മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇന്ത്യ ഒരിക്കലും തയ്യാറായിരുന്നില്ല; ട്രംപിന്റെ അവകാശവാദം തള്ളി പാക് വിദേശകാര്യ മന്ത്രി

മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇന്ത്യ ഒരിക്കലും തയ്യാറായിരുന്നില്ല; ട്രംപിന്റെ അവകാശവാദം തള്ളി പാക് വിദേശകാര്യ മന്ത്രി

ഇസ്ലമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് മൂന്നാം കക്ഷിയുടെ മധ്യസ്ഥത തേടാന്‍ ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദര്‍.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള വെടിനിര്‍ത്തല്‍ തന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശ വാദത്തെ പൊളിക്കുന്നതാണ് പാക് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍.

മെയ് മാസത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കുള്ള സാധ്യത അമേരിക്ക മുന്നോട്ടു വെച്ചത്. ഇരുകൂട്ടരും അംഗീകരിക്കുന്ന സ്ഥലത്ത് ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ ജൂലൈയില്‍ നടന്ന ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ അറിയിച്ചതായി ഇഷാഖ് ദര്‍ പറഞ്ഞു. പാകിസ്ഥാനുമായുള്ള പ്രശ്നം പൂര്‍ണമായും ഉഭയകക്ഷി വിഷയമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചുവെന്നും അദേഹം വ്യക്തമാക്കി.

പ്രശ്ന പരിഹാരത്തിനുള്ള മധ്യസ്ഥതയ്ക്കായി അമേരിക്കയോടോ മറ്റേതെങ്കിലും രാജ്യത്തോടോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഷാഖ് ദര്‍ അടുത്തിടെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കനത്ത നഷ്ടങ്ങളുണ്ടായതിനെ തുടര്‍ന്ന് വെടി നിര്‍ത്തലിന് പാകിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നെന്നും ദര്‍ സമ്മതിച്ചു.

ഇന്ത്യയുടെ ആക്രമണത്തില്‍ നിരവധി തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടതോടെയാണ് പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്നും ദറിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്നു.

ആണവ ശക്തികളായ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടി നിര്‍ത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് ദറിന്റെ പരാമര്‍ശം.

മെയ് പത്തിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടി നിര്‍ത്തലിന് തൊട്ടു പിന്നാലെ തന്റെ ഇടപെടല്‍ വിജയം കണ്ടെന്ന് അവകാശപ്പെട്ട് ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിങ് നടത്തിയിരുന്നു.

'അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സമ്പൂര്‍ണവും ഉടനടിയുള്ളതുമായ വെടി നിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു 'ആണവ യുദ്ധം' താന്‍ വ്യക്തിപരമായി തടഞ്ഞുവെന്ന് നിരവധി തവണ പല വേദികളിലായി ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് തന്റെ രാഷ്ട്ര തന്ത്രജ്ഞതയുടെ തെളിവാണെന്ന് യൂറോപ്യന്‍ നേതാക്കളുമായും നാറ്റോ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിലും അദേഹം അവകാശപ്പെട്ടിരുന്നു. ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് പാക് വിദേശകാര്യ മന്ത്രിയുടെ തുറന്നു പറച്ചില്‍.

അതേസമയം മൂന്നാം കക്ഷിയുടെ ഇടപെടലില്‍ പാകിസ്ഥാന് വിരോധമില്ലെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദര്‍ വ്യക്തമാക്കി. ഞങ്ങള്‍ സമാധാനത്തെ സ്നേഹിക്കുന്ന രാജ്യമാണ്. ചര്‍ച്ചകളാണ് മുന്നോട്ടുള്ള വഴി എന്നാണ് വിശ്വസിക്കുന്നത്.

പക്ഷെ, കൈയ്യടിക്കണമെങ്കില്‍ രണ്ട് കൈകള്‍ വേണം. ഇന്ത്യയും കൂടി തയ്യാറായാല്‍ മാത്രമേ അത്തരം ചര്‍ച്ചകള്‍ മുന്നോട്ടു പോകൂ. ഇന്ത്യ അനുകൂലമായി പ്രതികരിച്ചാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദേഹം വ്യക്തമാക്കി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.