മദ്ധ്യപ്രദേശിൽ അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ്സ്

മദ്ധ്യപ്രദേശിൽ അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ്സ്

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിനോളം പോവുന്ന വാശിയും വീറുമാണ് 28 സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും മധ്യപ്രദേശിലും ദൃശ്യമാവുന്നത്. കേവലം ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി സര്‍ക്കാറിന്‍റെ  നിലനില്‍പ്പിനെ തന്നെ നിര്‍ണ്ണയിക്കുന്ന പോരാട്ടമാണ് മധ്യപ്രദേശില്‍നടക്കാൻ പോകുന്നത്.. 28 അംഗങ്ങളുടെ അഭാവത്തില്‍ 230 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ ബിജെപി ഇപ്പോള്‍ ഭരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ് 9 സീറ്റിലെങ്കിലും വിജയം നേടിയില്ലെങ്കില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീഴും.

ഈ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഉപ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കുന്നത്. 95 പേരാണ് ഇപ്പോള്‍ പ്രതിപക്ഷ നിരയില്‍ ഉള്ളത്. കോണ്‍ഗ്രസിന് 88 ഉം ബിഎസ്പ-2, എസ്പി-1 , സ്വതന്ത്രര്‍-4 എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയിലെ അംഗബലം. ഉപതിരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ വിജയിച്ചാല്‍ ഒന്നരമാസം മുമ്പ് നഷ്ടപ്പെട്ട അധികാരം തിരികെ പിടിക്കാം കോണ്‍ഗ്രസിന് സാധിക്കും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ നേതാക്കളെയാണ് കോണ്‍ഗ്രസിന് നേരിടേണ്ടതുള്ളത്. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാരായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. പിന്നീട് പലപ്പോഴായി 4 എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തി.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എത്തിയവരെ തന്നെയാണ് പല മണ്ഡ‍ലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത് ബിജെപിയില്‍ തന്നെ ഒരു വിഭാഗത്തിനിടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കുകയും ചെയ്തു. ചില നേതാക്കള്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്.

ബിജെപിയിലെ ഇത്തരം അസ്വാരസ്യങ്ങളും ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ബിജെപിയില്‍ നിന്നും എത്തിയ നേതാക്കളില്‍ വിജയ സാധ്യതയുള്ള നിരവധി പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷ മണ്ഡലങ്ങളും ഉള്‍പ്പെടുന്ന ഗ്വാളിയോര്‍-ചമ്പല്‍ മേഖല കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം.

രാജ്യത്തുടനീളമായി ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷേഭവും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സജീവ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും കര്‍ഷക വോട്ടുകള്‍ നിര്‍ണ്ണായകമാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് സജീവമായി രംഗത്ത് എത്തുന്നത് ബിജെപിയിലും ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. കാര്‍ഷിക വായ്പകള്‍ എഴുതിതള്ളിയ കമല്‍നാഥ് സര്‍ക്കാറിന്‍റെ നടപടി റദ്ദാക്കിയ തീരുമാനം നേരത്തെ തന്നെ കര്‍ഷകരില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനിടയിലാണ് കര്‍ഷ ബില്ലും കേന്ദ്രം കൊണ്ടുവരുന്നത്. ഇത് കര്‍ഷകരെ ഒന്നാകെ ബിജെപിക്ക് എതിരാക്കിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.