടും പട്ടയ പ്രശ്‌നവുമായി ബന്ധപ്പെട്ടും അപേക്ഷകള്‍ റവന്യു വകുപ്പിന് തലവേദനയാകും.

തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ നിവേദനങ്ങളിലും ജനുവരി 31നകം പരിഹാര നടപടി സ്വീകരിക്കുമെന്നാണ് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചത്. സദസിന്റെ വിവിധ കൗണ്ടറുകളില്‍ ലഭിച്ച 1,59,168 നിവേദനങ്ങളാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാതല സംവിധാനങ്ങളിലേക്ക് ഇതുവരെ കൈമാറിയത്.

മുഴുവന്‍ നിവേദനങ്ങളും തീര്‍പ്പാക്കിയെന്ന് ഉറപ്പാക്കാനായി തദേശ വകുപ്പ് ഈ മാസം 22, 23, 24 തിയതികളില്‍ ജില്ലാതലത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിനായി സ്ഥിരം അദാലത്തിന്റെ താലൂക്ക് തല പ്രത്യേക സിറ്റിങ് നടത്തും.

ആഡംബരമായി നവ കേരള സദസ് പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാരിനെ കുഴയ്ക്കുന്നത് വാങ്ങി കൂട്ടിയ പരാതികളിലെ പരിഹാരമാണ്. പ്രതീക്ഷയോടെ ഓരോരുത്തരും സമര്‍പ്പിച്ച അവരവരുടെ ജീവിത പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഇത്തരം സദസുകളെ ജനങ്ങള്‍ വിലയിരുത്തും. മൂന്നാമതും ആത്മവിശ്വാസത്തോടെ മറ്റൊരു തുടര്‍ ഭരണം സ്വപ്നം കാണുന്ന ജനകീയ സര്‍ക്കാരെന്ന് സ്വയം പ്രഖ്യാപിത സര്‍ക്കാരിന് തീര്‍ച്ചയായും തിരിച്ചടിയാകും.

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ആ വാക്ക് കടമെടുക്കുകയാണെങ്കില്‍ ആ ജീവിതങ്ങള്‍ പ്രതീക്ഷ നെയ്ത് കൂട്ടകയാണ്; അവരുടെ ജീവിത പ്രതിസന്ധിയില്‍ പരിഹാരം കാണുമെന്ന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.