ഇന്ത്യയുടെ മിസൈൽ വനിത; അഭിമാനമായി മലയാളികളുടെ അ​ഗ്നിപുത്രി

ഇന്ത്യയുടെ മിസൈൽ വനിത; അഭിമാനമായി മലയാളികളുടെ അ​ഗ്നിപുത്രി

ഗ്‌നിപുത്രി എന്നും ഇന്ത്യയുടെ മിസൈൽ വനിത എന്നും വിശേഷിപ്പിക്കുന്ന കേരളത്തിന്റെ അഭിമാന താരമാണ് ‍ഡോ. ടെസി തോമസ്.  പിന്നിട്ട വഴികളിലെല്ലാം നേട്ടത്തിന്റെ ചരിത്രമെഴുതിയ പെൺകരുത്തായ ടെസി തോമസ്  ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിദ്യയുടെ അമരക്കാരിയായിരുന്നു. ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയും ആദ്യ മലയാളിയുമാണ് ടെസി തോമസ്. അടുത്തിടെയാണ് റിട്ടയേർമെൻറ് ജീവിതം ആരംഭിച്ചത്.

തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി. ടെക്ക് ബിരുദവും പുനെയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി യിൽ നിന്ന് എംടെക്കും നേടി. 1988 മുതൽ ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിക്കുന്നു. 3000 കിലോമീറ്റർ ദൂര പരിധിയുള്ള അഗ്നി - 3 മിസൈൽ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ടെസി പങ്കാളിയായിരുന്നു. 2011 ൽ വിജയകരമായി പരീക്ഷിച്ച അഗ്നി - 4 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറും ടെസി തോമസ് ആയിരുന്നു. 2009 ൽ അവർ 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി - 5 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിതയായി. 2012 ഏപ്രിൽ 19 ന് അഗ്നി - 5 മിസൈൽ വിജയ്കരമായി പരീക്ഷിച്ചു.

എഞ്ചിനിയറിങിൽ ബിടെക്ക് പൂർത്തിയാക്കിയപ്പോഴേക്കും മനസിൽ തുമ്പയിലെ ആകാശമായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലെ പ്രിഡിഗ്രി പഠനകാലത്താണ് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്കുള്ള പഠന യാത്ര. തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കിയപ്പോഴും മനസ്സിൽ തുമ്പയിലെ ആകാശമായിരുന്നു. പിന്നെ, ഉപരിപഠനം മിസൈൽ ലോകത്തിലായി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർമമെന്റ് ടെക്നോളജിയിൽ നിന്ന് ഗൈഡഡ് മിസൈൽസിൽ മാസ്റ്റർ ഓഫ് എൻജിനീയറിങ് നേടി. അതേ വിഷയത്തിൽ ഡോക്ടറേറ്റും. 1988 ലാണ് ഹൈദരാബാദിലെ ‍ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ലബോറട്ടറിയിൽ (ഡിആർഡിഎൽ) ചേർന്നത്. പിന്നീടിങ്ങോട്ട് മിസൈൽ രംഗത്തെ അഭിമാനകരമായ പല നേട്ടങ്ങൾക്കും പങ്കാളിയായി. മിസൈലുകളുടെ വികസന ഗവേഷണം നടത്തുന്ന ഗൈഡൻസ് ഡിസൈനിങ് പ്രവർത്തന മേഖലയായി.

 എയറനോട്ടിക്കൽ സിസിറ്റംസ് ക്ലസ്റ്റർ ലബോറട്ടറിയുടെ ഡയറക്ടർ സ്ഥാനം വഹിക്കുന്നതിനിടെ തന്നെ വിവിധ തരത്തിലുള്ള എയർക്രാഫ്റ്റുകളുടെ രൂപകൽപനയ്ക്കും സാങ്കേതിക വികസനത്തിനും നേത‍ൃത്വം നൽകി . സെൽഫ് റിലയൻസ് മികവിനുള്ള ഡിആർഡിഒ അഗ്നി അവാർഡ്, ലാൽബഹദൂർ ശാസ്ത്രി നാഷനൽ അവാർഡ്, കേരള സർക്കാരിന്റെ വനിതാ രത്നം പുരസ്കാരം തുടങ്ങി ഒട്ടേറ പുരസ്കാരങ്ങൾ ഔദ്യോഗിക ജീവിതത്തിൽ സ്വന്തമാക്കിയ ഡോ.ടെസി തോമസിന് ഇന്ത്യയിലെ ഒൻപതു സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.

ഡിആർഡിഒയിൽ ഔദ്യോഗിക ജീവിതം തുടങ്ങുമ്പോൾ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനെപ്പോലെയുള്ള പ്രമുഖരോടൊപ്പം പ്രവർത്തിക്കാനും പ്രശംസകൾ ഏറ്റുവാങ്ങാനും സാധിച്ചു. ‘യുകാൻ ഡു ഇറ്റ്, നിങ്ങൾക്കിത് സാധിക്കും എന്ന അബ്ദുൾ കലാമിന്റെ വാക്കുകൾ നിധിപോലെയാണ് ടെസി തോമസ് കൊണ്ടുനടക്കുന്നത്.

അറബിക്കടലിനും വേമ്പനാട്ടു കായലിനുമിടയിലുള്ള തത്തംപള്ളി എന്ന കൊച്ചു ഗ്രാമത്തിലാണ് ടെസി ജനിച്ചത്. ഒറീസ സ്വദേശിയും ഇന്ത്യൻ നേവിയിൽ എൻജിനീയറുമായ സരോജ്‌കുമാറാണു ടെസിയുടെ ഭർത്താവ്‌. ഇവർക്ക്‌ ഒരു മകനാണ്. സാധാരണ കുടുംബത്തിൽ ജനിച്ചു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചു വളർന്ന ടെസി അസാധാരണ നേട്ടങ്ങളിലേക്കു കുതിച്ചത് ഇച്‌ഛാശക്‌തിയുടെ അഗ്നിച്ചിറകുകളിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.