തീർത്ഥാടക ദേവാലയങ്ങളിലൂടെ; സെന്റ് തോമസ് പള്ളി, തുമ്പോളി

തീർത്ഥാടക ദേവാലയങ്ങളിലൂടെ; സെന്റ് തോമസ് പള്ളി, തുമ്പോളി

താലൂക്കിലെ തീരദേശ ഗ്രാമമായ തുമ്പോളിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് തുമ്പോളി പള്ളി എന്ന് അറിയപ്പെടുന്ന സെന്റ് തോമസ് പള്ളി, തുമ്പോളി.

തുമ്പോളി അഥവാ തോംപോളിസ് 

ആലപ്പുഴ മുൻസിപ്പാലിറ്റിയുടെയും ആര്യാട് ഗ്രാമ പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന സ്ഥലമാണ് തുമ്പോളി എന്ന നാട്. "തോമാ പള്ളി" എന്നതിൽ നിന്നാണ് തുമ്പോളി എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

തോമായുടെ പട്ടണം എന്നർത്ഥം വരുന്ന "തോംപോളിസ്" എന്നാണ് പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്. തുമ്പോളി പള്ളിയുടെ നേരെ പടിഞ്ഞാറ് തുമ്പോളി ബീച്ചുണ്ട്. ഇവിടെ വിനോദ സഞ്ചാരികളും തീർത്ഥാടകരും എത്തുന്നു.

 ആലപ്പുഴ നഗരത്തിൽ നിന്ന് ആറ് കിലോമീറ്ററും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്ററും, കൊച്ചി നഗരമധ്യത്തിൽ നിന്ന് 60 കിലോമീറ്ററും, ചേർത്തലയിൽ നിന്ന് 20 കിലോമീറ്ററും, കുട്ടനാട് നിന്ന് 25 കിലോമീറ്ററും, ചങ്ങനാശ്ശേരിയിൽ നിന്ന് 34 കിലോമീറ്ററും, കായംകുളംത്ത് നിന്ന് 52 കിലോമീറ്ററും അകലെയായി തുമ്പോളി സ്ഥിതി ചെയ്യുന്നു.

മൽസ്യബന്ധനവും കയർ വ്യവസായവുമാണ് തുമ്പോളിയിലെ ജനങ്ങളുടെ പരമ്പരാഗത തൊഴിലുകൾ. ഈ മേഖലയിലെ ഒരു പ്രധാനപ്പെട്ട കുടിൽവ്യവസായമാണ് കയറുൽപ്പന്നങ്ങളുടെ നിർമ്മാണം. കേരളത്തിൽ ചാകരക്ക് പ്രസിദ്ധമായ കടൽ തീരങ്ങളിൽ ഒന്നാണ് തുമ്പോളി-പുറക്കാട് തീരങ്ങൾ. ആലപ്പുഴ മുൻസിപ്പാലിറ്റിയോട് തൊട്ടുരുമ്മി നിൽക്കുന്ന പ്രേദേശമാണിത്.

തുമ്പോളിയുടെ ഏറ്റവും സവിശേഷതയായി കാണാൻ സാധിക്കുന്നത് തുമ്പോളിപ്പള്ളി, തുമ്പോളി ബീച്ച്, തുമ്പോളി ഗ്രൗണ്ട്, തുമ്പോളി സ്കൂൾ, തുമ്പോളി റെയിൽവേ സ്റ്റേഷൻ എന്നിവയാണ്. 400 മുതൽ 500 വർഷം വരെ പഴക്കവും പാരമ്പര്യമുള്ള ദേവാലയമാണിത്. ഇപ്പോൾ കാണുന്ന തുമ്പോളി കടപ്പുറത്തെ വിശുദ്ധ അന്തോണീസിന്റെ 

കപ്പേളക്ക് (കുരിശ്ശടി) തുമ്പോളി പള്ളിയോളം പഴക്കമുണ്ട്. ഒട്ടനവധി ആളുകൾ ഇവിടെ തീർത്ഥാടനത്തിനും,വിനോദസഞ്ചാരത്തിനുമായി തുമ്പോളിയിൽ എത്താറുണ്ട്.

പള്ളി സ്ഥാപന ചരിത്രം

പോർച്ചുഗീസുകാരാൽ നിർമ്മിച്ച പൈതൃകം പേറുന്ന ക്രൈസ്തവ ദേവാലയമാണ് തുമ്പോളി പള്ളി. ആലപ്പുഴ രൂപതയുടെ കീഴിലുൾപ്പെട്ട ദേവാലയമാണിത്. കേരളത്തിലെ അതിപുരാതന ദേവാലയങ്ങളിൽ ഒന്നാണ് തുമ്പോളിപ്പള്ളി.

നൂറ്റാണ്ടുകളുടെ വിശ്വാസ പാര്യമ്പര്യവും പഴക്കവുമുള്ള പള്ളിയായ തുമ്പോളി പള്ളി എ.ഡി 1600 ലാണ് സ്ഥാപിക്കപ്പെടുന്നത് (കല്ലും, തടിയുമുപയോഗിച്ച്) AD 06-നൂറ്റാണ്ടുമുതലാണ് തുമ്പോളിയിൽ ഏതാനും ക്രിസ്ത്യാനികൾ കുടിയേറി താമസിക്കുകയും ഇവിടെ `തോമപള്ളി´ എന്ന പേരിൽ ഓലമേഞ്ഞ ചെറിയ പള്ളി സ്ഥാപിക്കുകയും ചെയ്തത്. അങ്ങനെയാണ് ക്രൈസ്തവ പാരമ്പര്യത്തിന് തുടക്കമാകുന്നത്. പ്രാചീനമായ തുമ്പോളി പള്ളി പശ്ചാത്യ രീതിയിലാണ് നിർമ്മാണം. തുമ്പോളി പള്ളിയുടെ നിർമ്മാണ ശൈലിയും രൂപഘടനയും വളരെ മനോഹരമാണ്.

'കൊമ്പ്രിയ ദർശന സാഹോദര്യത്തിന്റെ´ (പോർട്ടുഗീസ് പൈതൃക പാരമ്പര്യത്തിന്റെ മാതൃക AD 1585-ൽ തുമ്പോളിയിൽ സ്ഥാപിച്ചു) ഈറ്റില്ലമാണ് തുമ്പോളിപ്പള്ളി. AD 1730-ൽ ദേവാലയത്തിന്റെ നിർമ്മാണം പൂർത്തീക്കരിക്കപ്പെട്ട ദേവാലയമാണ് ഇപ്പോൾ തുമ്പോളിയിൽ കാണാൻ സാധിക്കുന്നത്. ഭാരതത്തിൽ ആദ്യമായി ദൈവമാതാവായ പരിശുദ്ധ `കന്യാകമറിയത്തിന്റെ തിരുസ്വരൂപം´ പ്രതിഷ്ഠിക്കപെടുന്നത് തുമ്പോളി പള്ളിയിലാണ്.

തിരുന്നാൾ

19 ദിവസം നീണ്ടു നിൽക്കുന്ന പെരുന്നാൾ ആണ് തുമ്പോളിയിലെത്. ആലപ്പുഴയിലെ ഡിസംബർ - ജനുവരി മാസങ്ങളിലെ ഉത്സവാഘോഷത്തിന് തുടക്കം കുറിക്കുന്നത് തുമ്പോളി പള്ളിയിലെ തിരുനാളിലൂടെയാണ്. തുമ്പോളി പള്ളിയിലെ അമലോൽഭവ മാതാവിന്റെ തിരുനാളായ തുമ്പോളി പെരുന്നാൾ എല്ലാ വർഷവും നവംബർ 28 മുതൽ ഡിസംബർ 15 വരെ സാഘോഷം ആഘോഷിക്കുന്നു.

കേരളത്തിലെയും,ആലപ്പുഴ ജില്ലയിലേയും വളരെ ആർഭാടത്തോടും ആഘോഷത്തോടും ഭക്തിയോടും കൂടെ നടത്തുന്ന വലിയ തിരുനാളുകളിൽ ഒന്നാണ് തുമ്പോളി പള്ളിയിലെ പെരുന്നാൾ. 

ഇവിടുത്തെ പ്രധാന നേർച്ച സമർപ്പണം 'പട്ടും, കിരീടം എഴുന്നള്ളിപ്പുമാണ് '. നിരവധി തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്നു. മെഴുകുതിരി കൈയിലേന്തിയാണ് വിശ്വാസികൾ കൊടിയേറ്റിന് സാക്ഷ്യം വഹിച്ചു പങ്കെടുന്നുന്നത്. ഇത് കാണുവാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ തുമ്പോളിയിൽ എത്താറുണ്ട്.

ഡിസംബർ 06 നാണ് പരിശുദ്ധ അമലോത്ഭവ മാതാവായ തുമ്പോളി മാതാവിന്റെ അത്ഭുത തിരുസ്വരൂപ തിരുനട തുറക്കൽ. പ്രധാന തിരുനാൾ ദിനം ഡിസംബർ 7, 8 എന്നി ദിവസങ്ങളിൽ, തുമ്പോളിയിൽ ജനനിബിഡമായിരിക്കും. ഡിസംബർ 08 - അന്നേ ദിവസമാണ് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തേക്കെടുക്കുന്ന ചരിത്ര പ്രസിദ്ധമായ തുമ്പോളി മാതാവിന്റെ അത്ഭുത തിരുസ്വരൂപവും വഹിച്ചുള്ള 2 മണിക്കൂർ നീളുന്ന പെരുന്നാൾ പ്രദക്ഷിണം.

എട്ടാംമിടം

ഡിസംബർ 15-നാണ് എട്ടാംമിടം. അന്നേ ദിവസം സ്ത്രീകളുടെ- (അമ്മമാരുടെയും സഹോദരികളുടെയും) നേതൃത്വത്തിൽ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം. ഡിസംബർ 15 എട്ടാംമിടം തിരുനാൾ, അർദ്ധ രാത്രിയോടുകൂടി തുമ്പോളി മാതാവിന്റെ തിരുനട അടക്കുന്നതോടുകൂടിയും, തിരുനാൾ കൊടി ഇറങ്ങുന്നത്തോടുകൂടിയുമാണ് തിരുനാൾ ചടങ്ങുകൾ സമാപിക്കുന്നത്. 

നേർച്ച - കാഴ്ച സമർപ്പണം

തുമ്പോളി പള്ളിയിലെ പ്രധാന നേർച്ച - കാഴ്ചകൾ എന്ന് പറയുന്നതിൽ ഏറ്റവും പ്രധാനപെട്ടത് ``പട്ടും, കിരീടം എഴുന്നള്ളിപ്പുമാണ്. അതുകൂടാതെ സ്വർണ്ണം, വെള്ളി ഉരുപ്പടികൾ, ആഭരണം വെച്ച് സമർപ്പണം, പട്ട് , ആൾരൂപങ്ങൾ, നോട്ട്മാല, പൂമാല, പേപ്പർമാല, അടിമ സമർപ്പണം, നേർച്ച പായസം എന്നിവയെല്ലാമാണ്.

മറ്റു തിരുന്നാളുകൾ

ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ച്ച സെന്റ് തോമസിന്റെ തിരുനാൾ ആഘോഷിക്കുന്നു. അതുകൂടാതെ സെപ്റ്റംബർ 01 മുതൽ സെപ്റ്റംബർ 08 വരെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിക്കപെടുന്നു. ഒക്ടോബർ 01 മുതൽ ഒക്ടോബർ 31 വരെ ജപമാല മാസം ആഘോഷമായി നടത്തുന്നു.

മറ്റ് പ്രത്യേകതകൾ 

A D 1600 ൽ സ്ഥാപനം

1580-1600 കാലഘട്ടത്തിനിടയിൽ `പാരിസിൽ നിന്നോ പോർച്ചുഗലിൽ നിന്നോ(ഇറ്റലിയിൽ നിന്നാണെന്നും പറയുന്നു) കൊണ്ടുവന്ന ദൈവമാതാവിന്റെ അമലോത്ഭവ തിരുസ്വരൂപം ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടൂ.

ഇന്ത്യയിൽ ആദ്യമായി ദൈവ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെടുന്നത് തുമ്പോളി പള്ളിയിലാണ്. ആ കാലഘട്ടത്തിൽ ദൈവ മാതാവിന്റെ ഛായാ ചിത്രങ്ങളാണ് മറ്റുള്ള മരിയൻ ദേവാലയങ്ങളിൽ ഉണ്ടായിരുന്നത്

"കപ്പലോട്ടക്കാരി അമ്മ" എന്ന് കൂടി തുമ്പോളി മാതാവിനെ വിളിക്കുന്നു. തുമ്പോളി മാതാവ് കപ്പലിൽ വന്നതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നത്.

AD 1585 ൽ തുമ്പോളിയിൽ 'കൊമ്പ്രിയ ദർശനസംസ്കാരം' (പോർട്ടുഗീസ് പൈതൃകം) സ്ഥാപിക്കപ്പെട്ടു.

കൊമ്പ്രിയ ദർശന സംസ്കാരത്തിന്റെ ഈറ്റില്ലമാണ് തുമ്പോളിപ്പള്ളി.

'മൈനർ ബസിലിക്ക´പദവിയോ മറ്റ് ഉയർന്ന പദവിയോ ലഭിക്കാൻ സാധ്യതയുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന ദേവാലങ്ങളിൽ ഒന്നാണ് തുമ്പോളി പള്ളി.

പോർട്ടുഗീസ്കാർ അന്ന് കേരളത്തിൽ നിർമ്മിച്ചിരിക്കുന്ന ദേവാലയങ്ങളിൽ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് തുമ്പോളി പള്ളി.

തുമ്പോളിയിൽ ഇപ്പോൾ കാണുന്ന പള്ളി AD 1700ൽ നിർമ്മാണം ആരംഭിച്ച് AD-1730ൽ നിർമ്മാണം പൂർത്തികരിച്ച ദേവാലയമാണ്.

തുമ്പോളി പള്ളിക്ക്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണമുണ്ട്. ആലപ്പുഴ ജില്ലയിലെയും, രൂപതയിലെയും വളരെ പ്രധാനപ്പെട്ട തീർത്ഥാടന ദേവാലയമാണിത്.

അനുദിന തിരുകർമ്മ വിവരങ്ങൾ

ഞായർ: രാവിലെ 5.00 ന് പ്രഭാത പ്രാർത്ഥന , ജപമാല , 6.00 Am ന് ദിവ്യബലി , 8.30 Am ന് ദിവ്യബലി , വൈകിട്ട് 5.30 ന് ദിവ്യബലി..

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5.30 ന് പ്രഭാത പ്രാർത്ഥന , ജപമാല , 6.30 Am ന് ദിവ്യബലി , വൈകിട്ട് 5.30 ന് ദിവ്യബലി. വ്യാഴം - വൈകിട്ട് 5.10 ന് വിശുദ്ധ തോമശ്ലീഹയുടെ നൊവേന, ദിവ്യബലി.

എല്ലാ ശനിയാഴ്ചകളിലും ദൈവമാതാവായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ (തുമ്പോളി മാതാവിന്റെ) പ്രത്യേക മാധ്യസ്ഥ സഹായം നേടുന്നതിനും അനുഗ്രഹങ്ങൾ ലഭിക്കുന്നതിനുമായുള്ള ദിവസം. രാവിലെ 5.30 ന് പ്രഭാത പ്രാർത്ഥന, ജപമാല,06.30 ന് ദിവ്യബലി ,തുമ്പോളി മാതാവായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ മാധ്യസ്ഥം നേടുന്നതിനായുള്ള നൊവേന. വൈകുന്നേരം 4.15 ന് മാതാവിന്റെ നൊവേന, ദിവ്യബലി , ആരാധന, നേർച്ചകഞ്ഞി വിതരണം.

രണ്ടാം ശനി - രാവിലെ 5.30ന് പ്രഭാത പ്രാർത്ഥന, ജപമാല 06.30 ന് ദിവ്യബലി, നൊവേന 11.00 ന് - മാതാവിന്റെ നൊവേന, ദിവ്യബലി, ആരാധന,നേർച്ചക്കഞ്ഞി വിതരണം. വൈകിട്ട് 4.15 ന് മാതാവിന്റെ നൊവേന, ദിവ്യബലി,ആരാധന. ഒട്ടനവധി ജനങ്ങൾ ഈ നൊവേനയിലും വിശുദ്ധ കുർബാനയിലും ആരാധനയിലും പങ്കെടുത്ത് അനുഗ്രഹങ്ങളും മധ്യസ്ഥവും നേടുന്നതിനുമായി ഇവിടെ എത്തുന്നു. രോഗശാന്തി നേടൽ, സന്താനലബ്ധി, വിവാഹതടസം മാറാൻ, ജോലി ഇല്ലാത്തവർക്ക് അനുയോജ്യമായ ജോലി ലഭിക്കുവാൻ, സാമ്പത്തിക പ്രശ്നംമാറാൻ, കുടുംബ ബുദ്ധിമുട്ടുകൾ മാറുവാൻ, എന്നിവയാണ് ഇവിടെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുന്ന അത്ഭുത അനുഗ്രഹങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26