ആഗോള ഗ്രാമത്തിലെത്തുന്ന കാഴ്ചക്കാര്‍ക്ക് ദുബായിലെ വിവിധ വിസ സേവനങ്ങളും പരിചയപ്പെടാം

ആഗോള ഗ്രാമത്തിലെത്തുന്ന കാഴ്ചക്കാര്‍ക്ക് ദുബായിലെ വിവിധ വിസ സേവനങ്ങളും പരിചയപ്പെടാം

ദുബായ്: ആഗോള ഗ്രാമത്തിലെത്തുന്ന കാഴ്ചക്കാര്‍ക്ക് ഇനി ദുബായിലെ വിസാ സേവനങ്ങളും എയര്‍പോര്‍ട്ടിലെ നടപടി ക്രമങ്ങളും പരിചയപ്പെടാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സാണ് ദുബായ് ഗ്ലോബല്‍ വില്ലേജില്‍, വിവിധ വിസ സേവനങ്ങളും ദുബായ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്ന അത്യാധുനിക സ്മാര്‍ട്ട് സേവനങ്ങളും മറ്റും പരിചയപ്പെടുത്തുന്നത്. 'നിങ്ങള്‍ക്കായി ഞങ്ങള്‍ ഇവിടെയുണ്ട്' (we are here for you) എന്ന ഡിപ്പാര്‍ട്ട്‌മെന്റിന്റെ സേവന പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായാണ് പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിച്ച് ജനങ്ങള്‍ക്ക് വിവിധ സര്‍വീസുകള്‍ പരിചയപ്പെടുത്തുന്നത്. പവലിയലിലെ സന്ദര്‍ശകര്‍ക്ക് നല്‍കുന്ന ചോദ്യാവലിക്ക്, ഉത്തരം നല്‍കുന്നവര്‍ക്ക് വകുപ്പ് വിവിധ സമ്മാനങ്ങളും നല്‍കും.


ജി.ഡി.ആര്‍.എഫ്എഡി ക്യാമ്പയിനിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ ബ്രോഷര്‍

ജനുവരി എട്ടു മുതല്‍ 2024 ഫെബ്രുവരി എട്ടു വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ പ്ലാറ്റ്‌ഫോം എല്ലാം ദിവസവും വൈകിട്ട് 4 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. ഗ്ലോബല്‍ വില്ലേജിലെ പ്രധാന വേദിക്ക് അരികിലാണ് വകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്‍ പ്ലാറ്റ്‌ഫോം സ്ഥാപിച്ചിട്ടുള്ളത്.

നൂതനവും ഫലപ്രദവുമായ സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കളുമായുള്ള ആശയവിനിമയങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിബദ്ധതയാണ് ഇത്തരത്തിലുള്ള ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ കാരണമെന്ന് ദുബായിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് സെക്ടറിന്റെ ആക്ടിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍, ബ്രിഗേഡിയര്‍ അബ്ദുള്‍ സമദ് ഹുസൈന്‍ പറഞ്ഞു.

കുട്ടികളുടെ പാസ്പോര്‍ട്ട് പ്ലാറ്റ്ഫോം, ജി.സി.സി രാജ്യങ്ങളിലെ താമസക്കാരുടെ പ്രവേശന പെര്‍മിറ്റ്, റിന്യൂവല്‍ എന്നിവയുടെ വിവരങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. അതിനൊപ്പം സ്മാര്‍ട്ട് ഗേറ്റുകള്‍, സ്മാര്‍ട്ട് പാസ്, 48 മണിക്കൂറിന്റെയും 96 മണിക്കൂറിന്റെയും പ്രവേശന വിസകളെ സംബന്ധിച്ചുള്ള വിവരങ്ങളും അടക്കം നിരവധി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇവിടെ നിന്ന് പരിചയപ്പെടാവുന്നതാണ്.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും നേരിട്ട് ആശയവിനിമയം നടത്തുന്നതിനും വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയുമാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്തൃ ഇടപെടലുകള്‍ സുഗമമാക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ഒരു സജീവ സേവനമായി ഇത് പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് അധികൃതര്‍ അറിയിച്ചു. മുന്‍പ് ദുബായിലെ വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പയിന്‍ വലിയ വിജയമായിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.