കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് ഇക്കാര്യത്തില്‍ ഇപിയുടെ നിലപാട്.
നേരത്തെ ഇതേ സംഭവത്തില്‍ പി. ജയരാജനെ പാര്‍ട്ടി ശാസിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പഴയ ചരിത്രമാണെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു അദേഹത്തിന്റെ മറുപടി.
'കേരള സിഎം' എന്ന പേരില്‍ യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി വിജയനെ സ്തുതിക്കുന്നത്. പിണറായി വിജയന്‍ നാടിന്റെ അജയ്യന്‍, നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍ എന്നാണ് പാട്ടിന്റെ തുടക്കം.
തീയില്‍ കുരുത്തൊരു കുതിര, കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍, മണ്ണില്‍ മുളച്ചൊരു സൂര്യന്‍, മലയാളനാട്ടില്‍ മന്നന്‍, ഇന്‍ക്വിലാബിന്‍ സിംബല്‍, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്സ് പക്ഷി... ഇങ്ങനെ നീളുന്നു പാട്ടില്‍ പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിപ്പുകള്‍.
പാട്ട് ഏറെ വിവാദമായെങ്കിലും ഇതിനെതിരെ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ദൈവം കേരളത്തിന് നല്‍കിയ വരദാനമാണ് പിണറായി വിജയനെന്ന് നവകേരള സദസിന്റെ വര്‍ക്കലയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ചിലര്‍ക്കൊക്കെ മുഖ്യമന്ത്രിയോട് അസൂയയാണെന്നും വിളക്കു കത്തിച്ചും വെള്ളമൊഴിച്ചും അദ്ദേഹത്തെ പ്രാകുകയാണെന്നും കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.