ഇടത് പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ തൊടുപുഴയിലെത്തി മടങ്ങി: കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍; പ്രതിരോധിച്ച് പൊലീസ്

ഇടത് പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ തൊടുപുഴയിലെത്തി മടങ്ങി: കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍; പ്രതിരോധിച്ച് പൊലീസ്

തൊടുപുഴ: ഇടത് സംഘടനകളുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൊടുപുഴയിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി.

വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന 'കാരുണ്യം' വ്യാപാരി ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു.

അച്ഛന്‍കവല, വെങ്ങല്ലൂര്‍, ഷാപ്പുപടി എന്നിവിടങ്ങളിലാണ് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഗവര്‍ണറുടെ പരിപാടി നടക്കുന്ന മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയിരുന്നു. ഇതും പൊലീസ് തടഞ്ഞു.

ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ തൊടുപുഴയിലെത്തിയത്. ഗവര്‍ണറെ തടയില്ലെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ ശിവരാമന്‍ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്‌ഐ നേരത്തെ അറിയിച്ചിരുന്നു.

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കറുത്ത ബാനര്‍ ഉയര്‍ത്തി. ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഇന്ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.