വിക്ഷേപണത്തിനു പിന്നാലെ ചന്ദ്രനിലേക്കുള്ള യു.എസ് ലാന്ററിന് സാങ്കേതിക തകരാര്‍; ദൗത്യം ഉപേക്ഷിക്കുന്നതായി സ്വകാര്യ കമ്പനി

വിക്ഷേപണത്തിനു പിന്നാലെ ചന്ദ്രനിലേക്കുള്ള യു.എസ് ലാന്ററിന് സാങ്കേതിക തകരാര്‍; ദൗത്യം ഉപേക്ഷിക്കുന്നതായി സ്വകാര്യ കമ്പനി

ഫ്‌ളോറിഡ: അമേരിക്കയുടെ 2024ലെ ആദ്യ ചാന്ദ്ര ദൗത്യത്തിന് തിരിച്ചടി. അര നൂറ്റാണ്ടിനു ശേഷം ചന്ദ്രനിലിറങ്ങാനായി പുറപ്പെട്ട പെരെഗ്രിന്‍ ബഹിരാകാശ പേടകത്തിന് സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദൗത്യം ഉപേക്ഷിച്ചു. പേടകം നിര്‍മിച്ച സ്വകാര്യ കമ്പനിയായ ആസ്‌ട്രോബോട്ടിക് ടെക്‌നോളജീസാണ് ഇക്കാര്യമറിയിച്ചത്.

ഫ്‌ളോറിഡയിലെ കേപ് കനവറല്‍ വിക്ഷേപണ നിന്നായിരുന്നു യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ 200 അടി പൊക്കമുള്ള വുള്‍ക്കാന്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഫെബ്രുവരി 23-ന് ചന്ദ്രനിലെ 'ബേ ഓഫ് സ്റ്റിക്കിനസി'ല്‍ പേടകം ഇറക്കാനായിരുന്നു പദ്ധതി. എന്നാല്‍ റോക്കറ്റ് പറന്നുയര്‍ന്ന് 24 മണിക്കൂറിനുള്ളിലാണ് പെരെഗ്രിന്‍ ബഹിരാകാശ പേടകത്തെ ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയാണെന്ന് കമ്പനി അറിയിച്ചത്.

റോക്കറ്റിനെ ചലിക്കാന്‍ സഹായിക്കുന്ന പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ ചോര്‍ച്ചയാണ് പ്രതിസന്ധിക്കു കാരണം. ഇതിനു പിന്നാലെ തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കാവുന്ന രീതിയില്‍ പേടകത്തിലെ സോളാര്‍ പാനലുകള്‍ ക്രമീകരിക്കാനായിരുന്നില്ല. സൂര്യപ്രകാശം ഉപയോഗിച്ച് ബാറ്ററി ചാര്‍ജുചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് ചന്ദ്രനിലിറങ്ങാനുള്ള ദൗത്യം പ്രതിസന്ധിയിലായത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആസ്‌ട്രോബോട്ടിക് ആദ്യം അറിയിച്ചിരുന്നു.

ബാറ്ററി പ്രശ്‌നം പിന്നീട് പരിഹരിച്ചെങ്കിലും പെരെഗ്രിന്‍ ലാന്‍ഡറിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ബഹിരാകാശത്തുനിന്ന് പെരെഗ്രിന്‍ ലാന്‍ഡര്‍ ആദ്യമായി പങ്കിട്ട ചിത്രവും തകരാര്‍ പ്രതിഫലിപ്പിക്കുന്നതാണ്.

പെരെഗ്രിന്റെ യാത്രയ്ക്ക് 10 കോടിയിലേറെ ഡോളറാണ് നാസ ആസ്‌ട്രൊബോട്ടിക്‌സിനു നല്‍കിയത്. നാസയുടെ അഞ്ചെണ്ണമുള്‍പ്പെടെ 20 പഠനോപകരണങ്ങള്‍ പെരഗ്രിനിലുണ്ട്. ചന്ദ്രനിലെ അണുവികിരണ നിരക്ക്, സള്‍ഫറിന്റെയും ജലത്തിന്റെയും സാന്നിധ്യം തുടങ്ങിയവ പഠിക്കാനാണിത്.

ഇതുകൂടാതെ ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് പര്‍വതത്തില്‍ നിന്നുള്ള ഒരു ചെറിയ കഷണം കല്ല്, മെക്‌സിക്കോയില്‍ നിന്നുള്ള കളിപ്പാട്ടക്കാറുകള്‍, അമേരിക്കന്‍ പ്രസിഡന്റുമാര്‍ മുതല്‍ ശാസ്ത്രകുതുകികള്‍ വരെയുള്ളവരുടെ ശരീരശേഷിപ്പുകള്‍ എന്നിവ ഇതില്‍ വച്ചിട്ടുണ്ട്.

നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് സംരംഭത്തിന്റെ ഭാഗമായാണ് ആസ്‌ട്രോബോട്ടിക് ടെക്‌നോളജിയുടെ ലാന്റര്‍ ദൗത്യം തിരഞ്ഞെടുക്കപ്പെട്ടത്.

1.9 മീറ്റര്‍ ഉയരവും 2.5 മീറ്റര്‍ വിതിയുമുള്ള പേടകമാണ് പെരെഗ്രിന്‍ ലൂണാര്‍ ലാന്ററിന് 90 കിലോഗ്രാം ഭാരമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.