കാശ്മീരില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢാലോചന; പാക് പൗരനുള്‍പ്പടെ മൂന്ന് ഭീകരര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം

 കാശ്മീരില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢാലോചന; പാക് പൗരനുള്‍പ്പടെ മൂന്ന് ഭീകരര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി എന്‍ഐഎ. പാക് കേന്ദ്രീകൃത സംഘടനകളും ഐഎസ്ഐയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാതായാണ് എന്‍ഐഎ വെളിപ്പെടുത്തല്‍. പാക് പൗരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സുപ്രധാന വിവരങ്ങള്‍ എന്‍ഐഎ പങ്കുവെച്ചത്.

ഭീകരവാദ ബന്ധത്തെ തുടര്‍ന്ന് നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനും രണ്ട് സഹായികള്‍ക്കുമെതിരെയാണ് ജമ്മുവിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ഭീകരന്‍ ഹബീബുള്ള മാലിക്, ഷോപ്പിയാന്‍ സ്വദേശികളായ സേഥി സോബ് എന്ന് വിളിക്കുന്ന ഹിലാല്‍ യാക്കൂബ് ദേവ, സാര്‍ എന്ന വിളിപ്പേരുള്ള മുസാബ് ഫയാസ് ബാബ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കാശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും സൈനിക വാഹനങ്ങള്‍ തകര്‍ക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു. മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ സ്‌ഫോടനം നടത്തി ജനങ്ങളെ ഭയപ്പെടുത്താനും ഭീകരസംഘടനകള്‍ ആഹ്വാനം ചെയ്തതായും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

സ്റ്റിക്കി ബോംബുകള്‍, ഐഇഡികള്‍, ചെറു ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം അഴിച്ചുവിടാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നത്. ജമ്മുവിലെ പൂഞ്ച്, രജൗരി പ്രദേശങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ബഹീബുള്ളയുടെ പങ്കും അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ ഉപദേശ പ്രകാരം ഹിലാലും മിസാബും ജമ്മു കാശ്മീരിലെ ഭീകര ഗ്രൂപ്പുകളെ ശക്തിപ്പെടുത്തി.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരണം നടത്തുകയും ആയുധങ്ങള്‍ കൈമാറുകയും ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് മൂവര്‍ക്കെതിരെയും എന്‍ഐഎ കേസെടുത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.