ഷി ജിന്‍പിങ്ങിന് വെല്ലുവിളി; തായ്‌വാനില്‍ ചൈനവിരുദ്ധ പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേക്ക്; ലായ് ചിങ് തേ പ്രസിഡന്റാകും

ഷി ജിന്‍പിങ്ങിന് വെല്ലുവിളി; തായ്‌വാനില്‍ ചൈനവിരുദ്ധ പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേക്ക്; ലായ് ചിങ് തേ പ്രസിഡന്റാകും

തായ്പേ: ചൈനയ്ക്ക് വന്‍ തിരിച്ചടിയേകി തായ്‌വാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ (ഡി.പി.പി) സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ വില്യം ലായ് ചിങ് തേ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി തായ്‌വാനില്‍ അധികാരത്തിലേറുന്നത്. അമേരിക്കന്‍ അനുകൂല പാര്‍ട്ടിയാണ് ഡി.പി.പി.

ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികള്‍ക്കു നടുവിലാണ് പുതിയ പ്രസിഡന്റിനെയും പാര്‍ലമെന്റിനെയും തിരഞ്ഞെടുക്കാന്‍ തായ്‌വാനില്‍ തിരഞ്ഞെടുപ്പ് നടന്നത്. ചൈനീസ് നയങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്ന ഭരണകക്ഷിക്കാണ് വിജയമെന്നത് ഷി ജിന്‍പിങ് ഭരണകൂടത്തിന് വീണ്ടും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

അതിര്‍ത്തിയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങളെ പൂര്‍ണമായി നിഷേധിക്കുകയും തായ്വാന്റെ പ്രത്യേക നിലനില്‍പ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ഡി.പി.പി. തായ്‌വാനിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ കോമിന്‍ടാങ്ങിനെ തറപറ്റിച്ചാണ് ഡിപിപിയുടെ ജയം.

സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഡിപിപിയുടെ ലായ് ചിങ് തേയ്ക്ക് 5 ദശലക്ഷം വോട്ടുകള്‍ ലഭിച്ചു. 40 ശതമാനത്തിലധികം വോട്ടുകളാണ് തേയ്ക്ക് ലഭിച്ചത്. ലായിയെ വിഘടനവാദിയായും അപകടകാരിയായുമായിരുന്നു ചൈന വിശേഷിപ്പിച്ചിരുന്നത്.

തുടര്‍ച്ചയായുള്ള മൂന്നാം വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ലായ് ചിങ് തേ പ്രതികരിച്ചു. ലോകത്തെ ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നിയുക്ത പ്രസിഡന്റ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിച്ച ബാഹ്യശക്തികളെ വിജയകരമായി പ്രതിരോധിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലുടനീളം ചൈനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.

ഡി.പി.പി ഒഴികെയുള്ളവര്‍ ചൈനയ്ക്ക് കുടപിടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചൈനയെ എതിര്‍ക്കുന്ന ഭരണകക്ഷിയായ ഡിപിപിക്ക് തുടക്കം മുതലേ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടായിരുന്നു. ഡിപിപിയെ പിന്തുണയ്ക്കുന്നവരിലേറെയും ദ്വീപില്‍ തന്നെ ജനിച്ചുവളര്‍ന്ന തദ്ദേശീയരായ തായ്‌വാനികളാണ്. തായ്‌വാന്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കണമെന്നാണു ഡിപിപിയുടെ നിലപാട്.

ലായ് ചിങ് തേ അധികാരത്തിലെത്തുന്നതോടെ, ഭാവിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാനിടയുള്ള ആക്രമണം തടയാന്‍ സൈനിക സന്നാഹങ്ങള്‍ ബലപ്പെടുത്തും. അതിനു യുഎസിന്റെ സഹായം കിട്ടും.

തായ്‌വാനെതിരെ ചൈന സൈനിക നടപടികള്‍ ശക്തമാക്കുമോ, നിര്‍ത്തിവച്ച ഉഭയകക്ഷി സംഭാഷണങ്ങള്‍ പുനരാരംഭിക്കുമോ, ദ്വീപിനു മേലുള്ള അവകാശവാദം വീണ്ടും സജീവമാക്കുമോ എന്നെല്ലാം ഈ തിരഞ്ഞെടുപ്പ് ഫലമാണു തീരുമാനിക്കുക. എന്തുതന്നെയായാലും അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതാകും. രാജ്യാന്തര ഗതാഗതത്തിലെ മുഖ്യകേന്ദ്രമെന്ന നിലയില്‍ തായ്‌വാന്‍ കടലിടുക്കിന്റെ സുരക്ഷയും സംരക്ഷണവും വളരെയേറെ നിര്‍ണായകമാണ്.

ഇതുകൂടാതെ, ആഗോളതലത്തില്‍ സെമി കണ്ടക്ടര്‍ വിതരണശൃംഖലയില്‍ തയ് വാനു നിര്‍ണായക സ്ഥാനമുണ്ട്. ഇന്നു ലോകത്തില്‍ ഉപയോഗിക്കപ്പെടുന്ന അത്യാധുനിക സെമി കണ്ടക്ടര്‍ ചിപ്പുകളില്‍ 90 ശതമാനവും ഉല്‍പാദിപ്പിക്കുന്നതു തായ്‌വാനിലാണ്. തയ്വാന്‍ കടലിടുക്കില്‍ ആധിപത്യം പുലര്‍ത്താനും വിതരണ ശൃംഖലയെ നിയന്ത്രിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങള്‍ തടയേണ്ടതിന്റെ ആവശ്യം അമേരിക്ക തിരിച്ചറിയുന്നുണ്ട്. ചുരുക്കത്തില്‍, ഈ കൊച്ചു ദ്വീപിനെച്ചൊല്ലിയുള്ള പിടിവലി തുടരുകതന്നെ ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.