ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യും വിജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ മല്‍സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. നാലോവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത അഷ്‌കര്‍ പട്ടേലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: അഫ്ഗാന്‍ - 172 ഓള്‍ ഔട്ട് (20 ഓവര്‍), ഇന്ത്യ - 173/4 (15.3 ഓവര്‍)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് വേണ്ടി ഗുല്‍ബാദിന്‍ നയിബ് അര്‍ധസെഞ്ചുറി നേടി. 35 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ നയിബിനെ അഷ്‌കര്‍ പട്ടേലിന്റെ പന്തില്‍ നായകന്‍ രോഹിത് ശര്‍മ പിടിച്ചു പുറത്തായി.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മുജീബ് റഹ്‌മാന്‍ ഒമ്പത് പന്തില്‍ നിന്ന് 21 റണ്‍സും, കരിം ജനത്ത് 10 പന്തില്‍ നിന്ന് 20 റണ്‍സും നേടി നിര്‍ണായക സംഭാവന നല്‍കി. നജീബുള്ള സദ്രാന്‍ 23 റണ്‍സ് നേടി. ഇന്ത്യയ്‌ക്കെതിരെ അഫ്ഗാന്റെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറാണ് ഇന്നത്തെത്.
ഇന്ത്യയ്ക്ക് വേണ്ടി അഷ്‌കര്‍ പട്ടേല്‍ നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റ് നേടി. അര്‍ഷ്ദീപ് മൂന്നുവിക്കറ്റും, രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും നേടി. ദുബെ ഈ മല്‍സരത്തിലും ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ പ്രഹരമേറ്റു. നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ നായകന്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഡക്കായി പുറത്ത്. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലിയും ജയ്‌സ്വാളും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.
മികച്ച സ്‌ട്രോക്ക് പ്ലേയുമായി 16 പന്തില്‍ 29 റണ്‍സ് നേടി കോലി പുറത്തായി. നാലാമനായി ക്രീസിലെത്തിയ ദുബെ തുടക്കം മുതല്‍ കടന്നാക്രമിച്ചു. ജയ്‌സ്വാള്‍ 34 പന്തില്‍ നിന്ന് 68 റണ്‍സ് നേടി. ദുബെ 32 പന്തില്‍ നിന്ന് 63 റണ്‍സുമായി പുറത്താകാതെ നിന്നു.
17ാം തീയതി ബുധനാഴ്ചയാണ് പരമ്പരയിലെ മൂന്നാം മല്‍സരം. അതേ സമയം, രണ്ടാമത്തെ മല്‍സരത്തില്‍ തിലക് വര്‍മയ്ക്കു പകരം കോലിയും ഗില്ലിന് പകരം ജയ്‌സ്വാളും ടീമിലിടം പിടിച്ചു. എന്നാല്‍ രണ്ടാം മല്‍സരത്തിലും സഞ്ജുവിന് അവസരം ലഭിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.