ഇക്വഡോറില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, അടിയന്തരാവസ്ഥ; ന്യൂസ് ചാനല്‍ ലൈവില്‍ ഇരച്ചുകയറി അക്രമിസംഘം

ഇക്വഡോറില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, അടിയന്തരാവസ്ഥ; ന്യൂസ് ചാനല്‍ ലൈവില്‍ ഇരച്ചുകയറി അക്രമിസംഘം

കീറ്റോ: തെക്കേ അമേരിക്കന്‍ രാജ്യമായ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇക്വഡോറില്‍ ക്രമസമാധാന നില പാടെ തകര്‍ന്നതിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് അക്രമികള്‍ അഴിഞ്ഞാടുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോസ് കോണ്‍റോസ് ക്രിമിനല്‍ സംഘത്തലവന്‍ അഡോള്‍ഫോ മക്കിയാസിനെ ജയിലില്‍നിന്ന് കാണാതായതിനെത്തുടര്‍ന്നാണ് രാജ്യത്ത് സംഘര്‍ഷം ആരംഭിച്ചത്.

ആയുധധാരികളായ ഒരു സംഘം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലായ ടിസിയുടെ സ്റ്റുഡിയോയില്‍ കയറി തോക്കുചൂണ്ടി മാധ്യമപ്രവര്‍ത്തകരെ ബന്ദികളാക്കുന്ന തത്സമയ ദൃശ്യങ്ങള്‍ പുറത്തുവന്നു. തോക്കുചൂണ്ടി ജീവനക്കാരെ നിലത്തുകിടത്തി കൈകള്‍ ബന്ധിക്കുന്നതും ആളുകള്‍ ഭയപ്പെട്ട് കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.

കറുത്ത വസ്ത്രം ധരിച്ചും മുഖം മറച്ചുമുള്ള ആയുധധാരികളെ ടിവി ചാനല്‍ ലൈവില്‍ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. ചാനലിലെ ഏതെങ്കിലും ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.

തന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ലെന്ന് ടിസി ടെലിവിഷന്‍ ചാനലിന്റെ ഹെഡ് ഓഫ് ന്യൂസ് ആയിരുന്ന അലീന മന്റിക് പറയുന്നു. അലീനയുടെ തലയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. 'എല്ലാം തകര്‍ന്നു.. എനിക്കിപ്പോള്‍ മനസിലാകുന്ന ഒരേയൊരു കാര്യം ഈ രാജ്യം വിട്ടുപോകേണ്ട സമയമായി എന്നതാണ്,' അലീന പറഞ്ഞു.

നിലവിലെ സാഹചര്യം ഇക്വഡോര്‍ ദേശീയ പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിച്ചു. സംഭവസ്ഥലത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചതായും 13 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി. ടെലിവിഷന്‍ സ്റ്റുഡിയോയില്‍ അതിക്രമിച്ച് കടന്ന നിരവധി പേരുടെ കൈകള്‍ ബന്ധിച്ച നിലയിലുള്ള ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.

ലോസ് കോണ്‍റോസ് ക്രിമിനല്‍ സംഘത്തലവന്‍ അഡോള്‍ഫോ മക്കിയാസിനെ ജയിലില്‍നിന്ന് കാണാതായതിനുപിന്നാലെ ഏഴോളം പോലീസ് ഉദ്യോഗസ്ഥരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. നിരവധി നഗരങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളും ജയിലുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടവിലാക്കപ്പെടുന്ന സാഹചര്യവുമുണ്ടായി.

സ്ഥിതിഗതികള്‍ രൂക്ഷമായതിന് പിന്നാലെ ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നൊബോവ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത് ആഭ്യന്തര സായുധ സംഘര്‍ഷമാണ് നിലനില്‍ക്കുന്നതെന്നും പ്രസിഡന്റ് വിശദീകരിക്കുന്നു. തീവ്രവാദ ബന്ധമുള്ള 22 സംഘടനകളുടെ വേരറുക്കാനുള്ള നിര്‍ദേശം പ്രസിഡന്റ് പോലീസിന് നല്‍കിയതായാണ് പുറത്തുവരുന്ന വിവരം.

ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സായുധസേനയ്ക്ക് എല്ലാവിധ അധികാരങ്ങളും ഇക്വഡോര്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ലഹരിവസ്തുക്കളുടെ അനിയന്ത്രിതമായ നീക്കം ഇപ്പോഴുള്ള സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.